October 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജപ്പാനിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ എത്തുന്നത് സൗദി, യുഎഇ രാജ്യങ്ങളില്‍ നിന്ന്

  • ജപ്പാന്റെ ഏറ്റവും വലിയ ഇന്ധന ദാതാവെന്ന സ്ഥാനം സൗദി അറേബ്യ നിലനിര്‍ത്തി

  • ജനുവരിയില്‍ 36.54 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് സൗദിയില്‍ നിന്നും ജപ്പാനിലേക്ക് എത്തിയത്

ടോക്യോ: ജപ്പാന്റെ ഏറ്റവും വലിയ ഇന്ധന ദാതാവ് എന്ന സ്ഥാനം കഴിഞ്ഞ ജനുവരിയിലും സൗദി അറേബ്യ നിലനിര്‍ത്തി. 36.54 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ജനുവരിയില്‍ സൗദി ജപ്പാനിലേക്ക് കയറ്റുമതി ചെയ്തത്. ജപ്പാന്റെ മൊത്തം എണ്ണ ഇറക്കുമതിയുടെ 45.7 ശതമാനം വരുമിത് .

ജനുവരിയില്‍ ജപ്പാന്‍ ആകെ 80.01 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തതെന്ന് ധനമന്ത്രാലയത്തിന് കീഴിലുള്ള പ്രകൃതി വിഭവ, ഊര്‍ജ ഏജന്‍സി വ്യക്തമാക്കി. ഇതില്‍ 93.5 ശതമാനവും ഏഴ് അറബ് രാജ്യങ്ങളില്‍ നിന്നുമാണ് ഇറക്കുമതി ചെയ്തത്. യുഎഇയില്‍ നിന്ന് 24.25 ദശലക്ഷം ബാരലും (30.3 ശതമാനം) ഖത്തറില്‍ നിന്ന് 6.189 ദശലക്ഷം ബാരലും (7.7 ശതമാനം) എണ്ണ ഇറക്കുമതി ചെയ്തു. കുവൈറ്റില്‍ നിന്നും ജപ്പാനിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ജനുവരിയില്‍ 4.4 ദശലക്ഷം ബാരല്‍ (5.6 ശതമാനം) ആയിരുന്നു. അതേസമയം ബഹ്‌റൈനില്‍ നിന്ന് 1.85 മില്യണ്‍ ബാരലും (2.3 ശതമാനം), ഒമാനില്‍ നിന്ന് 1.31 ദശലക്ഷം ബാരലും (1.6 ശതമാനം) ക്രൂഡ് ഓയില്‍ ജനുവരിയില്‍ ജപ്പാന്‍ ഇറക്കുമതി ചെയ്തു. മൊത്തം ക്രൂഡ് ഇറക്കുമതിയുടെ 0.3 ശതമാനം അള്‍ജീരിയയില്‍ നിന്നായിരുന്നു.

സൗദി അറേബ്യയും കുവൈറ്റും അതിര്‍ത്തി പങ്കിടുന്ന നാച്ചുറല്‍ സോണില്‍ നിന്ന് 185,643 ബാരല്‍ (0.2 ശതമാനം) എണ്ണ ഇറക്കുമതി ചെയ്തിട്ടുണ്ട്. മൊത്തം ഇറക്കുമതിയുടെ 2.9 ശതമാനം (2.30 ദശലക്ഷം ബാരല്‍) റഷ്യയില്‍ നിന്നാണ് വന്നത്. അതേസമയം അമേരിക്കയില്‍ നിന്നും ജപ്പാനിലേക്കുള്ള എണ്ണ ഇറക്കുമതി ജനുവരിയില്‍ മൊത്തം ഇറക്കുമതിയുടെ 0.6 ശതമാനമായിരുന്നു. ഇക്വഡോറില്‍ നിന്നും 740,000 ബാരല്‍ ക്രൂഡ് ഓയില്‍ ജനുവരിയില്‍ ജപ്പാനിലെത്തിയിട്ടുണ്ട്. തെക്ക് കിഴക്കന്‍ ഏഷ്യ രാജ്യങ്ങള്‍, വിയറ്റ്‌നാം, തായ്‌ലന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നും ജനുവരിയില്‍ 1.2 ദശലക്ഷം ബാരല്‍ (1.5 ശതമാനം) എണ്ണ ജപ്പാനില്‍ എത്തിയിട്ടുണ്ട്.

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ടെഹ്‌റാനുമായി ബന്ധമുള്ള ജപ്പാന്‍ എണ്ണ, ഊര്‍ജ കമ്പനികള്‍ക്കെതിരെ അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ഇതിന് മുമ്പ് ജപ്പാന്റെ ഇന്ധന ആവശ്യങ്ങളില്‍ അഞ്ച് ശതമാനം ഇറാനാണ് നിര്‍വ്വഹിച്ചിരുന്നത്.

Maintained By : Studio3