October 16, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അമേരിക്കയുടെ പശ്ചിമേഷ്യാ നയത്തില്‍ മാറ്റം

ഖഷോഗി വധം: യുഎസ് റിപ്പോര്‍ട്ടും നല്‍കുന്ന സൂചനകളും

റിപ്പോര്‍ട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ വ്യക്തിപരമായി കുറ്റപ്പെടുത്തുന്നു

കിരീടാവകാശിയെ ഒഴിവാക്കി യുഎസ് നടപടി

ജനപരതിനിധിസഭയിലെ ഡെമോക്രാറ്റുകള്‍ കൂടുതല്‍ കടുത്ത നടപടികള്‍ ആവശ്യപ്പെടുന്നു

ഹൂതിവിമതര്‍ക്കെതിരായ ഉപരോധവും അമേരിക്ക പിന്‍വലിച്ചതും സൗദിയെ സമ്മര്‍ദ്ദത്തിലാക്കും

 

ന്യൂയോര്‍ക്ക്: യുഎസ് മാധ്യമങ്ങളുടെ കോളമിസ്റ്റായ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ കേസില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ വ്യക്തിപരമായി കുറ്റപ്പെടുത്തി യുഎസ് റിപ്പോര്‍ട്ട്. ദേശീയ ഇന്‍റലിജന്‍സ് ഡയറക്ടറുടെ (ഒഡിഎന്‍ഐ) ഓഫീസില്‍ നിന്നുള്ള റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് പുറത്തുവിട്ടത്. ഇത് യുഎസിന്‍റെ പശ്ചിമേഷ്യാ നയത്തിലെ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. സിറിയയിലെ ഇറാന്‍റെ പിന്തുണയുള്ള വിമതര്‍ക്കെതിരെ വ്യോമാക്രമണം നടത്താന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഉത്തരവിട്ടതിനു പിന്നാലെയാണ് യുഎസ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

യെമനില്‍ സൗദി പിന്തുണയുള്ള സര്‍ക്കാരിനെതിരായി പോരാടുന്ന ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ക്കെതിരെ മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഉപരോധം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബൈഡന്‍ നീക്കം ചെയ്തിരുന്നു. സൗദി അറേബ്യ പോലുള്ള സ്വാധീനമുള്ള രാജ്യങ്ങളുമായി ഇടപെടുമ്പോഴും ചൈനയെയോ റഷ്യയെയോ ഒഴിവാക്കുന്ന അവസരത്തിലും ബൈഡന്‍
ധാര്‍മിക രാഷ്ട്രീയ തത്വങ്ങളെക്കാള്‍ ഉപരി പ്രായോഗികതയുടെ അടിസ്ഥാനത്തില്‍ ഉള്ള രാഷ്ട്രീയം പരീക്ഷിക്കുന്നതായി തോന്നുന്നു. മുന്‍പ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയുടെ നോമിനേഷനായുള്ള ചര്‍ച്ചക്കിടെ ഖഷോഗിയുടെ കൊലപാതകത്തിന് ബൈഡന്‍ സൗദി അറേബ്യയെ വിമര്‍ശിച്ചിരുന്നു. ഇക്കാര്യത്തില്‍ സൗദി അറേബ്യ കനത്ത വില നല്‍കണ്ടിവരുമെന്നും സൂചിപ്പിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ അധികാരത്തിലെത്തിയപ്പോള്‍ സൗദിയുമായുള്ള ബന്ധം പുനക്രമീകരിക്കുമ്പോഴും തനിക്ക് അത്രദൂരം മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം ബൈഡന്‍ തിരിച്ചറിയുന്നു.

