ആക്ഷന്‍ പ്ലാനുമായി ഇന്ത്യ : ചൈനീസ് ഭീമന്മാര്‍ പുറത്തായേക്കും
വാവെയും ഇസെഡ്ടിഇയും ഇന്ത്യയില്‍ തുടരാന്‍ പാടുപെടും
പുതിയ സുരക്ഷാ പ്ലാനുമായി ഇന്ത്യ; ചൈനയ്ക്ക് തിരിച്ചടി
ന്യൂഡെല്‍ഹി: ചൈനീസ് ടെലികോം ഭീമന്മാരായ വാവെയും ഇസെഡ്ടിഇയും ഇന്ത്യയില്‍ വമ്പന്‍ പദ്ധതികളില്‍ തുടരാമെന്ന് മനക്കോട്ട കെട്ടേണ്ട. നാഷണല്‍ സെക്യൂരിറ്റി ഡയറക്റ്റീവ് ഓണ്‍ ടെലികമ്യൂണിക്കേഷന്‍ സെക്റ്റര്‍ എന്ന പേരില്‍ പുതിയ ആക്ഷന്‍ പ്ലാനുമായി ഇവരെയെല്ലാം വരിഞ്ഞുകെട്ടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. എക്യുപ്‌മെന്റ്, ഗാഡ്ജറ്റുകള്‍, 5ജി മൊബീല്‍ ശൃംഖലകള്‍, സപ്ലൈ ചെയിന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടെല്ലാം അധികം വൈകാതെ ചൈനീസ് കമ്പനികളുടെ കാര്യത്തില്‍ ഇന്ത്യ തീരുമാനമെടുക്കും. ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ മേധാവിയായ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഇതുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു.
ഇന്ത്യയിലെ ചൈനാ വിരുദ്ധ വികാരവും അമേരിക്കയുടെ ചൈനീസ് കമ്പനികള്‍ക്കെതിരായ നീക്കവുമെല്ലാം വാവെയ് ഉള്‍പ്പടെയുള്ള ചൈനീസ് കമ്പനികളെ ബാധിച്ചിരുന്നു. ഇന്ത്യയിലെ ടെലികോം അടിസ്ഥാനസൗകര്യമേഖലയില്‍ വമ്പന്‍ താല്‍പ്പര്യങ്ങളുള്ള ചൈനീസ് വാവെയ് അതോടെ കൂടുതല്‍ പ്രതിരോധത്തിലാവുകയും ചെയ്തു. 5ജിയുമായി ബന്ധപ്പെട്ട സാങ്കേതിക സേവനങ്ങളില്‍ നിന്ന് വാവെയ് മാറ്റി നിര്‍ത്തപ്പെടുന്നുവെന്നും വാര്‍ത്തകള്‍ സജീവമായിരുന്നു.
എന്നാല്‍ 5ജി അടിസ്ഥാനസൗകര്യ സേവനങ്ങളില്‍ ചൈനീസ് കമ്പനികളെ ഒഴിവാക്കുന്നത് സംബന്ധിച്ച ഔദ്യോഗിക ആശയവിനിമയങ്ങളൊന്നും തന്നെ ഇതുവരെ ഇന്ത്യ പുറത്തുവിട്ടില്ലെന്നും ഇവിടെ നിലനില്‍ക്കാമെന്ന പ്രതീക്ഷ തന്നെയാണ് തങ്ങള്‍ക്കുള്ളതെന്നും വാവെയ് ഇന്ത്യ സിഇഒ ഡേവിഡ് ലി അടുത്തിടെ പറഞ്ഞിരുന്നു. അതിന് ബുദ്ധിമുട്ടാകുമെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.