കേരളം ഉത്പാദക ശക്തി കേന്ദ്രമാകും: എപിഎം മുഹമ്മദ് ഹനീഷ്
തിരുവനന്തപുരം: ഇന്ത്യ ഒരു വന്‍ സാമ്പത്തിക ശക്തിയായി മാറുന്ന സാഹചര്യത്തില്‍ ഭാവിയെ നിര്‍വചിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളെ സംയോജിപ്പിച്ച് രാജ്യത്തിന്‍റെ ഉത്പാദക ശക്തിയാകാന്‍ കേരളം തന്ത്രങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കുകയാണെന്ന് വ്യവസായ-വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. ഇന്ത്യ ലോകത്തിലെ ഒരു വന്‍ സാമ്പത്തിക ശക്തിയായി മാറണം. നമ്മുടെ രാജ്യം ആ നേട്ടത്തിലേക്കെത്തുമ്പോള്‍ കേരളം അതിന്‍റെ ഏറ്റവും ഊര്‍ജ്ജസ്വലമായ ഭാഗമാകണം. ഇതിനായി പുതിയ പ്രവര്‍ത്തന രീതികളും പുത്തന്‍ ആശയങ്ങളും പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാറിന്‍റെ വ്യവസായ നയത്തിന്‍റെ പ്രധാന അന്തസ്സത്ത ഇതാണെന്നും അദ്ദേഹം പറഞ്ഞു. കേരളം ഒരു മികച്ച അവധിക്കാല ഡെസ്റ്റിനേഷനായാണ് പലപ്പോഴും അറിയപ്പെടുന്നത്. തൊഴിലും ജീവിതവും തമ്മിലുള്ള മികച്ച സന്തുലിതാവസ്ഥ പ്രദാനം ചെയ്യുന്ന ഇടമായി സംസ്ഥാനത്തെ കെട്ടിപ്പടുക്കാനാകും.
പരമ്പരാഗത വ്യവസായങ്ങളും ബഹിരാകാശം, ഗ്രാഫീന്‍, നിര്‍മ്മിതബുദ്ധി തുടങ്ങി ആധുനിക- ഭാവി സാധ്യതകളുള്ള വ്യവസായങ്ങളും ഒരുമിച്ച് ഒരേ വഴിയിലൂടെ സഞ്ചരിക്കുമ്പോഴാണ് ആ സന്തുലിതാവസ്ഥയിലേക്ക് എത്തിച്ചേരുക. ഹൈടെക് മേഖലകളില്‍ ശക്തമായ സാന്നിധ്യമാകാന്‍ നിരന്തരമായ പരിശ്രമം ആവശ്യമാണ്. അത് സാധ്യമാണെന്ന് കേരളം തെളിയിച്ചു. ബഹിരാകാശ ദൗത്യങ്ങളിലെ കേരളത്തിന്‍റെ ഇടപെടലുകളില്‍ നിന്ന് ഇത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഐഎസ്ആര്‍ഒയുടെ ഭൗമാന്തര മിഷനുകളിലും ഭൗമ നിരീക്ഷണ ദൗത്യങ്ങളിലും കേരളത്തിന്‍റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. കേരളത്തിലെ 25-ഓളം സ്ഥാപനങ്ങള്‍ ചന്ദ്രയാന്‍ ദൗത്യത്തിന്‍റെ ഭാഗമായിരുന്നു. അത് ലോകമെമ്പാടും പ്രശംസിക്കപ്പെട്ടു. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിന് സമീപം ബഹിരാകാശ പേടകം ഇറക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഇന്ത്യ മാറി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സൃഷ്ടിച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ ലോകമെമ്പാടും പ്രശംസ പിടിച്ചുപറ്റി. അതുപോലെ, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളും അഭിവൃദ്ധിപ്പെട്ടു.
