Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ദിവസവും എത്ര ഉപ്പ് കഴിക്കും.. ലോകാരോഗ്യ സംഘടന പറയുന്നു ‘പകുതിയാക്കി കുറയ്ക്കണം’

ഉപ്പിന്റെ അമിതോപയോഗം മൂലം ലോകത്ത് പ്രതിവര്‍ഷം മൂന്ന് ദശലക്ഷം ആളുകള്‍ മരിക്കുന്നു

ഉപ്പിലാത്ത ഭക്ഷണത്തെ കുറിച്ച് ചിന്തിച്ച് നോക്കൂ, ഒട്ടും രുചികരമായിരിക്കില്ല അല്ലേ. ശരിയാണ്, എന്നാല്‍ അമിതമായി ഉപ്പ് കഴിക്കുന്നതിന്റെ പരിണിതഫലങ്ങളെ കുറിച്ച് നിങ്ങള്‍ ബോധവാന്മാരാണോ. ഉപ്പിന്റെ അമിതോപയോഗം മൂലം ലോകത്ത് പ്രതിവര്‍ഷം മൂന്ന് ദശലക്ഷം ആളുകള്‍ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാര്യം കണക്കിലെടുത്ത് ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നതിനും ഭക്ഷ്യ പരിതസ്ഥിതി മെച്ചപ്പെടുത്തുന്നതിനും നിരവധി ജീവനുകള്‍ രക്ഷിക്കുന്നതിനുമായി ലോകാരോഗ്യ സംഘടന അറുപതോളം ഭക്ഷ്യ വിഭാഗങ്ങളിലെ സോഡിയത്തിന്റെ തോത് സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്.

സോഡിയം ക്ലോറൈഡ് ആണ് ഉപ്പിന്റെ രാസനാമം. ശരീരത്തിലെ ജലാംശത്തെ നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട ധാതുവാണ് സോഡിയം. ഭക്ഷ്യപാനീയങ്ങളിലൂടെ പ്രതിദിനം 5 ഗ്രാം സോഡിയം ശരീരത്തില്‍ എത്തുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ ലോകമെമ്പാടുമുള്ള ആളുകള്‍ ഇതിന്റെ ഇരട്ടിയിലധികം ഉപ്പ് ദിവസവും ഉപയോഗിക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. മിക്ക ആളുകള്‍ക്കും തങ്ങള്‍ എത്രത്തോളം സോഡിയം ദിവസവും ഉപയോഗിക്കുന്നുണ്ടെന്നോ അതിന്റെ പാര്‍ശ്വഫലങ്ങള്‍ എന്താണെന്നോ അറിയില്ലെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ഡോ. ടെഡ്രോസ് അഥാനം ഗബ്രിയേസസ് പറയുന്നു. ഉപ്പ് ഉപഭോഗം കുറയ്ക്കുന്നതിനായി ഓരോ രാജ്യങ്ങളും നയങ്ങള്‍ രൂപീകരിക്കണമെന്നും മികച്ച ഭക്ഷണങ്ങളെ കുറിച്ചുള്ള അറിവുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്‌കരിച്ച ഭക്ഷണങ്ങളിലെ ഉപ്പ് ഉപയോഗം കുറയ്ക്കാന്‍ ഭക്ഷ്യപാനീയ വ്യവസായ മേഖലയും മുന്‍കൈ എടുക്കണം. ലോകാരോഗ്യ സംഘടനയുടെ പുതിയ അളവുകോല്‍ ഭക്ഷ്യ അന്തരീക്ഷത്തില്‍ മാറ്റം കൊണ്ടുവരാനും ആളുകളുടെ ജീവന്‍ രക്ഷിക്കാനും രാജ്യങ്ങള്‍ക്കും ഭക്ഷ്യോല്‍പ്പന്ന കമ്പനികള്‍ക്കും ഗുണം ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ അഭിപ്രായപ്പെട്ടു.

