Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എപ്പോഴും വിശപ്പാണോ.. ‘ഷുഗറില്‍’ ഒരു കണ്ണ് വേണം

1 min read

അടിക്കടി രക്തത്തിലെ പഞ്ചസാരയുടെ അളവ്  താഴ്ന്നുപോകുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വിശപ്പ് കൂടുതലായിരിക്കുമെന്ന് പഠനം

ഭക്ഷണം കഴിച്ച് മണിക്കൂറുകള്‍ക്ക് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ കുറയുന്നവര്‍ക്ക് കടുത്ത വിശപ്പ് അനുഭവപ്പെടുമെന്നും മറ്റുള്ളവരെ അപേക്ഷിച്ച് ഇവര്‍ ഒരു ദിവസം വളരെയധികം കലോറി ഉപഭോഗിക്കുന്നുണ്ടെന്നും പഠന റിപ്പോര്‍ട്ട്. ജീവിതത്തില്‍ ഭക്ഷണം ചിലത്തുന്ന സ്വാധീനം സംബന്ധിച്ച് ഗവേഷണം നടത്തുന്ന ന്യൂട്രീഷണറല്‍ റിസര്‍ച്ച് പ്രോഗ്രാമായ പ്രെഡിക്ട് ആണ് ഈ കണ്ടെത്തല്‍ പുറത്തുവിട്ടിരിക്കുന്നത്. നേച്ചര്‍ മെറ്റബോളിസം എന്ന ജേണലിലാണ് പഠന റിപ്പോര്‍ട്ട പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ലണ്ടനിലെ കിംഗ്‌സ് കൊളെജില്‍ നിന്നും ഹെല്‍ത്ത് സയന്‍സ് കമ്പനിയായ സോയില്‍ നിന്നുമുള്ള ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. കലോറി നിയന്ത്രിച്ചുള്ള ഭക്ഷണക്രമങ്ങള്‍ പാലിച്ചിട്ട് വരെ ചിലര്‍ക്ക് ശരീരഭാരം കുറയ്ക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് കണ്ടെത്താനായിരുന്നു ഗവേഷകരുടെ ശ്രമം. ഭക്ഷണക്രമത്തിലും ആരോഗ്യകാര്യങ്ങളിലും തീരുമാനമെടുക്കുമ്പോള്‍ ഓരോ വ്യക്തികളുടെയും മെറ്റബോളിസം മനസിലാക്കേണ്ടത് അനിവാര്യമാണെന്ന നിഗമനത്തിലാണ് ഗവേഷകര്‍ എത്തിയത്.

1070 ആളുകളാണ് പഠനത്തില്‍ പങ്കെടുത്തത്. പ്രഭാത ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് അടക്കം ഇവരിലെ പല ആരോഗ്യഘടകങ്ങളും ഗവേഷകര്‍ പരിശോധിച്ചു. ശരീരം രക്തത്തിലെ പഞ്ചസാരയെ എത്ര മികവോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് മനസിലാക്കുന്നതിനായി ഭക്ഷണം കഴിക്കുന്നതിന് മുമ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവും പഠനസംഘം രേഖപ്പെടുത്തിയിരുന്നു. ഇവ കൂടാതെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിരന്തരമായി നിരീക്ഷിക്കുന്നതിനും ഉറക്കവും ആക്ടിവിറ്റി ലെവലും രേഖപ്പെടുത്തുന്നതിനുമുള്ള ഉപകരണങ്ങളും പഠനത്തില്‍ പങ്കെടുക്കുന്നവരുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നു. മാത്രമല്ല ഒരു ഫോണ്‍ ആപ്പ് മുഖേന, ഇവരുടെ വിശപ്പിന്റെ തോതും കഴിക്കുന്ന ഭക്ഷണങ്ങളും നിരീക്ഷണവിധേയമാക്കിയിരുന്നു.

