August 22, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്വര്‍ണ്ണ നിക്ഷേപത്തിന്റെ പ്രസക്തി വര്‍ധിക്കുന്നതെന്തുകൊണ്ട്?

1 min read

  • സുമിത് ഭട്‌നാഗര്‍
    (ഫണ്ട് മാനേജര്‍-ഇക്വിറ്റി, എല്‍ഐസി മ്യൂച്വല്‍ഫണ്ട് എഎംസി)

രണ്ടായിരത്തി ഇരുപതുവരെയുള്ള ഒരു പതിറ്റാണ്ടു കാലം പല നിക്ഷേപകരുടേയും മനസില്‍ തങ്ങി നിന്ന ഒരു ചോദ്യം ഇതായിരുന്നു : സ്വര്‍ണ്ണ വില എന്നെങ്കിലും ഔണ്‍സിന് 2000 ഡോളറിനു മുകളില്‍ പോകുമോ? രണ്ടു പതിറ്റാണ്ടു മുമ്പ് സ്വര്‍ണ്ണ വില എന്നും ഈ പരിധിയ്ക്കു താഴെയായിരുന്നു. സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പത്രങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി സ്വര്‍ണ്ണത്തിന്റെ ശക്തമായ പ്രകടനത്തെക്കുറിച്ച് വ്യാപകമായി ചൂണ്ടിക്കാട്ടിയിരുന്നു. 2025ല്‍ ഉടനീളം സ്വര്‍ണ്ണത്തിന്റെ പ്രകടനം പ്രതിമാസ അടിസ്ഥാനത്തില്‍ തന്നെ മെച്ചപ്പെട്ടുകൊണ്ടിരുന്നു. ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ തുടരുന്നതിനാലാണിത്. ഹ്രസ്വകാലയളവില്‍ ഈ ഘടകങ്ങള്‍ സ്വര്‍ണ്ണ വില തളരാതെ നില നിര്‍ത്താനാണിട. ശരാശരി നിക്ഷേപകനെ സംബന്ധിച്ചേടത്തോളം ഈ അസ്ഥിരത പ്രശ്‌നമാണെങ്കിലും അതൊരവസരം കൂടിയാണ്. എക്‌സ്‌ചേഞ്ചിലൂടെ വ്യാപാരം നടക്കുന്ന (ETF s) സ്വര്‍ണ്ണ ഇടിഎഫ് പോലുള്ള ഫണ്ടുകളില്‍ നിക്ഷേപിക്കുകയാണ് ഇതിനുള്ള പ്രായോഗികമായ ഒരു പരിഹാരം.

സ്വര്‍ണ്ണ ഇടിഎഫ് കുതിപ്പിനു പിന്നിലെന്ത് ?

ഗോള്‍ഡ് ഇടിഎഫ് സ്വര്‍ണ്ണത്തിന്റെ സമകാലിക ലാഭ സാധ്യതയും ആധുനിക ധനകാര്യ സംവിധാനങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നു. ആഗോള അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കേ തന്നെ സ്വര്‍ണ്ണത്തിന്റെ കുതിപ്പില്‍ നിന്ന് ലാഭം പ്രതീക്ഷിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സാധ്യതയായി ഇവ മാറിക്കഴിഞ്ഞു. കഴിഞ്ഞ 6 മാസമായി ഗോള്‍ഡ് ഇടിഎഫില്‍ നിന്നുള്ള വരവ് കൂടിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2023 കാലത്ത് ഇത് നേരെ എതിരായിരുന്നു. ലോക ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകളനുസരിച്ച് വര്‍ഷത്തെ ഏറ്റവും വലിയ പണമൊഴുക്കാണ് ഈ വര്‍ഷത്തെ ആദ്യ 6 മാസങ്ങളില്‍ ഗോള്‍ഡ് ഇടിഎഫുകളിലൂടെ ഉണ്ടായത്. സാമ്പത്തിക സൂചനകള്‍ക്കനുസരിച്ച് സ്ഥാപനങ്ങളുടേയും ചെറുകിട നിക്ഷേപകരുടേയും പോര്‍ട്‌ഫോളിയോകളില്‍ തന്ത്രപരമായ വിന്യാസത്തിലൂടെയാണ് സ്വര്‍ണ്ണത്തിന് ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടായി. ആഗോള തലത്തില്‍ സ്വര്‍ണ്ണ നിക്ഷേപത്തിന്റെ 28 ശതമാനവും ഏഷ്യന്‍ നിക്ഷേപകരില്‍ നിന്നാണെന്നും ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകളില്‍ നിന്ന് വ്യക്തമാണ്. ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകളുടെ സംഘടനയായ AMFI യുടെ പ്രതിമാസ അവലോകനത്തില്‍ (2025 ജൂണ്‍) പറയുന്നത് നിഷ്‌ക്രിയ ഫണ്ട് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പണം ഒഴുകിയെത്തിയത് ഗോള്‍ഡ് ഇടിഎഫുകളിലാണെന്നാണ്. 2,081 കോടി രൂപ. സമകാലിക ആഗോള സാഹചര്യത്തില്‍ റിസ്‌ക് ഒഴിവാക്കാനുള്ള നിക്ഷേപകരുടെ താല്‍പര്യം കൂടിയാണ് ഈ വര്‍ധനവിനു പിന്നില്‍. ഇതിനു നിദാനമായ പല അടിയൊഴുക്കുകളുണ്ട്. ഒന്നാമതായി, കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ്ണശേഖരം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത് സ്വര്‍ണ്ണത്തിന്റെ ദീര്‍ഘകാല മൂല്യത്തിലുള്ള വിശ്വസം വര്‍ധിക്കാനിടയാക്കി. രണ്ടാമതയി, ഓഹരി വിപണിയിലെ വാല്യുവേഷന്‍ സമ്മര്‍ദ്ദത്തിലാവുകയും സാമ്പത്തിക സ്ഥിതിയും ധനകാര്യ സാഹചര്യങ്ങളും പലിശ കുറയ്‌ക്കേണ്ട സാഹചര്യത്തിലേക്കു വിരല്‍ ചൂണ്ടുന്നു എന്നതും.

