Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡെല്‍ഹിയില്‍ കോവിഡ് മൂലം ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുന്നതായി റിപ്പോര്‍ട്ട്

1 min read

അതീവ അപകടകാരിയായ ഈ ഫംഗസ് രോഗം  മൂലം കഴിഞ്ഞ വര്‍ഷവും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു

ന്യൂഡെല്‍ഹി: കോവിഡ്-19 മൂലമുള്ള മ്യൂകോര്‍മിസൈസിസ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതായി ഡെല്‍ഹിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. ബ്ലാക്ക് ഫംഗസ് എന്നും അറിയപ്പെടുന്ന ഈ ഫംഗസ് അണുബാധ അവയവ മാറ്റം നടത്തിയ രോഗികളിലും തീവ്രരോഗ പരിചരണ വിഭാഗം രോഗികളിലും പ്രതിരോധ ശേഷി കുറഞ്ഞവരിലും പലവിധ രോഗങ്ങള്‍ക്കും മരണത്തിനും കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാത്രം ആറോളം മ്യൂകോര്‍മിസൈസിസ് കേസുകളാണ് ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഡെല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലെ ഇഎന്‍ടി സര്‍ജനായ ഡോ. മനീഷ് മുഞ്ജാള്‍ പറഞ്ഞു.  കഴിഞ്ഞ വര്‍ഷം അതീവ അപകടകാരിയായ ഈ രോഗം മൂലം നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇവരില്‍ പലരും കാഴ്ചാവൈകല്യത്തിനും മൂക്കിലെയും താടിയിലെയും എല്ലുകള്‍ നീക്കം ചെയ്യുന്നതിനും ചികിത്സയിലുള്ളവരായിരുന്നു.

കോവിഡ്-19 ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സ്റ്റിറോയിഡുകളും പല കൊറോണ വൈറസ് രോഗികളും പ്രമേഹരോഗ ബാധിതരാണെന്നതുമാണ് വീണ്ടും ബ്ലാക്ക് ഫംഗസ് കേസുകള്‍ വര്‍ധിക്കാനുള്ള കാരണങ്ങളിലൊന്നെന്ന് ആശുപത്രിയിലെ ഇഎന്‍ടി വിഭാഗം ചെയര്‍മാന്‍ ഡോ. അജയ് സ്വരൂപ് അഭിപ്രായപ്പെട്ടു. കോവിഡ് രോഗമുക്തരായവരായെങ്കിലും പ്രമേഹം, വൃക്കയ്ക്ക് തകരാര്‍, ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ ഗുരുതര രോഗങ്ങള്‍ ഉള്ളവരിലാണ് ബ്ലാക്ക് ഫംഗസ് കൂടുതലായി കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിരോധ ശേഷി കുറഞ്ഞ കോവിഡ്-19 രോഗികളില്‍ ഈ ഫംഗസ് രോഗം എളുപ്പത്തില്‍ പിടിപെടാമെന്ന് ഡോ. മുഞ്ജാള്‍ മുന്നറിയിപ്പ് നല്‍കി. മൂക്കില്‍ തടസ്സം അനുഭവപ്പെടുക, കണ്ണുകളിലോ കവിളിലോ നീര്്, മൂക്കില്‍ കറുത്ത കുരുക്കള്‍ തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ചികിത്സ തേടണമെന്നും ബയോപ്‌സിയിലൂടെ രോഗം സ്ഥിരീകരിച്ച് എത്രയും വേഗം ആന്റി ഫംഗല്‍ ചികിത്സകള്‍ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Maintained By : Studio3