ഇസ്രയേല്‍ പ്രത്യാക്രമണം;പാലസ്തീനില്‍ മരണം വര്‍ധിക്കുന്നു
1 min readടെല്‍അവീവ്: ഗാസ മുനമ്പില്‍ ഇസ്രയേല്‍ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 103 ആയി ഉയര്‍ന്നു. കൊല്ലപ്പെട്ടവരില്‍ 27 കുട്ടികളും 11 സ്ത്രീകളും ഉള്‍പ്പെടുന്നു. ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമ്പോള്‍ മേഖലയിലെ സ്ഥിതി മുന്‍കാലങ്ങളേക്കാള്‍ വഷളാവുകയാണ്.പലസ്തീന്‍ തീരപ്രദേശത്ത് ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണവും പീരങ്കി ഷെല്ലാക്രമണവും മൂലം 580 പേര്‍ക്ക് പരിക്കേറ്റതായി ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു.വ്യാഴാഴ്ച വൈകുന്നേരം ഹമാസിന്‍റെ സായുധ വിഭാഗമായ അല്‍-കസം ബ്രിഗേഡുകളും മറ്റ് തീവ്രവാദ ഗ്രൂപ്പുകളും ഗാസ മുനമ്പില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം നടത്തിയതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വടക്കന്‍ ഗാസയിലെ ബെയ്റ്റ് ഹനൗണ്‍ പട്ടണത്തിലും ജബാലിയ പ്രദേശത്തും ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ടെന്നും ഇവിടെ 11 പാലസ്തീനികള്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. തിങ്കളാഴ്ച മുതല്‍ വടക്കന്‍, മധ്യ, തെക്കന്‍ ഇസ്രയേല്‍ പട്ടണങ്ങളില്‍ നിന്ന് 1,700 ലധികം റോക്കറ്റുകള്‍ തീവ്രവാദികള്‍ പ്രയോഗിച്ചതായി അല്‍-കസം ബ്രിഗേഡ്സും അറിയിച്ചു. ഗാസ മുനമ്പില്‍ 750 വ്യത്യസ്ത ലക്ഷ്യങ്ങള്‍ സൈന്യം ആക്രമിച്ചതായി ഇസ്രയേല്‍ സൈനിക വക്താവും വിശദീകരിച്ചു. 33 ഭൂഗര്‍ഭ തുരങ്കങ്ങള്‍, 160 ഉള്‍ച്ചേര്‍ത്ത റോക്കറ്റ് ലോഞ്ചറുകള്‍, നാല് ബഹുനില കെട്ടിടങ്ങള്‍, 60 തീവ്രവാദ പ്രവര്‍ത്തകര്‍ എന്നിവയായിയിരുന്നു ലക്ഷ്യങ്ങള്‍. വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഹമാസ് നേതാക്കളെയും ഇസ്രയേല്‍ ലക്ഷ്യമിട്ടിരുന്നു.
ഇസ്രായേല്‍ നഗരങ്ങളായ അഷ്ദോഡ്, അഷ്കെലോണ്‍ എന്നിവിടങ്ങളില്‍ തീവ്രവാദികള്‍ 90 റോക്കറ്റുകള്‍ ഒരേസമയം വിക്ഷേപിച്ചതായി അല്‍-ഖസം ബ്രിഗേഡ്സ് വക്താവ് അബു ഒബീദ പറഞ്ഞു. ഉത്തര, തെക്കന്‍ ഗാസയില്‍ സുരക്ഷിതമായ സിവിലിയന്‍ വീടുകളെ ലക്ഷ്യമിട്ടതിന് മറുപടിയായാണ് ഈആക്രമണം നടത്തിയതെന്ന് ഒബീദ കൂട്ടിച്ചേര്‍ത്തു. ഇസ്രയേലും ഗാസയിലെ തീവ്രവാദികളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന് കരുതുന്നതിനാല്‍ ഇസ്രയേല്‍ സര്‍ക്കാര്‍ ഗാസയില്‍ വന്‍ തോതിലുള്ള പ്രത്യാക്രമണത്തിന് പദ്ധതി തയ്യാറാക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഗാസ മുനമ്പില്‍ സൈനിക ആക്രമണം നടത്തുന്നതിനെതിരെ തന്‍റെ സംഘം ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ഒബീദ പറഞ്ഞു.”ദൈവത്തിന്‍റെ പിന്തുണയോടെ ശത്രുവിനെ കഠിനമായ പാഠങ്ങള്‍ പഠിപ്പിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്,” വക്താവ് കൂട്ടിച്ചേര്‍ത്തു.കിഴക്കന്‍ ജറുസലേമിലെ ഷെയ്ഖ് ജറ പ്രദേശങ്ങളില്‍ നിന്ന് ചില പാലസ്തീന്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഇസ്രായേല്‍ പദ്ധതിയുടെ ഫലമായാണ് ഇപ്പോള്‍ സംഘട്ടനം പൊട്ടിപ്പുറപ്പെട്ടത്. റമദാനോട് അനുബന്ധിച്ച് ജനങ്ങള്‍ കൂട്ടം കൂടുന്നത് തടഞ്ഞതിനെത്തുടര്‍ന്ന് സ്ഥിതികൂടുതല്‍ മോശമായി.
160ഓളം യുദ്ധവിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്ന് കരസേന വക്താവ് ജോനാഥന്‍ കോണ്‍റിക്കസ് പറഞ്ഞു. ഗാസ മുനമ്പില്‍ ഹമാസ് പ്രവര്‍ത്തിപ്പിക്കുന്ന തുരങ്കങ്ങളുടെ ശൃംഖല തകര്‍ക്കാനായിരുന്നു ഈ ആക്രമണം. 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൗത്യത്തില്‍ 40 ഓളം ടാങ്കുകളും പങ്കെടുത്തതായി കരസേന വക്താവ് പറഞ്ഞു.മെട്രോ എന്ന് പേരിട്ടിരിക്കുന്ന തുരങ്ക സംവിധാനം നഗരത്തിന് കീഴിലുള്ള ഒരു നഗരമായി പ്രവര്‍ത്തിക്കുന്നു. ഈ ശൃംഖലയ്ക്ക് സംഭവിച്ച നാശത്തിന്‍റെ വ്യാപ്തി വ്യക്തമല്ല.ചരക്കുകളെയും ആളുകളെയും അകത്തേക്കും പുറത്തേക്കും മാറ്റുന്നതിന് ഗാസ മുനമ്പില്‍ തുരങ്ക ശൃംഖല പ്രധാനമാണ്. ആക്രമണത്തിനായി ഇസ്രയേല്‍ പ്രദേശത്തേക്ക് തീവ്രവാദികളെ കടത്താന്‍ ഹമാസ് ഉപയോഗിക്കുന്ന തുരങ്കങ്ങളെ ഇസ്രയേല്‍ എപ്പോഴും ലക്ഷ്യമിടുന്നു.
2008 മുതല്‍ ഇസ്രായേലി, ഹമാസ് സൈന്യം മൂന്ന് യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതിനുമുമ്പ് 2014ല്‍ നടന്ന ഏറ്റുമുട്ടല്‍ 70 ഇസ്രയേലികളുടെയും 2,100 പാലസ്തീനികളുടെയും ജീവന്‍ അപഹരിച്ചു.