  കൊതുക് ശല്യം ഉല്‍പ്പാദനക്ഷമതയെ ഗുരുതരമായി ബാധിക്കുന്നു

കൂടുതലായി ഉപ്പ് ഉപയോഗിക്കുന്ന സംസ്‌കരിച്ചതും പാക്കറ്റുകളിലാക്കിയതുമായ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ അടക്കമുള്ള വിവിധ വിഭാഗങ്ങളിലെ ഉപ്പ് ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ മാര്‍ഗനിര്‍ദ്ദേശം. ആരോഗ്യദായകമാക്കുകയെന്ന ലക്ഷ്യത്തോടെ ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു സംസ്‌കരിച്ച ഭക്ഷ്യോല്‍പ്പന്നത്തിന്റെ ചേരുവകളിലും രൂപത്തിലും മാറ്റം വരുത്തുന്നത് ജനങ്ങളുടെ ഉപ്പ് ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കുമെന്നും 2025ഓടെ ആഗോളതലത്തിലെ ഉപ്പ് ഉപഭോഗത്തില്‍ 30 ശതമാനം കുറവുണ്ടാക്കാന്‍ സാധിക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. പൊതുജനാരോഗ്യം മെച്ചപ്പെടുത്താന്‍ രാജ്യങ്ങള്‍ക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച, ഒരു ചിലവും ഇല്ലാത്ത കാര്യമാണ് ഉപ്പിന്റെ അളവ് നിയന്ത്രിക്കാന്‍ നടപടി എടുക്കുക എന്നത്. ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന അളവിലേക്ക് ഉപ്പ് ഉപയോഗം കുറച്ചാല്‍ ലോകത്ത് 2.5 ദശലക്ഷം മരണങ്ങള്‍ ഒഴിവാക്കാമെന്നും സംഘടന അവകാശപ്പെടുന്നു.

 

സോഡിയം ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍

ഭക്ഷണത്തില്‍ സോഡിയത്തിന്റെ മുഖ്യസ്രോതസ്സ് ഉപ്പാണെന്നതില്‍ ഒരു സംശയവുമില്ല. ശരിയാ കോശപ്രവര്‍ത്തനങ്ങള്‍ക്കും പ്ലാസമയുടെ ആരോഗ്യത്തിനും നാഡിവ്യവസ്ഥയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സോഡിയം കൂടിയേ തീരു. മാംസം, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങി നിരവധി ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ സ്വഭാവികമായി തന്നെ ഉപ്പ് അടങ്ങിയിട്ടുണ്ട്. എന്നാല്‍ സംസ്‌കരിച്ച മാംസം, ചെറുകടികള്‍, ബ്രെഡ് തുടങ്ങിയ സംസ്‌കരിച്ച ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ വളരെ കൂടിയ അളവില്‍ ഉപ്പ് അടങ്ങിയിട്ടുണ്ട്.

  ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ബിരുദദാനച്ചടങ്ങ്

ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന സോഡിയത്തിന്റെയും പൊട്ടാസ്യത്തിന്റെയും അളവ് എപ്പോഴും സന്തുലിതാവസ്ഥയില്‍ ആയിരിക്കണം. പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങി സംസ്‌കരിക്കാത്ത ഭക്ഷണങ്ങളില്‍ സ്വാഭാവികമായി തന്നെ കാണപ്പെടുന്ന ധാതുവാണ് പൊട്ടാസ്യം. ശരീരത്തിലെ ദ്രവങ്ങളുടെ തോത് ശരിയായ അളവില്‍ നിലനിര്‍ത്താനും ഇലക്ട്രോലൈറ്റ് ബാലന്‍സ് കാത്തുസൂക്ഷിക്കാനും കോശ പ്രവര്‍ത്തനങ്ങള്‍ക്കും പൊട്ടാസ്യം അത്യാവശ്യമാണ്. പക്ഷേ ഉപ്പിന്റെ അമിതോപയോഗം ശരീരത്തിലെത്തുന്ന സോഡിയത്തിന്റെ അളവ് കൂടാനും സോഡിയം – പൊട്ടാസ്യം സന്തുലിതാവസ്ഥ തകിടം മറിയാനും കാരണമാകുന്നു. ഇത് ആരോഗ്യത്തിന് ദോഷകരമാണ്.

