ഇന്ത്യന്‍ ജീവനക്കാര്‍ അഭിവൃദ്ധിപ്പെടുന്നില്ല; ജോലിയില്‍ കൂടുതല്‍ മുഴുകുന്നു
46 ശതമാനം ജീവനക്കാര്‍ ദിവസേനയുള്ള ആശങ്ക റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, 33 ശതമാനം പേര്‍ ദിവസേനയുള്ള കോപം അനുഭവിക്കുന്നു
ന്യൂഡെല്‍ഹി: 2020ലെ ആഗോള ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ ജീവനക്കാരുടെ ജോലിയിലുള്ള മുഴുകല്‍ കൂടുതലാണെങ്കിലും അവരുടെ ജീവിതത്തിലെ അഭിവൃദ്ധി വേണ്ടത്രയില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. അമേരിക്കന്‍ സര്‍വേ സ്ഥാപനമായ ഗാലപ്പ് നടത്തിയ സര്‍വേയിലാണ് ഈ വെളിപ്പെടുത്തല്‍. ഒരു സാങ്കല്‍പ്പിക ഗോവണിയുടെ 10 പടികളായി അഭിവൃദ്ധിയെ സങ്കല്‍പ്പിച്ച് ഏതുപടിയിലാണ് ജീവനക്കാര്‍ സ്വയം അടയാളപ്പെടുത്തുന്നതെന്ന് സര്‍വേ പരിശോധിച്ചു.
ഏറ്റവും മുകളിലത്തെ പടി ഉയര്‍ന്ന അഭിവൃദ്ധിയെയും ഏറ്റവും താഴത്തെ പടി ഏറ്റവും താഴ്ന്ന അഭിവൃദ്ധിയെയും കാണിക്കുന്നുവെന്നാണ് വിശദീകരിച്ചത്. ഏഴാമത്തെ പടിയും അതിനു മുകളിലും രേഖപ്പെടുത്തിയവര്‍ അഭിവൃദ്ധി നേടുന്നുവെന്നാണ് കണക്കാക്കിയത്. ആഗോള തലത്തില്‍ ശരാശരി 32 ശതമാനം പേര്‍ അഭിവൃദ്ധി പ്രാപിക്കുന്നവരായി അടയാളപ്പെടുത്തി. എന്നാല്‍ , ദക്ഷിണേഷ്യന്‍ (അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക) തൊഴിലാളികളില്‍ ഇത് 21 ശതമാനമാണ്. 14 ശതമാനം ഇന്ത്യന്‍ ജീവനക്കാര്‍ മാത്രമാണ് തങ്ങള്‍ അഭിവൃദ്ധി പ്രാപിക്കുന്നതായി കരുതുന്നതെന്ന് ഗാലപ്പിന്‍റെ ‘സ്റ്റേറ്റ് ഓഫ് ഗ്ലോബല്‍ വര്‍ക്ക്പ്ലേസ റിപ്പോര്‍ട്ട്’ കണ്ടെത്തി.
നോര്‍ഡിക് രാജ്യങ്ങളായ ഫിന്‍ലാന്‍ഡ് (85%), ഡെന്‍മാര്‍ക്ക് (79%), ഐസ്ലാന്‍റ് (76%), സ്വീഡന്‍ (71%), നോര്‍വെ (69%) നെതര്‍ലാന്‍ഡ്സ് (76%) എന്നിവയിലാണ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തിലെ ജീവിതമുള്ളതെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ ജോലിയിലെ മുഴുകലിന്‍റെ കാര്യത്തില്‍ ഇന്ത്യക്കാര്‍ ആഗോള ശരാശരിയേക്കാള്‍ മുന്നിലാണ്. ദക്ഷിണേഷ്യന്‍ ജീവനക്കാരില്‍ ശരാശരി 24 ശതമാനം പേരും ആഗോള തലത്തില്‍ 20 ശതമാനം പേരും ജോലിയില്‍ മുഴുകുന്നതായി പറയുന്നു. എന്നാല്‍, ഇന്ത്യന്‍ ജോലിക്കാര്‍ 25 ശതമാനം പേര്‍ ജോലിയില്‍ വ്യാപൃതരാണ്. ജോലിയിലും ജോലിസ്ഥലത്തുമുള്ള ജീവനക്കാരുടെ പങ്കാളിത്തവും ഉത്സാഹവും സൂചിപ്പിക്കുന്ന അളവുകോലാണിത്.
ജോലിക്ക് പുറത്തുള്ള അനുഭവങ്ങള്‍ ജോലിയെയും വളരെയധികം ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. “ജോലിയില്‍ വ്യാപൃതരായിരിക്കുകയും എന്നാല്‍ അഭിവൃദ്ധി പ്രാപിക്കാത്തവരുമായ ജോലിക്കാര്‍ക്ക് ജോലിസ്ഥലത്ത് നല്ല അനുഭവങ്ങള്‍ ഉണ്ടായിരുന്നിട്ടും ഉയര്‍ന്ന തോതിലുള്ള സമ്മര്‍ദ്ദം, ഉത്കണ്ഠ, കോപം, ദുഃഖം എന്നിവ അനുഭവപ്പെടുന്നു. ഇത് സ്ഥാപനത്തില്‍ പൊട്ടിത്തെറിക്ക് സാധ്യതയുണ്ടാക്കും. എന്നാല്‍, ജീവനക്കാര്‍ വ്യാപൃതരാകുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്ന ഇടങ്ങളില്‍ ഈ സാധ്യത കുറയുന്നു “റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യന്‍ ജീവനക്കാര്‍ ധാരാണം നെഗറ്റീവ് വികാരങ്ങള്‍ അനുഭവിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. 46 ശതമാനം ജീവനക്കാര്‍ ദിവസേനയുള്ള ആശങ്ക റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, 33 ശതമാനം പേര്‍ ദിവസേനയുള്ള കോപം അനുഭവിക്കുന്നു. 37 ശതമാനം ഇന്ത്യന്‍ ജീവനക്കാര്‍ ദിവസേന സങ്കടം അനുഭവിക്കുന്നതായി പറഞ്ഞു. ഇവയുടെ ആഗോള ശരാശരി യഥാക്രമം 41 ശതമാനം, 24 ശതമാനം, 25 ശതമാനം എന്നിങ്ങനെയാണ്. . 28 ശതമാനം ഇന്ത്യന്‍ ജീവനക്കാരാണ് സമ്മര്‍ദത്തിലാണെന്ന് പറഞ്ഞത്. 43 ശതമാനമാണ് ഇതിന്‍റെ ആഗോള ശരാശരി,
എല്ലാ തലത്തിലുമുള്ള ബിസിനസ് ലീഡര്‍മാരും മാനേജര്‍മാരും ഇതില്‍ ശ്രദ്ധ നല്‍കണമെന്നും പരിഹരിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. സുഗമമായ തൊഴിലിടത്തിന് ഇത് അനിവാര്യമാണ്. ജീവനക്കാര്‍ ജോലിയില്‍ മുഴുകുന്നതിലെ കുറവ് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് 8.1 ട്രില്യണ്‍ ഡോളര്‍ നഷ്ടമുണ്ടാക്കുമെന്നാണ് ഗാലപ്പ് കണക്കാക്കുന്നത്.