നൂറ് മില്യണ്‍ പിന്നിട്ട് ഹീറോ മോട്ടോകോര്‍പ്പ്
1 min readഹരിദ്വാര്‍ പ്ലാന്റിലെ അസംബ്ലി ലൈനില്‍നിന്ന് എക്‌സ്ട്രീം 160ആര്‍ മോട്ടോര്‍സൈക്കിളാണ് പുറത്തെത്തിച്ചത്
ന്യൂഡെല്‍ഹി: നൂറ് മില്യണ്‍ (പത്ത് കോടി) ഇരുചക്രവാഹനങ്ങള്‍ നിര്‍മിച്ച് ഹീറോ മോട്ടോകോര്‍പ്പ് ജൈത്രയാത്ര തുടരുന്നു. നൂറ് മില്യണ്‍ എന്ന എണ്ണം തികഞ്ഞ ഇരുചക്രവാഹനമായി ഹരിദ്വാര്‍ പ്ലാന്റിലെ അസംബ്ലി ലൈനില്‍നിന്ന് എക്‌സ്ട്രീം 160ആര്‍ മോട്ടോര്‍സൈക്കിളാണ് പുറത്തെത്തിച്ചത്. ഗുരുഗ്രാമില്‍ പ്രത്യേകം സംഘടിപ്പിച്ച പരിപാടിയില്‍ ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പവന്‍ മുഞ്ജലിനൊപ്പം ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ പങ്കെടുത്തത് ചടങ്ങിന് കൊഴുപ്പേകി.
37 വര്‍ഷത്തെ കാലയളവിലാണ് ഹീറോ മോട്ടോകോര്‍പ്പ് ഈ നാഴികക്കല്ല് താണ്ടിയത്. ഇതില്‍ അവസാന 50 മില്യണ്‍ ഇരുചക്രവാഹനങ്ങള്‍ നിര്‍മിച്ചത് കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളിലാണ്. 1994 ലാണ് പത്ത് ലക്ഷമെന്ന നാഴികക്കല്ല് താണ്ടിയത്. 2001 ല്‍ 50 ലക്ഷം, 2004 ല്‍ ഒരു കോടി, 2008 ല്‍ 2.5 കോടി, 2013 ല്‍ 5 കോടി, 2017 ല്‍ 7.5 കോടി, 2021 ല്‍ 10 കോടി എന്നിങ്ങനെയാണ് ഹീറോ മോട്ടോകോര്‍പ്പിന്റെ ജൈത്രയാത്ര. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ ഇരുചക്രവാഹന ബ്രാന്‍ഡാണ് ഹീറോ മോട്ടോകോര്‍പ്പ്. ഒരു ഇരുചക്രവാഹന ബ്രാന്‍ഡിനെ സംബന്ധിച്ചിടത്തോളം വളരെ വിരളമായി താണ്ടുന്ന നാഴികക്കല്ലാണിത്.
ആഘോഷപരിപാടികളുടെ ഭാഗമായി സ്‌പ്ലെന്‍ഡര്‍ പ്ലസ്, എക്‌സ്ട്രീം 160ആര്‍, പാഷന്‍ പ്രോ, ഗ്ലാമര്‍, ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് 110 എന്നീ ആറ് മോഡലുകളുടെ സെലിബ്രേഷന്‍ എഡിഷന്‍ പുറത്തിറക്കി. പ്രത്യേക കളര്‍ സ്‌കീമുകള്‍, ബാഡ്ജ് എന്നിവ നല്‍കി. മെക്കാനിക്കല്‍ മാറ്റങ്ങളില്ല. പ്രത്യേക പതിപ്പുകളുടെ വില്‍പ്പന അടുത്ത മാസം ആരംഭിക്കും.
അടുത്ത അഞ്ചുവര്‍ഷക്കാലയളവില്‍ വേരിയന്റുകള്‍, പരിഷ്‌കരിച്ച മോഡലുകള്‍ ഉള്‍പ്പെടെ വര്‍ഷം തോറും പത്ത് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചു. പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിപണിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. കഴിഞ്ഞ ഇരുപത് വര്‍ഷമായി ലോകത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളാണ് ഹീറോ മോട്ടോകോര്‍പ്പ്.