Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എന്‍സിബി, സാംബ ലയനത്തിന് ഓഹരിയുടമകളുടെ അംഗീകാരം; സൗദി നാഷണല്‍ ബാങ്ക് എപ്രിലോടെ 

1 min read

ലയനത്തോടെ രൂപീകരിക്കപ്പെടുന്ന പുതിയ ബാങ്കിന് മൊത്തത്തില്‍ 220 ബില്യണ്‍ ഡോളറിലധികം ആസ്തി ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. 

ജിസിസി മേഖലയിലെ മൂന്നാമത്തെ വലിയ ബാങ്കായിരിക്കും സൗദി നാഷണല്‍ ബാങ്ക്

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ബാങ്കുകളായ നാഷണല്‍ കൊമേഴ്‌സ്യല്‍ ബാങ്ക് (എന്‍സിബി), സാംബ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് (സാംബ) എന്നിവയുടെ ലയനത്തിന് ഓഹരിയുടമകളുടെ പച്ചക്കൊടി. ലയനത്തോടെ രൂപീകൃതമാകുന്ന രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനം സൗദി നാഷണല്‍ ബാങ്ക് എന്ന പേരില്‍ അടുത്ത മാസം ആദ്യം പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സൂചന.

സൗദി കേന്ദ്രബാങ്കായ സമ, ജനറല്‍ അതോറിറ്റി ഫോര്‍ കോംപെറ്റീഷന്‍ (ജിഎസി), കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌സ് അതോറിട്ടി (സിഎംഎ), സൗദി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (തദാവുള്‍) എന്നീ സ്ഥാപനങ്ങളില്‍ നിന്നും ലയനത്തിന് അനുമതി ലഭിച്ചതിന് ശേഷമാണ് സാംബ, എന്‍സിബി ലയനത്തിന് ഓഹരിയുടമകളുടെയും അംഗീകാരം ലഭിച്ചിരിക്കുന്നത്. സാംബ ചെയര്‍മാന്‍ അമ്മര്‍ അല്‍ഖുദൈരി സൗദി നാഷണല്‍ ബാങ്ക് ചെയര്‍മാനായും എന്‍സിബി ചെയര്‍മാന്‍ സയീദ് അല്‍-ഗംദി ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറും ആയി നിയമിക്കപ്പെടുമെന്നാണ് ലഭിക്കുന്ന സൂചന.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

ലയനം പൂര്‍ത്തിയാകുന്നതോടെ എല്ലാ മേഖലകളിലും 30 ശതമാനം വിപണി പങ്കാളിത്തത്തോടെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി സൗദി നാഷണല്‍ ബാങ്ക് മാറും. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ആസ്തിയില്‍ സൗദിയിലെ ഏറ്റവും വലിയ ബാങ്കായ എന്‍സിബി 15 ബില്യണ്‍ ഡോളറിന് സാംബ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിനെ ഏറ്റെടുക്കുന്ന കാര്യം പ്രഖ്യാപിച്ചത്. സാംബയുടെ ഓഹരിയൊന്നിന് 28.45 സൗദി റിയാല്‍ എന്ന കണക്കിലുള്ളതായിരുന്നു ഇടപാട്. ലയനത്തോടെ രൂപീകരിക്കപ്പെടുന്ന പുതിയ ബാങ്കിന് മൊത്തത്തില്‍ 220 ബില്യണ്‍ ഡോളറിലധികം ആസ്തി ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ജിസിസി മേഖലയിലെ മൂന്നാമത്തെ വലിയ ബാങ്കായിരിക്കും സൗദി നാഷണല്‍ ബാങ്ക്.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

ലയനത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി മൂലധനം 30 ബില്യണ്‍ റിയാലില്‍ നിന്നും 44.78 ബില്യണ്‍ റിയാലാക്കി വര്‍ധിപ്പിക്കാന്‍ സിഎംഎ എന്‍സിബിക്ക് അനുമതി നല്‍കിയിരുന്നു. ഓരോ എന്‍സിബി ഓര്‍ഡിനറി ഷെയറിനും 0.739 എന്‍സിബി ഓര്‍ഡിനറി ഷെയറെന്ന കണക്കിലുള്ള ഓഹരി വെച്ചുമാറ്റത്തിന് സാംബയ്്ക്ക് വേണ്ടി എന്‍സിബി പുതിയ ഓഹരികള്‍ പുറത്തിറക്കുന്നതിനായിരുന്നു ഇത്. ലയനം പ്രാബല്യത്തില്‍ വരുന്നതോടെ സാംബ ഓഹരികള്‍ തദാവുളില്‍ നിന്നും ഡീ-ലിസ്റ്റ് ചെയ്യും. ഇതോടെ സാംബയുടെ ആസ്തികളും ബാധ്യതകളും പ്രവര്‍ത്തനങ്ങളും അടക്കം സൗദി നാഷണല്‍ ബാങ്കിലേക്ക് ലയിക്കും.

എന്‍സിബിയുടെ നിലവിലെ ഓഹരിയുടമകള്‍ക്ക് പുതിയ ബാങ്കില്‍ 67.4 ശതമാനം അവകാശവും സാംബ ഓഹരിയുടമകള്‍ക്ക് 32.6 ശതമാനം അവകാശവുമാണ് ഉണ്ടായിരിക്കുക. രാജ്യത്തെ സോവറീന്‍ വെല്‍ത്ത് ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടായിരിക്കും സൗദി നാഷണല്‍ ബാങ്കിലെ ഏറ്റവും വലിയ ഓഹരിയുടമ. പിഐഎഫിന് പുതിയ ബാങ്കില്‍ 37.2 ശതമാനം ഓഹരികളാണ് ഉണ്ടായിരിക്കുക.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

സൗദിയിലെ ബാങ്കിംഗ് മേഖലയ്ക്ക് ഈ ലയനം പുതിയൊരു നാഴികക്കല്ലായിരിക്കുമെന്നും എല്ലാവരുടെയും ബാങ്കായിരിക്കും സൗദി നാഷണല്‍ ബാങ്കെന്നും അമ്മര്‍ അല്‍ഖുദൈരി പറഞ്ഞു. മികച്ച മൂലധനമുള്ള, വലിയ ബാങ്കെന്ന നിലയില്‍ നിര്‍ണായകമായ അവസരങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുമെന്നും ഖുദൈരി കൂട്ടിച്ചേര്‍ത്തു. അതേസമയം സൗദിയിലെ ബാങ്കിംഗ് മേഖലയെ പുതിയ ബാങ്ക് അടിമുടി മാറ്റുമെന്നും വിഷന്‍ 2030 ലക്ഷ്യങ്ങളിലേക്ക് രാജ്യത്തെ അടുപ്പിക്കുമെന്നും സയീദ് അല്‍-ഗംദി പറഞ്ഞു.

റിയാദ് ബാങ്കുമായി ലയിച്ച് 200 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള പുതിയ സംരംഭമായി മാറാനുള്ള പദ്ധതി ഉപേക്ഷിച്ചതിന് ശേഷമാണ് എന്‍സിബി സാംബ ഇടപാട് ആരംഭിച്ചത്.

Maintained By : Studio3