  'മില്‍മ കൗ മില്‍ക്ക്' 1 ലിറ്റര്‍ ബോട്ടില്‍ വിപണിയില്‍

വൈവിധ്യവല്‍ക്കരണത്തിന് ഏറ്റവും അനുയോജ്യം ഇടിഎഫ്

പോര്‍ട്ഫാളിയോ വിന്യാസത്തില്‍ സ്വര്‍ണത്തിന് എന്നും നിര്‍ണ്ണായക സ്ഥാനമുണ്ട്. ഓഹരികള്‍, സ്ഥിര നിക്ഷേപം തുടങ്ങിയ പരമ്പരാഗത ആസ്തി വര്‍ഗങ്ങളുമായി അതിനുള്ള കുറഞ്ഞ പരസ്പര ബന്ധം വിപണിയിലെ പ്രതിസന്ധികളില്‍ താങ്ങായിത്തീരുന്നു. ഇതിന്റെ ഏറ്റവും പ്രസക്തമായ ഉദാഹരണമാണ് 2022ലുണ്ടായത്. ആഗോള ഓഹരികള്‍ രണ്ടക്ക നഷ്ടം നേരിട്ടപ്പോള്‍, സ്വര്‍ണം അതിന്റെ മൂല്യം നിലനിര്‍ത്തുന്നതില്‍ വിജയിച്ചു. 2025ല്‍ സാമ്പത്തിക സൂചകങ്ങള്‍ സ്വര്‍ണത്തിന്റെ പങ്ക് കൂടുതല്‍ പ്രസക്തമാക്കിത്തീര്‍ത്തു. ഉല്‍പാദനം വര്‍ധിയ്ക്കാതെ ഉണ്ടാകുന്ന നാണയപ്പെരുപ്പം, കറന്‍സി അസ്ഥിരതകള്‍, തുടരുന്ന മേഖലാ സംഘര്‍ഷങ്ങള്‍ എന്നിവയുടെ സാഹചര്യത്തില്‍ ആസ്്തി വിന്യാസം തുടര്‍ച്ചയായി പരിശോധിക്കപ്പെടേണ്ടതുണ്ട്. ഈ പശ്ചാത്തലത്തില്‍ സ്വര്‍ണ ഇടിഎഫുകള്‍ പണലഭ്യതയും സുതാര്യതയും ഒരു പോലെ വാഗ്ദാനം ചെയ്യുന്നു. ഇടിഎഫുകള്‍ യഥാര്‍ത്ഥ വിലയില്‍ തന്നെയാണ് ട്രേഡ് ചെയ്യപ്പെടുന്നത്. ട്രേഡിംഗില്‍ പ്രവേശിക്കാനം പുറത്തു കടക്കാനും ഒട്ടും പ്രയാസമില്ല. ഇക്കാരണങ്ങളാല്‍ യുവ നിക്ഷേപകര്‍ക്കും ചലനാത്മകമായ പോര്‍ട്‌ഫോളിയോകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കും ഇടിഎഫുകള്‍ ഒരു പോലെ ആകര്‍ഷകമായിത്തീരുന്നു.

