February 13, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

1.9 ട്രില്യണ്‍ ഡോളര്‍ കോവിഡ് പാക്കേജ് ജനപ്രതിനിധി സഭ അംഗീകരിച്ചു

1 min read

വാഷിംഗ്ടണ്‍: പ്രസിഡന്‍റ് ജോ ബൈഡന്‍ മുന്നോട്ടുവെച്ച 1.9 ട്രില്യണ്‍ ഡോളര്‍ കൊറോണ വൈറസ് ദുരിതാശ്വാസ പാക്കേജ് ജനപ്രതിനിധി സഭ അംഗീകരിച്ചു. നിയമനിര്‍മാണ സഭയില്‍ ബെഡന്‍റെ ആദ്യ വിജയം കൂടിയാണിത്. കൊറോണ വൈറസിന്‍റെ വിനാശകരമായ വ്യാപനം യുഎസിനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. അതിനാല്‍ മുന്‍ഗണനാക്രമത്തില്‍ പുതിയ ഭരണകൂടം സ്വീകരിക്കുന്ന പ്രധാന നടപടിയാണിത്. 212നെതിരേ 219 വോട്ടുകള്‍ക്കാണ് സഭ പാക്കേജിന് അംഗീകാരം നല്‍കിയത്. രണ്ടുഡെമോക്രാറ്റുകള്‍,ഒറിഗോണിലെ കുര്‍ട്ട് ഷ്രഡെര്‍, മൈനിന്‍റെ ജേര്‍ഡ് ഗോള്‍ഡന്‍ എന്നിവര്‍ ബില്ലിനെതിരെ വോട്ടുചെയ്തു. ഇനി സെനറ്റ് പാക്കേജ് പരിശോധിക്കും. പാക്കേജുപ്രകാരം ചെറുകിട ബിസിനസുകള്‍ക്ക് നേരിട്ടുള്ള സഹായം, പ്രതിവര്‍ഷം 75,000 ഡോളറില്‍ താഴെയുള്ള അമേരിക്കക്കാര്‍ക്ക് 1,400 ഡോളര്‍ നേരിട്ടുള്ള ചെക്കുകള്‍, സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നേരിട്ടുള്ള ധനസഹായം, സ്കൂളുകള്‍ക്ക് ധനസഹായം, വാക്സിന്‍ വിതരണത്തിന് കൂടുതല്‍ പണം എന്നിവ ഉള്‍പ്പെടുന്നു.

  ക്വാളിറ്റി പവര്‍ ഇലക്ട്രിക്കല്‍ എക്യുപ്മെന്‍റ്സ് ഐപിഒ

500,000-ത്തിലധികം അമേരിക്കക്കാരെ കൊന്നൊടുക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്ത ഒരു മഹാമാരിയെ നേരിടാന്‍ പാക്കേജ് ആവശ്യമാണെന്ന് ഡെമോക്രാറ്റുകള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. അമേരിക്കന്‍ ജനത തങ്ങളുടെ സര്‍ക്കാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് അറിയേണ്ടതുണ്ടെന്ന് സഭയില്‍ നടന്ന ചര്‍ച്ചയില്‍ സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു.

സഭ പാസാക്കിയ ബില്‍ 2009 ന് ശേഷം ആദ്യമായി ദേശീയ മിനിമം വേതനം മണിക്കൂറില്‍ 7.25 ഡോളറില്‍ നിന്ന് 15 ഡോളറായി ഉയര്‍ത്തും. എന്നാല്‍ ഇക്കാര്യം സെനറ്റ് അംഗീകരിക്കേണ്ടതുണ്ട്. മിക്ക റിപ്പബ്ലിക്കന്‍മാര്‍ക്കൊപ്പം കുറഞ്ഞത് രണ്ട് സെനറ്റ് ഡെമോക്രാറ്റുകളും ഇതിനെ എതിര്‍ക്കുന്നു. ചില സെനറ്റര്‍മാര്‍ മണിക്കൂറില്‍ 10 മുതല്‍ 12 ഡോളര്‍ വരെ ചെറിയ വര്‍ധനവ് നിര്‍ദേശിക്കുന്നു. അതേസമയം ഡെമോക്രാറ്റുകള്‍ 15 ഡോളര്‍ വേതനം സ്വമേധയാ നല്‍കാത്ത വലിയ കോര്‍പ്പറേറ്റുകള്‍ക്ക് പിഴ ചുമത്താന്‍ ആലോചിക്കുന്നുണ്ടെന്നും സൂചനയുണ്ട്.

  ഇന്‍വെസ്കോ ബിസിനസ് സൈക്കിള്‍ ഫണ്ട് എന്‍എഫ്ഒ
Maintained By : Studio3