2023-ല്‍ പുറത്തിറക്കിയ കേരളത്തിന്‍റെ പുതിയ വ്യവസായ നയത്തില്‍ നിര്‍മ്മിതബുദ്ധി ഉള്‍പ്പെടുന്ന 22 പ്രധാന മേഖലകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നുണ്ട്. റോബോട്ടിക്സ്, ടൂറിസം ആന്‍റ് ഹോസ്പിറ്റാലിറ്റി, ആയുര്‍വേദം, ബയോടെക്, ലൈഫ് സയന്‍സസ്, മാരിടൈം, ലോജിസ്റ്റിക്സ് തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടതാണ്. ഇതോടെ സാമ്പത്തിക മേഖലകളില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന പരമ്പരാഗത വ്യവസായങ്ങള്‍ക്ക് സുസ്ഥിര ഉത്പന്നങ്ങളുടെ വിപണി വര്‍ദ്ധിക്കുന്നതിനനുസരിച്ച് പുതിയ വ്യവസായങ്ങളായി രൂപാന്തരം സംഭവിക്കുന്നു. കയര്‍, റബ്ബര്‍ തുടങ്ങിയ പരമ്പരാഗത മേഖലകളില്‍ ധാരാളം അവസരങ്ങളാണ് മുന്നിലുള്ളത്. ആഗോള വിപണിയില്‍ കാപ്പി വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു. ഉദാഹരണത്തിന് വയനാട്ടില്‍ നിന്നുള്ള റോബസ്റ്റ കാപ്പിക്കുരു അടുത്തിടെ കോപ്പന്‍ഹേഗനില്‍ നടന്ന വേള്‍ഡ് ഓഫ് കോഫി കോണ്‍ഫറസില്‍ അംഗീകാരം നേടി. ആഗോള വിപണിയിലെ അറബിക്ക ബീന്‍സില്‍ നിന്ന് ഉപഭോക്താക്കള്‍ ഇതര ഇനങ്ങളിലേക്ക് മാറിയതോടെ കേരളത്തിന്‍റെ റോബസ്റ്റയ്ക്ക് വിപണി കണ്ടെത്താനും വ്യാവസായിക സാധ്യതകള്‍ വികസിപ്പിക്കാനുമാകും.
കാപ്പിക്കൃഷി പ്രമോഷന്‍റെ ഭാഗമായി പ്രാദേശിക പിന്തുണ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഒരു കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്ക് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഇത് കാപ്പി കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. അവരുടെ ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കും. റബ്ബര്‍ മേഖലയിലെ മികച്ച ഗവേഷണ- വികസന പ്രവര്‍ത്തനങ്ങളിലൂടെ ഉത്പന്നങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിച്ച് അതിന്‍റെ പാരമ്പര്യ വിപണന രീതികളില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഔഷധ നിര്‍മ്മാണം തുടങ്ങി ബഹിരാകാശം വരെയുള്ള പുതിയ മേഖലകളില്‍ റബ്ബര്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കാനാകും. കോട്ടയം ജില്ലയിലെ വെള്ളൂരില്‍ സ്ഥാപിക്കുന്ന കേരള റബ്ബര്‍ ലിമിറ്റഡ് ആയിരക്കണക്കിന് ചെറുകിട, ഇടത്തരം റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ക്കുള്ള സഹായ കേന്ദ്രമായി പ്രവര്‍ത്തിക്കും. ഗവേഷണ- വികസന സൗകര്യങ്ങളും സ്റ്റാന്‍റേര്‍ഡൈസേഷന്‍ സെന്‍ററുകളും ഇതിനോടനുബന്ധിച്ചുണ്ടാകും. തോട്ടം മേഖലയുടെ പുനരുജ്ജീവനത്തിനായി കോഴിക്കോട് ഐഐഎമ്മിന്‍റെ സഹായത്തോടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. പുതിയ തോട്ടം നയം തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് വ്യവസായ-വാണിജ്യ വകുപ്പ്. തോട്ടം മേഖലയിലെ ഭൂമിയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്താനുള്ള ആലോചനയിലാണ്. തോട്ടങ്ങളുടെ പാരിസ്ഥിതിക മൂല്യം പരിഗണിച്ച് ഇക്കോ ടൂറിസത്തിലൂടെ വരുമാനം വര്‍ധിപ്പിക്കാനും ശ്രമിക്കും. കശുവണ്ടി മേഖലയിലാകട്ടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വിപണി എങ്ങനെ മെച്ചപ്പെടുത്താം എന്നാണ് ആലോചന. കശുവണ്ടിയുടെ നാടായ കൊല്ലത്ത് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനായി പുതിയ രീതികള്‍ അവലംബിക്കുന്നുണ്ട്.