  റിലയന്‍സ് സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം

നിക്ഷേപപോര്‍ട്‌ഫോളിയോയില്‍ സ്വര്‍ണത്തിന്റെ പങ്ക്

സ്വര്‍ണ വില 2025 ജൂലൈയില്‍ ഔണ്‍സിന് 3,332 ഡോളര്‍ എന്ന ഉയരത്തിലെത്തി. ഇന്ത്യയില്‍ വില ഒരു ലക്ഷം രൂപ കടക്കുമെന്നു കരുതുന്നവരുണ്ട്. വരാനിരിക്കുന്ന ഉത്സവസീസണ്‍ കാത്തിരിക്കയാണ് ആഭരണ വ്യാപാരികള്‍. ഇവിടെയാണ് ഇടിഎഫിന്റെ പ്രസക്തി. ഡിജിറ്റല്‍ ലോകത്ത് വിഹരിക്കുന്ന ചെറുപ്പക്കാരായ നിക്ഷേപകരാണ് ഇടിഎഫുകള്‍ കൂടുതല്‍ ജനപ്രിയമാക്കിയത്. നിക്ഷേപകര്‍ക്ക്് സ്വര്‍ണം നേരിട്ട് കൈകാര്യം ചെയ്യുന്നതില്‍ നിന്നുള്ള മോചനവും ഇത് സാധ്യമാക്കുന്നു. സ്വര്‍ണക്കുതിപ്പിന്റെ ഭാഗമായ ഇടിഎഫ് ആഭിമുഖ്യം യാദൃശ്ചികമല്ല. പ്രതിരോധ കവചം മാത്രമായല്ല, സ്ഥിരതയും പ്രതിരോധവും ഉറപ്പാക്കുന്ന തന്ത്രപരമായ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിനു ലഭിച്ച അംഗീകാരം വലുതാണ്. പത്തു വര്‍ഷത്തോളമായി 2000 ഡോളറില്‍ താഴെ പോയിട്ടില്ല സ്വര്‍ണ്ണത്തിന്റെ വില. വ്യാപാരത്തിന്റെ വൈപുല്യവും നിക്ഷേപ അക്കൗണ്ടുകളുടെ എണ്ണവും കാണിക്കുന്നത് സ്വര്‍ണ്ണത്തോടു നിക്ഷേപകര്‍ പ്രദര്‍ശിപ്പിക്കുന്നത് ഭ്രമം മാത്രമല്ലെന്നാണ്. 2025 അവസാനിക്കാന്‍ ഇനിയും അഞ്ചു മാസം ബാക്കി നില്‍ക്കേ, അനിശ്ചിതത്വങ്ങളും, വ്യാപാര യുദ്ധങ്ങളും, രാഷ്ട്രീയ സംഘര്‍ഷങ്ങളും തുടരുക തന്നെയാണ്. സ്വര്‍ണം സുരക്ഷിത ആസ്തി മാത്രമല്ല, പോര്ട്‌ഫോളിയോ വൈവിധ്യവല്‍ക്കരണത്തിലെ നിര്‍ണ്ണായക പങ്കാളി കൂടിയാണ്. സാധാരണ നിക്ഷേപകനെ സംബന്ധിച്ചേടത്തോളം ഇത് സ്വര്‍ണ്ണത്തിന്റെ ആകര്‍ഷണീയത ഇരട്ടിയാക്കുന്നു. ഗൗരവത്തോടെ നിക്ഷേപത്തെ സമീപിക്കുന്നവര്‍ക്ക് , സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും പ്രായോഗിക സമീപനമാണ് ഇടിഎഫുകള്‍. മാത്രമല്ല, ആധുനിക നിക്ഷേപകന്റെ മുന്‍ഗണനകളായ അനായാസത, വളര്‍ച്ച, സുരക്ഷിതത്വം എന്നീ ഘടകങ്ങളും അവയെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു.

  13,306 സ്റ്റാര്‍ട്ടപ്പുകളും 8,000 ത്തില്‍പ്പരം കോടി രൂപയുടെ നിക്ഷേപവുമായി കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥ

(മൂച്വല്‍ ഫണ്ട് നിക്ഷേപം വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കു വിധേയമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സശ്രദ്ധം വായിക്കുക)

Maintained By : Studio3