Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആദ്യമായി രണ്ട് ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍; രാജ്യം ആശങ്കയില്‍ 

1 min read

ഉത്തര്‍പ്രദേശിലെ പത്ത് ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂവും ഡെല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യവും പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തംരംഗം അതിരൂക്ഷം. വ്യാഴാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. ഇതാദ്യമായാണ് ഇന്ത്യയില്‍ രോഗികളുടെ എണ്ണം രണ്ട് ലക്ഷം കവിയുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1.4 കോടിയായി. ലോകത്ത് ഏപ്രിലിന് ശേഷം കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ രാജ്യമാണ് ഇന്ത്യ.

വ്യാഴാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനുള്ളില്‍ 1038 മരണങ്ങളാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. ഇതോടെ കോവിഡ്-19 ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,73,123 ആയി. 14,71,877 സജീവ കേസുകളാണ് രാജ്യത്തുള്ളത്. തുടര്‍ച്ചയായ അഞ്ചാംദിവസമാണ് രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 1.5 ലക്ഷം കവിയുന്നത്. അതേസമയം കഴിഞ്ഞ ഒന്‍പത് ദിവസമായി ഒരു ലക്ഷത്തിന് മുകളില്‍ പ്രതിദിന കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ ലോകത്ത് ഏറ്റവുമധികം കോവിഡ്-19 കേസുകള്‍ ഉള്ള അമേരിക്കയില്‍ പോലും 21 ദിവസങ്ങള്‍ കൊണ്ടാണ് പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്നും രണ്ട് ലക്ഷത്തിലേക്ക് എത്തിയത്. എന്നാല്‍ ഇന്ത്യയില്‍ കേവലം പതിനൊന്ന് ദിവസങ്ങളാണ് ഇതിനെടുത്തത്. കോവിഡ് കേസുകളുടെ എണ്ണത്തില്‍ ലോകത്ത് അമേരിക്കയ്ക്ക് ശേഷം രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ദിവസങ്ങള്‍ കൊണ്ടാണ് ബ്രസീലിനെ പിന്തള്ളി ഇന്ത്യ രണ്ടാംസ്ഥാനത്തെത്തിയത്.

രാജ്യത്ത് കോവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ റെസ്റ്റോറന്റുകള്‍ അടച്ച്പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്നതിനും മഹാരാഷ്ട്രയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ബുധനാഴ്ച 58,952 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 35,78,160 ആയി. ബുധനാഴ്ച 278 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മഹാരാഷ്ട്രയിലെ ആകെ മരണസംഖ്യ 58,804 ആയി ഉയര്‍ന്നു.

മഹാരാഷ്ട്രയ്ക്ക് ശേഷം ഏറ്റവുമധികം കേസുകള്‍ ഉള്ള സംസ്ഥാനങ്ങള്‍ കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവയാണ്. ഉത്തര്‍പ്രദേശ്, ഡെല്‍ഹി, കര്‍ണാടക, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, പശ്ചിമ ബംഗാള്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലും റെക്കോഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഡെല്‍ഹിയില്‍ 17,282 കേസുകളാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം പകര്‍ച്ചവ്യാധി ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

കര്‍ണാടകയിലും കോവിഡ് പ്രതിസന്ധി രൂക്ഷമാണ്. ബുധനാഴ്ച 11,265 പുതിയ കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകള്‍ 10.94 ലക്ഷമായി. അതേസമയം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സാധ്യത സംസ്ഥാന സര്‍ക്കാര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. പകരം ഏപ്രില്‍ 20 വരെ ബെംഗളൂരു അടക്കം ഏഴ് ജില്ലാ ആസ്ഥാനങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ കര്‍ണാടക തീരുമാനിച്ചു.

കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ അവസാനം വരെ തദ്ദേശീയരും വിദേശികളുമായ സന്ദര്‍ശകര്‍ വരാണസിയിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം പുറപ്പെടുവിച്ചു. വരാണസിയില്‍ ബുധനാഴ്ച 1,585 കേസുകളാണ് രേഖപ്പെടുത്തിയത്. നിലവില്‍ 10,000 കോവിഡ് രോഗികള്‍ ഇവിടെ ചികിത്സയിലുണ്ട്. ലഖ്‌നൗവും പ്രയാഗ് രാജും കഴിഞ്ഞാല്‍ ഉത്തര്‍പ്രദേശില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് വരാണസിയില്‍ ആണ്.

രാജസ്ഥാനില്‍ ഇന്ന് മുതല്‍ വൈകുന്നേരം ആറുമണി മുതല്‍ രാവിലെ 5 മണി വരെ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച 6,200 പുതിയ കേസുകളാണ് രാജസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 1,325 കേസുകള്‍ തലസ്ഥാനമായ ജെയ്പൂരില്‍ മാത്രമാണ്. കഴിഞ്ഞ മാസത്തെ രണ്ട് ശതമാനത്തില്‍ നിന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനമായാണ് ഉയര്‍ന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ ഇന്ത്യ ഇതുവരെ 11.44 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്.

Maintained By : Studio3