ഇന്ത്യന്‍ കമ്പനികളുടെ സൈബര്‍ സുരക്ഷാ ചെലവിടല്‍ 9.5% ഉയരും
1 min readറാന്‍സംവെയര്‍ ആക്രമണങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും ഒരു ബോര്‍ഡ് തല വിഷയമായി മാറുകയാണ
ന്യൂഡെല്‍ഹി: ഇന്ത്യന്‍ സംരംഭങ്ങള്‍ തങ്ങളുടെ അന്തിമ ഉപയോക്താക്കളുടെ സുരക്ഷയ്ക്കും റിസ്ക് മാനേജ്മെന്‍റിനുമുള്ള ചെലവിടല്‍ 2021ല്‍ 9.21 ശതമാനം വര്‍ധിപ്പിക്കുമെന്ന് വിപണി ഗവേഷണ സ്ഥാപനമായ ഗാര്‍ട്ട്നറുടെ നിരീക്ഷണം. 2.08 ബില്യണ്‍ ഡോളറിലേക്ക് ഈ വര്‍ഷം ഇന്ത്യന്‍ സ്ഥാപനങ്ങളുടെ സൈബര്‍ സുരക്ഷാ ചെലവിടല്‍ ഉയരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ 2020ല്‍ കമ്പനികള്‍ ഐടി ബജറ്റ് വെട്ടിക്കുറച്ചത് കാരണം സെക്യൂരിറ്റി ലീഡേര്‍സിന് കഴിഞ്ഞ വര്‍ഷം സുരക്ഷാ ചെലവുകള്‍ വെട്ടിക്കുറയ്ക്കേണ്ടിവന്നു, 2021 ല്‍ ഈ പ്രവണത വിപരീത ദിശയിലേക്ക് മാറുകയാണ്,’ ഗാര്‍ട്ട്നറിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ റിസര്‍ച്ച് അനലിസ്റ്റ് പ്രതീക് ഭജങ്ക പറഞ്ഞു.
‘അന്തിമ ഉപയോക്തൃ ചെലവിടലിന്‍റെ ആഗോള ശരാശരി 2021ല്‍ 10.5% ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ചെലവിടല്‍ ഏഷ്യാ പസഫികിലെ മറ്റു പ്രധാന സമ്പദ് വ്യവസ്ഥകളെ അപേക്ഷിച്ച് അതിവേഗം വളരുകയാണ്. സൈബര്‍ സുരക്ഷയില്‍ പക്വതയെത്തിയ രാജ്യങ്ങള്‍ അവരുടെ സുരക്ഷാ ചെലവ് 8.6 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്.
ലെഗസി സിസ്റ്റങ്ങളില്‍ നിന്ന് ക്ലൗഡിലേക്കുള്ള മാറ്റം തങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി മവരുന്ന അപകടസാധ്യതകളെ ഇന്ത്യന്‍ സംരംഭങ്ങളിലെ സെക്യൂരിറ്റി എക്സിക്യൂട്ടിവുകള്‍ ബോധവാന്‍മാരാണ്. ഈ അപകടസാധ്യതകള്‍ കൈകാര്യം ചെയ്യുന്നതിനായി, ഓര്‍ഗനൈസേഷനുകള്‍ ക്ലൗഡ് സെക്യൂരിറ്റി ടൂളുകള്‍ക്കായുള്ള ചെലവിടല്‍ വര്‍ദ്ധിപ്പിക്കുകയാണെന്നും 2021ല്‍ ഈ വിഭാഗത്തില്‍ 251.1% വരെയുള്ള വിപണി വളര്‍ച്ച പ്രകടമാകാമെന്നും ഗാര്‍ട്ട്നര്‍ അഭിപ്രായപ്പെടുന്നു.
2021 ല്‍ ക്ലൗഡ് സെക്യൂരിറ്റി വിഭാഗത്തിനുള്ളില്‍ ഇന്ത്യയിലെ സംരംഭങ്ങള്‍ ചെലവിടല്‍ വര്‍ധിപ്പിക്കുന്ന രണ്ടിനങ്ങള്‍ ആയിരിക്കും ക്ലൗഡ് ആക്സസ് സെക്യൂരിറ്റി ബ്രോക്കര്‍മാരും (സിഎഎസ്ബി) ക്ലൗഡ് വര്‍ക്ക്ലോഡ് പ്രൊട്ടക്ഷന്‍ പ്ലാറ്റ്ഫോമും (സിഡബ്ല്യുപിപി). ഓഫീസ്, വീട് അല്ലെങ്കില്‍ ഓഫ്-സൈറ്റ് എന്നിങ്ങനെ വ്യത്യസ്ത ഇടങ്ങളില്‍ നിന്ന് ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നത് കണക്കിലെടുത്ത് ക്ലൗഡ് അധിഷ്ഠിത സുരക്ഷാ വൈദഗ്ധ്യങ്ങള്‍ വികസിപ്പിക്കാന്‍ കമ്പനികള്‍ ശ്രമിക്കും.
റാന്‍സംവെയര്‍ ആക്രമണങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും ഒരു ബോര്‍ഡ് തല വിഷയമായി മാറുകയാണ്. ലോകമെമ്പാടുമുള്ള കമ്പനികളുടെ ഡയറക്റ്റര്‍ ബോര്‍ഡുകളില്‍ 40 ശതമാനത്തിനുംന 2025ഓടെ സൈബര്‍ സുരക്ഷാ സമിതികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ യോഗ്യതയുള്ള ഒരു ബോര്‍ഡ് അംഗമുണ്ടാകുമെന്ന് ഗാര്‍ട്ട്നര്‍ പറഞ്ഞു. നിലവില്‍ 10 ശതമാനം കമ്പനികളില്‍ മാത്രമാണ് ഈ സാഹചര്യമുള്ളത്.