ഹോണ്ട ഇന്ത്യയില്‍ 78,000 കാറുകള്‍ തിരിച്ചുവിളിച്ചു
ഫ്യൂവല്‍ പമ്പിന്റെ തകരാറാണ് ഇത്രയും വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതിന് കാരണം
ഹോണ്ട ഇന്ത്യയില്‍ ഏകദേശം 78,000 കാറുകള്‍ തിരിച്ചുവിളിച്ചു. ഫ്യൂവല്‍ പമ്പിന്റെ തകരാറാണ് ഇത്രയും വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതിന് കാരണം. 2019, 2020 വര്‍ഷങ്ങളില്‍ നിര്‍മിച്ച, കൃത്യമായി പറഞ്ഞാല്‍ 77,954 യൂണിറ്റ് കാറുകളാണ് ഹോണ്ട കാര്‍സ് ഇന്ത്യ തിരിച്ചുവിളിക്കുന്നത്. ഇതിനായി സര്‍വീസ് കാംപെയ്ന്‍ ആരംഭിച്ചു. ഈ വാഹനങ്ങളിലെ ഫ്യൂവല്‍ പമ്പുകളുടെ ഇംപെല്ലറിന് ആയിരിക്കാം പ്രശ്‌നമെന്ന് ഹോണ്ട പ്രസ്താവിച്ചു. ഇക്കാരണത്താല്‍ എന്‍ജിന്‍ സ്റ്റോപ്പാകുന്നതിന് സാധ്യത ഏറെയാണ്. അല്ലെങ്കില്‍ സ്റ്റാര്‍ട്ട് ആകാതിരിക്കും. ഏപ്രില്‍ 17 മുതല്‍ ഘട്ടംഘട്ടമായി തിരിച്ചുവിളി ആരംഭിച്ചു.
തിരിച്ചുവിളി ബാധിച്ച മോഡലുകളുടെ വിശദമായ പട്ടിക ഹോണ്ട കാര്‍സ് ഇന്ത്യ പുറത്തുവിട്ടു. ഈ വാഹനങ്ങളുടെ ഉല്‍പ്പാദന കാലയളവ്, എത്ര യൂണിറ്റുകള്‍ തിരിച്ചുവിളിച്ചു എന്നിവയെല്ലാം വ്യക്തമാക്കിയിരിക്കുന്നു. 36,086 യൂണിറ്റ് അമേസ്, 20,248 യൂണിറ്റ് മുന്‍ തലമുറ സിറ്റി, 7,871 യൂണിറ്റ് ഡബ്ല്യുആര്‍ വി, 6,235 യൂണിറ്റ് ജാസ്, 5,170 യൂണിറ്റ് സിവിക്, 1,737 യൂണിറ്റ് ബിആര്‍ വി എന്നിവയാണ് തിരിച്ചുവിളിച്ചത്. ഈ എല്ലാ മോഡലുകളും 2019 ജനുവരി മുതല്‍ ഒക്‌റ്റോബര്‍ വരെ നിര്‍മിച്ചതാണ്. കൂടാതെ 607 യൂണിറ്റ് ഹോണ്ട സിആര്‍ വി തിരിച്ചുവിളിച്ചു. ഈ വാഹനങ്ങള്‍ 2019 ജനുവരി മുതല്‍ 2020 സെപ്റ്റംബര്‍ വരെ നിര്‍മിച്ചവയാണ്. ഹോണ്ട സിവിക്, ബിആര്‍ വി, സിആര്‍ വി എന്നീ മോഡലുകള്‍ ഇതിനകം ഇന്ത്യയില്‍ നിര്‍ത്തിയിരുന്നു.
ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിച്ച ആഗോള തിരിച്ചുവിളിയുടെ ഭാഗമായിരിക്കാം ഇന്ത്യയിലെയും തിരിച്ചുവിളി. എന്‍ജിന്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കാവുന്ന ഫ്യൂവല്‍ പമ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് ആഗോളതലത്തില്‍ 7.61 ലക്ഷത്തോളം വാഹനങ്ങള്‍ തിരിച്ചുവിളിക്കുമെന്ന് ഹോണ്ട പ്രഖ്യാപിച്ചിരുന്നു. കൊവിഡ് കാലമായതിനാല്‍ ഡീലര്‍ഷിപ്പുകളില്‍ പരിമിത എണ്ണം ജീവനക്കാര്‍ മാത്രമാണ് ജോലി ചെയ്യുന്നതെന്നും അതുകൊണ്ടുതന്നെ മുന്‍കൂട്ടി തീയതി വാങ്ങിയശേഷം മാത്രം ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിക്കണമെന്നും ഹോണ്ട കാര്‍സ് ഇന്ത്യ നിര്‍ദേശിച്ചു.
തിരിച്ചുവിളിച്ച വാഹനങ്ങളുടെ ഉടമകളെ ഹോണ്ട ഡീലര്‍മാര്‍ വ്യക്തിപരമായി ബന്ധപ്പെടും. മാത്രമല്ല, തകരാറിലായ പാര്‍ട്ട് സൗജന്യമായി മാറ്റിസ്ഥാപിക്കും. ഹോണ്ട കാര്‍സ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ സൃഷ്ടിച്ച പ്രത്യേക മൈക്രോസൈറ്റ് സന്ദര്‍ശിച്ച് 17 അക്ക വാഹന തിരിച്ചറിയല്‍ നമ്പര്‍ (വിഐഎന്‍) നല്‍കിയാല്‍ നിങ്ങളുടെ വാഹനം തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പെട്ടോ എന്ന് ഹോണ്ട ഉപയോക്താക്കള്‍ക്ക് അറിയാന്‍ കഴിയും.
അമേസ് 2019 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ 36,086 യൂണിറ്റ്
മുന്‍ തലമുറ സിറ്റി 2019 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 20,248 യൂണിറ്റ്
ഡബ്ല്യുആര്‍ വി 2019 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ 7,871 യൂണിറ്റ്
ജാസ് 2019 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ 6,235 യൂണിറ്റ്
സിവിക് 2019 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 5,170 യൂണിറ്റ്
ബിആര്‍ വി 2019 ജനുവരി മുതല്‍ ഒക്‌റ്റോബര്‍ വരെ 1,737 യൂണിറ്റ്
സിആര്‍ വി 2019 ജനുവരി മുതല്‍ 2020 സെപ്റ്റംബര്‍ വരെ 607 യൂണിറ്റ്