ഉപ്പിന്റെ അധിക ഉപയോഗം ആളുകളില്‍ മാരകമായ ഹൃദ്രോഗങ്ങളും സ്‌ട്രോക്കും ഉണ്ടാക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ മൂലം ലോകത്ത് എല്ലാ വര്‍ഷം11 ദശലക്ഷത്തോളം ആളുകളാണ് മരണപ്പെടുന്നത്. ഇതില്‍ മൂന്ന് ദശലക്ഷം പേരുടെ മരണത്തിന് കാരണം ശരീരത്തിലെ ഉയര്‍ന്ന സോഡിയം സാന്നിധ്യമാണ്. സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന നിരവധി രാജ്യങ്ങളിലും ദരിദ്ര രാഷ്ട്രങ്ങളിലും ബ്രെഡ്, ധാന്യങ്ങള്‍, സംസ്‌കരിത്ത മാംസങ്ങള്‍, ചീസ് അടക്കമുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളിലൂടെയാണ് ശരീരത്തിലേക്ക് കൂടിയ അളവില്‍ സോഡിയമെത്തുന്നത്.

ദിവസവും 5 ഗ്രാം ഉപ്പ് ഉപയോഗിക്കുന്നത് രക്തസമ്മര്‍ദ്ദവും കാര്‍ഡിയോ വാസ്‌കുലാര്‍ രോഗസാധ്യതയും കുറയ്ക്കാന്‍ ശരീരത്തെ സഹായിക്കും. എന്നാല്‍ ഇതിന്റെ അളവ് കൂടിയാല്‍ നേര്‍ വിപരീതമായിരിക്കും ഫലം. കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ മൂലം ലോകത്ത് പ്രതിവര്‍ഷം 32 ശതമാനം ആളുകള്‍ മരിക്കുന്നുണ്ട്. മാത്രമല്ല ശരീരത്തിലെ സോഡിയത്തിന്റെ അളവ് കൂടിയാല്‍ പൊണ്ണത്തടി, ഗുരുതരമായ വൃക്കരോഗം, ഉദരാശയ കാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യതയും വര്‍ധിക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്തിലുള്ള മിക്ക ആളുകളും ഒരു ദിവസം ശരാശരി 9 മുതല്‍ 12 ഗ്രാമെങ്കിലും ഉപ്പ് കഴിക്കുന്നുണ്ട്.

  ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ബിരുദദാനച്ചടങ്ങ്

 

ഉപ്പിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

സോഡിയം ഉപയോഗം സംബന്ധിച്ച വസ്തുതാ റിപ്പോര്‍ട്ടില്‍ നമുക്ക് ഒഴിച്ചുകൂടാനാകാത്ത ഉപ്പിനെ കുറിച്ചുള്ള ചില അബദ്ധ ധാരണകള്‍ക്കും ലോകാരോഗ്യ സംഘടന മറുപടി നല്‍കുന്നുണ്ട്. വിയര്‍ത്തതിന് ശേഷം ഉപ്പ് ഉപയോഗത്തിന്റെ അളവ് കൂട്ടണം, കടലില്‍ നിന്നുള്ള അല്ലെങ്കില്‍ പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ഉപ്പാണ് നല്ലത് , അമിത ഉപ്പ് ഉപയോഗം പ്രായമായവര്‍ക്ക് മാത്രമാണ് ദോഷമുണ്ടാക്കുക തുടങ്ങി ഉപ്പുമായി ബന്ധപ്പെട്ട് പല തെറ്റിദ്ധാരണകളും ആളുകള്‍ക്കുണ്ട്. ഇവയൊന്നും ശരിയല്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. വിയര്‍ത്തതിന് ശേഷം ഉപ്പല്ല, വെള്ളമാണ് ശരീരത്തില്‍ എത്തേണ്ടത്. പ്രകൃതിയില്‍ നിന്ന് നേരിട്ട് ലഭിക്കുന്നതോ അല്ലാത്തതോ തുടങ്ങി ഏത് തരം ഉപ്പാണെങ്കിലും അമിതമായാല്‍ ആരോഗ്യത്തിന് ദോഷം ചെയ്യും. മാത്രമല്ല പ്രായഭേദമന്യേ ഉപ്പ് അമിതമായി കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം ഉയരുകയും ചെയ്യും.

സോഡിയം അപര്യാപ്തതയുള്ളവര്‍, ശരീരത്തില്‍ വെള്ളം നിലനില്‍ക്കാത്തവര്‍, ഭക്ഷണക്രമത്തിലോ പോഷകാഹാരത്തിലോ പ്രത്യേക ശ്രദ്ധ വേണ്ടുന്നവര്‍ എന്നിവരൊഴിച്ച് എല്ലാവരും ലോകാരോഗ്യ സംഘടനയുടെ ഉപ്പുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കേണ്ടവരാണ്.

Maintained By : Studio3