ഹിമന്ത ബിശ്വ ശര്‍മ്മ അധികാരമേറ്റു
1 min readഗുവഹത്തി: ആസാം മുഖ്യമന്ത്രിയായി ബിജെപി നേതാവും മുന്‍മന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ്മ അധികാരമേറ്റു. കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ നടന്ന പാര്‍ട്ടി യോഗത്തിനുശേഷമാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി സോനോവാളും ശര്‍മ്മയും പങ്കെടുത്തിരുന്നു.സംസ്ഥാനത്തെ പതിനഞ്ചാമത്തെ മുഖ്യമന്ത്രിയാണ് ശര്‍മ്മ. മുഖ്യമന്ത്രിയെക്കൂടാതെ 13 മന്ത്രിമാരും അധികാരമേറ്റു.
രഞ്ജിത് കുമാര്‍ ദാസ്, അതുല്‍ ബോറ, യു.ജി. ബ്രഹ്മാ, പരിമള്‍ ശുക്ലബൈദ്യ, ചന്ദ്ര മോഹന്‍ പട്ടോവരി, കേശ്ബ് മഹന്ത, റനോജ് പെഗു, സഞ്ജയ് കിഷന്‍, ജോഗന്‍ മോഹന്‍, അജന്ത നിയോഗ്, അശോക് സിംഗാല്‍, പിജുഷ് ഹസാരിക, ബിമല്‍ ബോറ മന്ത്രസഭയിലെ അംഗങ്ങള്‍. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പ് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്ന നിയോഗ് കഴിഞ്ഞ തരുണ്‍ ഗോഗോയി നേതൃത്വത്തിലുള്ള സര്‍ക്കാരുകളില്‍ കോണ്‍ഗ്രസ് മന്ത്രിയായിരുന്നു.
ബി.ജെ.പി പ്രസിഡന്‍റ് ജെ.പി.നദ്ദ, മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍, മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍, നിരവധി പ്രമുഖര്‍ എന്നിവര്‍ ഒരു മണിക്കൂര്‍ നീണ്ട സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
മുഖ്യമന്ത്രിയായി അധികാരമേറ്റ ശര്‍മ്മയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.ഈ ടീം ആസാമിന്‍റെ വികസന യാത്രയ്ക്ക് ആക്കം കൂട്ടുമെന്ന് അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു.മറ്റൊരു ട്വീറ്റില്‍ ആസാമിന്‍റെ പുരോഗതിക്കും സംസ്ഥാനത്തെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും നല്‍കിയ സംഭാവനകള്‍ക്ക് പ്രധാനമന്ത്രി മോദി സോനോവാളിന് നന്ദി പറഞ്ഞു. “എന്‍റെ സഹപ്രവര്‍ത്തകനായ സര്‍ബാനന്ദ് സോനോവാള്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒരു ജന-അനുകൂല, വികസന അനുകൂല ഭരണനിര്‍വഹണത്തിന്‍റെ ചുക്കാന്‍ പിടിച്ചിരുന്നു. ആസാമിന്‍റെ പുരോഗതിക്കും സംസ്ഥാനത്തെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും അദ്ദേഹം നല്‍കിയ സംഭാവന വളരെ വലുതാണ്,” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.