വാക്സിന്‍ 72 രാജ്യങ്ങള്‍ക്ക് നല്‍കി: ജയ്ശങ്കര്‍
ന്യൂഡെല്‍ഹി: കൊറോണ പകര്‍ച്ചവ്യാധിയുടെ കാലത്ത് ഇന്ത്യ ലോകത്തിന്‍റെ ഫാര്‍മസിയായി മാറിയെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ രാജ്യസഭയില്‍ പ്രസ്താവനയില്‍ പറഞ്ഞു. 150 രാജ്യങ്ങളിലേക്ക് ഇന്ത്യ മരുന്ന് വിതരണം ചെയ്തു,നിരവധി രാജ്യങ്ങള്‍ക്ക് പിപിഇ കിറ്റുകളും നാം നല്‍കി, അദ്ദേഹം പറഞ്ഞു. ഹൈഡ്രോക്സിക്ലോറോക്വിന്‍, പാരസെറ്റമോള്‍, മറ്റ് പ്രധാന മരുന്നുകള്‍ എന്നിവയുടെ ആവശ്യകതകള്‍ നിറവേറ്റാന്‍ ഇന്ത്യക്ക് കഴിയും.
മരുന്നുകള്‍ 82രാജ്യങ്ങളിലേക്ക് ഇന്ത്യ ഗ്രാന്‍റായാണ് നല്‍കിയത്. മാസ്ക്കുകള്‍, പിപിഇ, ഡയഗ്നോസ്റ്റിക കിറ്റുകള്‍ എന്നിവയുടെ ഉത്പാദനം ഉയര്‍ന്ന നിലയിലായി. ഞങ്ങള്‍ അവ മറ്റ് രാജ്യങ്ങള്‍ക്കും ലഭ്യമാക്കി. വാക്സിന്‍ മൈത്രി പരിപാടിയില്‍ മാലിദ്വീപ്, ഭൂട്ടാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, മ്യാന്‍മര്‍, മൗറീഷ്യസ്, സീഷെല്‍സ്, ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള 72 രാജ്യങ്ങള്‍ക്ക് വാക്സിനുകള്‍ നല്‍കിയതായും ജയ്ശങ്കര്‍ പറഞ്ഞു. ‘നമ്മുടെ സംസ്കാരത്തിന്‍റെ സ്വഭാവ സവിശേഷതകളായ ഈ ഉദാരമായ സമീപനം വന്ദേ ഭാരത് മിഷനിലേക്കും വ്യാപിപ്പിച്ചു. വുഹാനില്‍ നിന്ന് തുടങ്ങി, മറ്റ് രാജ്യങ്ങളിലെ പൗരന്മാരെ ഞങ്ങള്‍ തിരികെ കൊണ്ടുവന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രായോഗിക സംരംഭങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും കാര്യത്തില്‍ ഇന്ത്യയുടെ സൗഹാര്‍ദ്ദത്തെ അര്‍ത്ഥവത്താക്കുന്നതിന് ഒരുചട്ടക്കൂടൊരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനെ അദ്ദേഹം പ്രശംസിച്ചു. ‘പാരിസ് കരാര്‍ പോലുള്ള ആഗോള പ്രാധാന്യമുള്ള നിര്‍ണായക ചര്‍ച്ചകളിലും അത് പ്രതിഫലിച്ചു. അവിടെ നമുക്ക് പ്രധാന പങ്കുവഹിക്കാനുണ്ടായിരുന്നു. കരീബിയന്‍ മുതല്‍ പസഫിക് ദ്വീപുകള്‍ വരെ, വ്യക്തിപരമായി ഇടപഴകാനുള്ള സന്നദ്ധത പ്രധാനമന്ത്രിക്കുണ്ടെന്ന് മാത്രമല്ല, വ്യക്തമായ വികസന പരിപാടികളുമായി അതിനെ പിന്തുണയ്ക്കാനുള്ള സന്ദേശം വ്യക്തമാണെന്നും ജയ്ശങ്കര്‍ പറഞ്ഞു. മനുഷ്യ കേന്ദ്രീകൃത ആഗോള സഹകരണത്തിന്‍റെ ഈ കാഴ്ചപ്പാടാണ് വാക്സിന്‍ മൈത്രിയുടെ പ്രേരകശക്തി.