ഉപയോക്താക്കളെ നിലനിര്‍ത്താന്‍ വാലന്‍ന്റൈന്‍ ദിനത്തില്‍ അടിപൊളി ഓഫറുകളുമായി നിസാന്‍ മാഗ്‌നൈറ്റ്
1 min readബുക്ക് ചെയ്തശേഷം ഡെലിവറി ലഭിക്കാത്തവരെ ഉള്‍പ്പെടുത്തി നറുക്കെടുപ്പ് നടത്തും
ന്യൂഡെല്‍ഹി: നിസാന്‍ മാഗ്‌നൈറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍ക്കായി കമ്പനി ആകര്‍ഷകമായ ഓഫറുകളും മറ്റും പ്രഖ്യാപിച്ചു. വാലന്‍ന്റൈന്‍ ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. സബ്‌കോംപാക്റ്റ് എസ്‌യുവി ബുക്ക് ചെയ്തശേഷം ഫെബ്രുവരി 12 വരെ ഡെലിവറി ലഭിക്കാത്തവരെ ഉള്‍പ്പെടുത്തി നിസാന്‍ നറുക്കെടുപ്പ് നടത്തും. അടുത്ത മൂന്നുമാസം ഓരോ മുപ്പത് ദിവസത്തിലും നറുക്കെടുപ്പ് ഉണ്ടായിരിക്കും. ഓരോ മാസവും നൂറ് ഉപയോക്താക്കള്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാകും. നറുക്കെടുപ്പിലൂടെ ലഭിക്കുന്നത് എന്തെല്ലാമെന്ന് നോക്കാം.
ഓരോ മാസവും ഒരു ഉപയോക്താവിന് എസ്‌യുവിയുടെ എക്‌സ് ഷോറൂം വില പൂര്‍ണമായും (100 ശതമാനം) കാഷ്ബാക്ക് ലഭിക്കും. ഓരോ മാസവും എട്ട് ഉപയോക്താക്കള്‍ക്ക് നിലവില്‍ ബുക്ക് ചെയ്ത വേരിയന്റിനേക്കാള്‍ തൊട്ടടുത്ത ഉയര്‍ന്ന വേരിയന്റ് ലഭിക്കും (വ്യവസ്ഥകള്‍ ബാധകം). ഓരോ മാസവും 25 ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷ എക്‌സ്‌റ്റെന്‍ഡഡ് വാറന്റി ലഭിക്കും. ഓരോ മാസവും 66 ഉപയോക്താക്കള്‍ക്ക് രണ്ടുവര്‍ഷ/ 20,000 കിമീ മെയിന്റനന്‍സ് പാക്കേജ് ലഭിക്കും.
നറുക്കെടുപ്പിലൂടെ ലഭിക്കുന്ന ഈ ഓഫറുകള്‍ക്ക് പുറമേ ‘നിസാന്‍ എക്‌സ്പ്രസ് സര്‍വീസ്’ കൂടി ജാപ്പനീസ് കാര്‍ നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചു. 90 മിനിറ്റിനുള്ളില്‍ അതിവേഗ സര്‍വീസ് നടത്തുന്നതാണ് ഈ പദ്ധതി. ഓണ്‍ലൈന്‍ വഴി നിസാന്‍ സര്‍വീസ് കോസ്റ്റ് കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് സര്‍വീസ് ബുക്ക് ചെയ്യാനും ചെലവുകള്‍ കണക്കുകൂട്ടാനും കഴിയും. മാത്രമല്ല, 1,500 ഓളം നഗരങ്ങളില്‍ 24 മണിക്കൂര്‍ റോഡ്‌സൈഡ് അസിസ്റ്റന്‍സ് (ആര്‍എസ്എ) ലഭിക്കും. കൂടാതെ, നിസാന്‍ സര്‍വീസ് ക്ലിനിക്കുകള്‍ നൂറോളം ലൊക്കേഷനുകളിലേക്ക് വ്യാപിപ്പിച്ചു.
നാല് മീറ്ററില്‍ താഴെ നീളം വരുന്ന എസ്‌യുവിയായ നിസാന്‍ മാഗ്‌നൈറ്റ് ഇന്ത്യന്‍ വിപണിയില്‍ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. മുപ്പത് ദിവസത്തിനുള്ളില്‍ 32,800 ബുക്കിംഗ് നേടാന്‍ നിസാന്റെ പുതിയ മോഡലിന് കഴിഞ്ഞു. വിവിധ വേരിയന്റുകള്‍ക്ക് അനുസരിച്ച് 22 ആഴ്ച്ച വരെയാണ് വെയ്റ്റിംഗ് പിരീഡ്. ഉപയോക്താക്കളെ നിലനിര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് വാലന്‍ന്റൈന്‍ ദിനത്തില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചത്.