ചില ആളുകളില്‍ രക്തത്തിലെ പഞ്ചസാര ഏറ്റവും ഉയര്‍ന്ന അളവില്‍ എത്തി 2-4 മണിക്കൂറിനുള്ളില്‍ തീരെ താഴുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഏറ്റവും താഴ്ന്ന പരിധിക്കും താഴെ എത്തിയതിന് ശേഷമാണ് വീണ്ടും ഇവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത്. ഇത്തരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം താഴുന്ന 9 ശതമാനം പേരും അമിത വിശപ്പ് അനുഭവിക്കുന്നവരാണ്. മാത്രമല്ല, പഞ്ചസാരയുടെ അളവില്‍ കാര്യമായ കുറവ് രേഖപ്പെടത്താത്തവരെ അപേക്ഷിച്ച് ശരാശരി അരമണിക്കൂര്‍ മുമ്പെങ്കിലും ഇവര്‍ അടുത്ത ഭക്ഷണം കഴിക്കുന്നതായും ഗവേഷകര്‍ നിരീക്ഷിച്ചു. പ്രഭാത ഭക്ഷണം കഴിച്ച് 3-4 മണിക്കൂറിന് ശേഷം 75 കലോറി ഇവര്‍ അധികമായി കഴിക്കുന്നുണ്ടെന്നും മൊത്തത്തില്‍ ഒരു ദിവസം മറ്റുള്ളവരെ അപേക്ഷിച്ച് 312 കലോറി ഇവര് അധികമായി കഴിക്കുന്നുണ്ടെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള ഭക്ഷണക്രമം മൂലം ഒരു വര്‍ഷം ഇവരുടെ ശരീരഭാരം ഏകദേശം 10 കിലോഗ്രാമെങ്കിലും വര്‍ധിക്കുന്നു.

വിശപ്പ് നിയന്ത്രിക്കുന്നതില്‍ രക്തത്തിലെ പഞ്ചസാരയ്ക്ക് നിര്‍ണായക പങ്കുണ്ടെന്ന അഭിപ്രായം നേരത്തെ തന്നെ വൈദ്യശാസ്ത്ര രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇതിന് മതിയായ തെളിവുകള്‍ ഉണ്ടായിരുന്നില്ല. വിശപ്പും അതിന് ശേഷമുള്ള ഉയര്‍ന്ന കലോറി ഉപഭോഗവും പ്രവചിക്കുന്നതില്‍ രക്തത്തിലെ പഞ്ചസാരയ്ക്ക് വലിയ സ്വാധീനമുണ്ടെന്നും കിംഗ്‌സ് കൊളെജില്‍ നിന്നുള്ള ഗവേഷകയായ ഡോ.സാറ ബെറി പറഞ്ഞു. പലരും ശരീരഭാരം കുറയ്ക്കാന്‍ കഠിനമായി പരിശ്രമിക്കാറുണ്ടെങ്കിലും നടക്കാറില്ലെന്നും ദിവസവും നൂറ് കലോറി അധികമായി കഴിക്കുന്നത് ഒരു വര്‍ഷം ശരീരഭാരത്തില്‍ വലിയ വ്യത്യാസമുണ്ടാക്കുമെന്നും നോട്ടിംഗ്ഹാം സര്‍വ്വകലാശാലയിലെ മെഡിസിന്‍ വിഭാഗം ഗവേഷകയായ പ്രഫസര്‍ അന വാല്‍ഡെസും അഭിപ്രായപ്പെട്ടു. ഭക്ഷണം കഴിച്ചതിന് ശേഷം പഞ്ചസാരയുടെ അളവ് എത്രത്തോളം കുറയുന്നുണ്ടെന്ന് മനസിലാക്കിയാല്‍ ശരീരഭാരം കുറയ്ക്കാനുള്ള കാര്യക്ഷമമായ പദ്ധതികള്‍ നടപ്പിലാക്കാമെന്നും ഇവര്‍ പറഞ്ഞു.

ഒരേ ഭക്ഷണം കഴിച്ചാലും പഞ്ചസാരയുടെ അളവ് വ്യത്യസ്ത അളവില്‍ കുറയുന്നതും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. പഞ്ചസാരയുടെ അളവ് പെട്ടന്ന് കുറയുന്ന പ്രകൃതക്കാരാണോ അല്ലെയോ, ഭക്ഷണങ്ങളുടെ തെരഞ്ഞെടുപ്പ്, ആക്ടിവിറ്റി ലെവല്‍ എന്നിവ ഓരോ വ്യക്തികളുടെയും മെറ്റബോളിസത്തിലുള്ള വ്യത്യാസങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. ചുരുക്കത്തില്‍ ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് ഇണങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാനും ശരീരത്തിലെത്തുന്ന കലോറിയുടെ അളവ് കുറയ്ക്കാനും അങ്ങനെ ശരീരഭാരം കുറയ്ക്കാനും വ്യക്തികളെ സഹായിക്കുമെന്ന വസ്തുതയാണ് പഠനം മുന്നോട്ട് വെക്കുന്നത്.

Maintained By : Studio3