  ജൈടെക്സ് ഗ്ലോബല്‍ 2024ൽ കേരള ഐടി പവലിയന്‍

യുഎസിലെ സ്ഥിര താമസക്കാരനും വാഷിംഗ്ടണ്‍ പോസ്റ്റിന്‍റെ സ്വാധീനമുള്ള കോളമിസ്റ്റുമായ ഖാഷോഗിയെ കൊലപ്പെടുത്തിയതിനെതിരായ യുഎസ് നടപടികളില്‍നിന്ന് തല്‍ക്കാലം സല്‍മാന്‍ രക്ഷപെട്ടു. പകരം കേസില്‍ ഉള്‍പ്പെട്ട മറ്റ് സൗദി പൗരന്മാര്‍ക്കെതിരെ വിദേശകാര്യ,ട്രഷറി വകുപ്പുകള്‍ പ്രത്യേക നടപടികള്‍ സ്വീകരിച്ചു. റിയാദുമായി തുടര്‍ന്നും സഹകരണം ഉറപ്പാക്കാന്‍ ഇത് ബൈഡന്‍ ഭരണകൂടത്തെ പ്രാപ്തമാക്കുന്നു. കാരണം കുറ്റം ആരോപിക്കപ്പെട്ട കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സര്‍ക്കാര്‍ തലവന് തുല്യനാണ്. ഇവിടെ പ്രോട്ടോക്കോള്‍ അനുസരിച്ച് കിരീടാവകാശിയായ സല്‍മാനോട് സംസാരിക്കാന്‍ വിസമ്മതിച്ച തലം വരെ മാത്രമാണ് ബൈഡന് പോകാനായത്. കഴിഞ്ഞ ദിവസംപ്രസിഡന്‍റ് നടത്തിയ ഫോണ്‍ സംഭാഷണം സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനോടായിരുന്നു. അതും അധികാരമേറ്റ് വൈകിയവേളയിലാണ് സൗദിയിലേക്ക് പ്രസിഡന്‍റിന്‍റെ കോള്‍ എത്തിയത്.

ഖഷോഗി വധവുമായി ബന്ധപ്പെട്ട് വിദേശത്തുള്ള പ്രവര്‍ത്തകരെ ആക്രമിക്കാന്‍ സര്‍ക്കാരുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ നപടികള്‍ പ്രഖ്യാപിച്ചത് ബൈഡന്‍റെ നയപ്രകാരമാണ്. ഇതിന്‍ പ്രകാരം ആദ്യ നടപടിയില്‍ 76 സൗദികള്‍ക്ക് വിസ നിയന്ത്രണം ഏര്‍പ്പെടുത്തി. ഖഷോഗിയുടെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ വിദേശത്തുള്ള വിമതരെ ഭീഷണിപ്പെടുത്തുന്നതില്‍ ഏര്‍പ്പെട്ടിരുന്നതായും യുഎസ് പറയുന്നു. സൗദിയിലെ മുന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി അഹമ്മദ് ഹസ്സന്‍ മുഹമ്മദ് അല്‍ അസിരിയുടെ യുഎസിലെ സ്വത്തുക്കള്‍ നടപടിയുടെ ഭാഗമായി മരവിപ്പിച്ചിട്ടുണ്ട്.

  നാഡി നോക്കുന്നതിനു മുൻപ്

എന്നാല്‍ യുഎസ് കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാക്കള്‍ ഈ നടപടികളില്‍ സംതൃപ്തരല്ല. ഖഷോഗി വധത്തില്‍ കൂടുതല്‍ മുന്നോട്ട് പോകാന്‍ അവര്‍ ബൈഡനോട് ആവശ്യപ്പെടുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ വ്യക്തിപരമായി ഉത്തരവാദിയാക്കിക്കൊണ്ട് ഭരണകൂടം ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി ചെയര്‍ ബോബ് മെനെന്‍ഡെസ് ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകത്തിന്‍റെ പ്രത്യാഘാതം ഇത് നടത്തിയവര്‍ക്കപ്പുറം, അത് ഉത്തരവിട്ടയാള്‍ക്ക് തന്നെ ആയിരിക്കണമെന്ന് ജനപ്രതിനിധിസഭയുടെ ഇന്‍റലിജന്‍സ് കമ്മിറ്റി തലവന്‍ ആദം ഷിഫ് അഭിപ്രായപ്പെട്ടു.

സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ പിടിക്കാനോ കൊല്ലാനോ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ ഒരു ഓപ്പറേഷന് സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അനുമതി നല്‍കിയതായി വിലയിരുത്തുന്നു എന്നാണ് ഒഡിഎന്‍ഐ റിപ്പോര്‍ട്ടിന്‍റെ നാല് പേജുള്ള എക്സിക്യൂട്ടീവ് സംഗ്രഹം. അതില്‍ കിരീടാവകാശി ഖഷോഗിയെ രാജ്യത്തിന് ഭീഷണിയായി കണ്ടിരുന്നതായി പറയുന്നു. അദ്ദേഹത്തെ നിശബ്ദമാക്കാന്‍ ആവശ്യമെങ്കില്‍ അക്രമാസക്തമായ നടപടികള്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കുകയും ചെയ്തു. ഈ നടപടികള്‍ സൗദി അധികൃതര്‍ എത്രത്തോളം മുന്‍കൂട്ടി തീരുമാനിച്ചുവെന്ന് അറിയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.കൊലപാതകം സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ മുമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യയുമായുള്ള അടുത്ത ബന്ധം കാരണം അത് പുറത്തുവിടാന്‍ വിസമ്മതിക്കുകയായിരുന്നു.

  സ്കൈസ്കാന്നറിന്‍റെ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനില്‍ തിരുവനന്തപുരവും

വീണ്ടും വിവാഹം കഴിക്കാന്‍ ആവശ്യമായ രേഖകള്‍ നേടുന്നതിനായി സൗദി പൗരനും രാജവാഴ്ചയുടെ വിമര്‍ശകനുമായ ഖഷോഗി 2018 ഒക്ടോബറില്‍ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഖഷോഗിയെ കാണാതാവുകയായിരുന്നു. കോണ്‍സുലേറ്റില്‍നിന്നും ജീവനോടെ പുറത്തുപോയ ഖഷോഗി പിന്നീട് ഒരു പോരാട്ടത്തില്‍ കൊല്ലപ്പെട്ടു എന്ന് സൗദി അറേബ്യ സമ്മതിച്ചു. അതേസമയം ഖഷോഗി കൊല്ലപ്പെട്ടത് കോണ്‍സുലേറ്റിനുള്ളില്‍വെച്ചാണെന്ന് തുര്‍ക്കിയുടെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഇയാളുടെ മൃതദേഹം തുണ്ടുകളാക്കിയാണ് അവിടെ നിന്നും നീക്കംചെയ്തതെന്നും ഏജന്‍സി വ്യക്തമാക്കി.

പെട്രോളിയത്തിനായി യുഎസ് ഇപ്പോള്‍ പശ്ചിമേഷ്യയെ ആശ്രയിക്കുന്നില്ല. ഇത് മേഖലയെ സംബന്ധിച്ച നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ അവര്‍ക്ക് മേധാവിത്വം നല്‍കും. എന്നാല്‍ മേഖലയെ ഒഴിവാക്കിയുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ വാഷിംഗ്ടണാവില്ല. ഇറാഖ്, സിറിയ, ലിബിയ എന്നിവിടങ്ങളിലെ ഇടപെടലുകള്‍ ഉദാഹരണങ്ങളാണ്. കൂടാതെ സൗദി അറേബ്യ, ഇസ്രായേല്‍, ഇറാന്‍ എന്നിവയ്ക്കിടയില്‍ തര്‍ക്കമുണ്ടാകാതെ നോക്കേണ്ടതും യുഎസ് തന്നെയാണ്. കാരണം ഇവിടെ ഒരു തീപ്പോരി വീണാല്‍പ്പോലും അത് യുദ്ധമായി മാറിയേക്കാം. സൗദി അറേബ്യയുമായും ഇസ്രയേലുമായും കൂടുതല്‍ അടുക്കുകയും ടെഹ്റാനില്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്ത ട്രംപ് മേഖലയിലെ കാര്യങ്ങള്‍കൂടുതല്‍ സങ്കീര്‍ണമാക്കിയിരുന്നു. ഇറാനുമായുള്ള യുഎസ് ബന്ധം സാധാരണ നിലയിലാക്കുന്നതിന് ആണവ ശേഷി വികസിപ്പിക്കുന്നത് അവസാനിപ്പിച്ച് കരാറില്‍ വീണ്ടും ടെഹ്റാന്‍ ചേരേണ്ടതുണ്ട്. അതിന് കടമ്പകള്‍ ഏറെയുണ്ട്. ട്രംപിന്‍റെ കാലത്തുനിന്നുമാറിചിന്തിക്കുമ്പോള്‍ ബൈഡന് പശ്ചിമേഷ്യയില്‍ ഒരു സമാധാനത്തിന്‍റെ പാത വെട്ടിത്തുറക്കാനാവുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.

Maintained By : Studio3