16 കാരവനുകളും 31 സഞ്ചാരികളുമായുള്ള ആഗോള യാത്രാസംഘം തലസ്ഥാനത്ത്
തിരുവനന്തപുരം: കേരളത്തിന്‍റെ കാരവന്‍ ടൂറിസം നയത്തിന് ഉണര്‍വ്വേകി 16 കാരവനുകളും 31 സഞ്ചാരികളുമായുള്ള ആഗോള യാത്രാ സംഘം കേരളത്തില്‍. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്ന് ഓസ്ട്രേലിയയിലെ ഡാര്‍വിനിലേക്ക് യാത്ര നടത്തുന്ന ‘ഓട്ടോമൊബൈല്‍ എക്സ്പെഡിഷന്‍’ എന്ന സംഘമാണ് കേരളത്തിന്‍റെ വിനോദസഞ്ചാര സാധ്യതകള്‍ ആസ്വദിക്കാന്‍ എത്തിയത്. തിരുവനന്തപുരത്ത് എത്തിയ സംഘത്തെ മാസ്കറ്റ് ഹോട്ടലില്‍ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്വീകരിച്ചു.
കാരവന്‍ യാത്രികരായ വിദേശ സഞ്ചാരികളുടെ സന്ദര്‍ശനം കേരളത്തിന്‍റെ കാരവന്‍ ടൂറിസം നയം ശരിയായ ദിശയിലാണെന്ന് തെളിയിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. കോവിഡിനു ശേഷം വിദേശ സഞ്ചാരികളെ വലിയ തോതിലുള്ള വരവ് പ്രതീക്ഷിക്കുന്ന കേരളത്തിന് ആഗോള യാത്രാ സംഘത്തിന്‍റെ സന്ദര്‍ശനം പ്രതീക്ഷ പകരുന്നതാണ്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന കാരവന്‍ നയം ടൂറിസം മേഖലയ്ക്കാകെ ഉണര്‍വ്വേകാന്‍ പോന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിലേക്ക് വിദേശ സഞ്ചാരികളെ സ്വാഗതം ചെയ്ത മന്ത്രി യാത്രാ ഷെഡ്യൂളില്‍ സംസ്ഥാനത്തെ ഉള്‍പ്പെടുത്തിയതില്‍ നന്ദി പ്രകടിപ്പിച്ചു.
ഡിസംബര്‍ നാലിന് കേരളത്തില്‍ എത്തിയ സംഘം ആലപ്പുഴയുടെ കായല്‍സൗന്ദര്യവും ഹൗസ് ബോട്ടിലെ താമസവും ആസ്വദിച്ചു. പിറ്റേന്ന് കുമളിയും തേക്കടിയും സന്ദര്‍ശിച്ച് ബോട്ടിംഗ് സഫാരി നടത്തി. കാരവന്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിന്‍റെ പദ്ധതിയെയും ആതിഥ്യമര്യാദയെയും കുറിച്ച് മികച്ച അഭിപ്രായം പ്രകടിപ്പിച്ച യാത്രികര്‍ കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങളെയും മികച്ച ഗതാഗത സൗകര്യങ്ങളെയും കുറിച്ചും മതിപ്പ് പ്രകടിപ്പിച്ചു.
ഈ വര്‍ഷം ജൂലൈയില്‍ ആരംഭിച്ച യാത്രയില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന് 16 ഉം ജര്‍മ്മനിയില്‍ നിന്ന് 14 ഉം റഷ്യയില്‍ നിന്ന് ഒരാളും ഉള്‍പ്പെടെ ആകെ 31 സഞ്ചാരികളാണുള്ളത്. ഒരു വര്‍ഷം നീളുന്ന യാത്രയില്‍ 17 രാജ്യങ്ങളിലൂടെ 50,000 കിലോമീറ്ററാണ് സംഘം താണ്ടുക. ജര്‍മ്മനിയില്‍ നിന്നുള്ള നാലംഗ ടൂര്‍ ഓപ്പറേറ്റര്‍മാരും രണ്ട് ഇന്ത്യന്‍ ടൂര്‍ ഗൈഡുകളും യാത്രയെ സഹായിക്കുന്നു. ടീമിലെ പല അംഗങ്ങളും വര്‍ഷങ്ങളായി കാരവനുകളില്‍ ലോകമെമ്പാടും സഞ്ചരിക്കുന്നവരാണ്. ജര്‍മ്മനി ആസ്ഥാനമായുള്ള ടൂര്‍ ഓപ്പറേറ്ററായ അബെന്‍ച്വര്‍ ടൂറെന്‍ ആണ് യാത്ര സംഘടിപ്പിച്ചിട്ടുള്ളത്.
വിവിധ ഏഷ്യന്‍ രാജ്യങ്ങള്‍ സഞ്ചരിച്ച സംഘം പഞ്ചാബിലെ വാഗാ അതിര്‍ത്തി വഴിയാണ് ഇന്ത്യയിലേക്ക് പ്രവേശിച്ചത്. കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി സംഘം ഇന്ന് (ഡിസംബര്‍ 8) കന്യാകുമാരിയിലേക്ക് തിരിക്കും. തുടര്‍ന്ന് ഇന്ത്യയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കൊല്‍ക്കത്ത വഴി നേപ്പാളിലേക്ക് പോകും.
വാഗാ ബോര്‍ഗര്‍ (പഞ്ചാബ്) അമൃത്സര്‍, ചണ്ഡീഗഡ്, ഡല്‍ഹി, ഭരത്പൂര്‍, ആഗ്ര, ജയ്പൂര്‍, പുഷ്കര്‍, ദേശ്നോക്ക്, ജയ്സാല്‍മീര്‍, സിനര്‍, ജോധ്പൂര്‍, രണക്പൂര്‍, ഉദയ്പൂര്‍, ഉജ്ജയിന്‍, മാണ്ടു, അജന്ത, എല്ലോറ, മുംബൈ, ഗോവ, ബദാമി, ഹംപി, മൈസൂരു തുടങ്ങിയ സ്ഥലങ്ങള്‍ സംഘം ഇന്ത്യയില്‍ ഇതുവരെ സന്ദര്‍ശിച്ചു.