ലോകമെമ്പാടും സുസ്ഥിര വസ്തുക്കളുടെ ആവശ്യം വര്‍ധിച്ചതോടെ കയര്‍ മേഖല വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. ഉപഭോക്തൃ മേഖലയിലെ പ്രധാനികളിലൊന്നായ വാള്‍മാര്‍ട്ട് പോലുള്ള സ്ഥാപനങ്ങള്‍ കേരളവുമായി വാണിജ്യ ബന്ധം സ്ഥാപിക്കുന്നു എന്നത് ശ്രദ്ധേയമാണ്. കേരളത്തില്‍ നിന്ന് അമേരിക്കയിലേക്ക് കയര്‍ കയറ്റുമതി ചെയ്യുന്നതും നേട്ടമാണ്. ചില യൂറോപ്യന്‍ രാജ്യങ്ങളും കേരളത്തിന്‍റെ കയറ്റുമതി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കലാകാരന്‍മാരുടെ കൈകളിലൂടെ സര്‍ഗ്ഗാത്മകത ഇപ്പോഴും നിലനില്‍ക്കുന്ന ഒരു മേഖലയാണ് കരകൗശലവസ്തുക്കളുടെ നിര്‍മ്മാണം. മനുഷ്യന്‍റെ കൈകള്‍ക്ക് പകരം വയ്ക്കാന്‍ യന്ത്രങ്ങള്‍ക്ക് കഴിയില്ല. അതേ സമയം കരകൗശലത്തൊഴിലാളിക്ക് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഉചിതമായ സാങ്കേതികവിദ്യ ലഭ്യമാകുകയും വേണം.
കേരളത്തിലെ ശക്തമായ സാന്നിധ്യമാണ് ആരോഗ്യമേഖല. മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ആരോഗ്യ സാങ്കേതിക വിദ്യയില്‍ നിരവധി മുന്‍നിര സ്ഥാപനങ്ങളിലൂടെ കേരളം ലക്ഷ്യം കൈവരിച്ചു. ലോജിസ്റ്റിക്സ് മേഖലയിലും കേരളത്തിന് മെച്ചപ്പെട്ട വളര്‍ച്ചയുണ്ട്. വിഴിഞ്ഞം തുറമുഖം, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍, മറ്റ് ചെറുകിട തുറമുഖങ്ങള്‍, അഞ്ച് വിമാനത്താവളങ്ങള്‍ തുടങ്ങിയ സാങ്കേതിക സൗകര്യങ്ങള്‍ ലഭ്യമാകുന്നതു കൊണ്ട് തന്നെ ലോജിസ്റ്റിക് കമ്പനികള്‍ക്ക് തഴച്ചു വളരാന്‍ അനുയോജ്യമായ ഒരു ആവാസവ്യവസ്ഥ സംസ്ഥാനത്തിന് ഇന്നുണ്ട്. പുതിയ ആശയങ്ങള്‍ എത്രവേഗം തളിര്‍ത്ത് വളരാന്‍ തുടങ്ങുകയും ചെയ്യുന്നുവോ അത്രയും നല്ലത്. ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സംസ്ഥാനത്തെക്കുറിച്ചുള്ള മുന്‍ധാരണകളില്‍ മാറ്റം സംഭവിക്കാനും അത് പര്യാപ്തമാണ്. മുഹമ്മദ് ഹനീഷ് പറഞ്ഞു നിര്‍ത്തുന്നു.