ഉപഭോക്താക്കള്‍ക്ക് ഭാരം, പെട്രോളിയം വില ധര്‍മസങ്കടം: നിര്‍മല സീതാരാമന്‍
ന്യൂഡെല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയിലുണ്ടായ വലിയ വര്‍ധന ഉപഭോക്താക്കള്‍ക്ക് ഭാരം തന്നെയാണെന്നും ഇക്കാര്യത്തില്‍ ധര്‍മ സങ്കടത്തിലാണെന്ന് താനെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പെട്രോള്‍ വില ചില സംസ്ഥാനങ്ങളില്‍ 100 രൂപയ്ക്ക് മുകളില്‍ എത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. നികുതിയിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സമാഹരിക്കുന്ന തുകയുടെ 41 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിനാല്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തണമെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ എക്സൈസ് തീരുവയില്‍ വിവിധ ഘട്ടങ്ങളിലായി വര്‍ധന നടപ്പാക്കിയിരുന്നു. ആഗോള തലത്തില്‍ ക്രൂഡോയില്‍ വില റെക്കോഡ് താഴ്ചയില്‍ എത്തിയ പശ്ചാത്തലത്തില്‍, ഉപഭോക്തൃ വിലയില്‍ അത് പ്രതിഫലിപ്പിക്കാതെ സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കുന്നതിനായിരുന്നു ഇത്. എന്നാല്‍ ക്രൂഡോയില്‍ വില പിന്നീട് കുതിച്ചുയര്‍ന്നപ്പോഴും സര്‍ക്കാര്‍ കൂട്ടിയ നികുതി മാറ്റമില്ലാതെ തുടരുകയാണ്.
പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കേണ്ടത് ജിഎസ്ടി കൗണ്‍സില്‍ ആണെന്നും അവര്‍ക്ക് അതെടുത്ത് ചര്‍ച്ച ചെയ്യാവുന്നതാണെന്നും ഡെല്‍ഹിയില്‍ വനിതാ ജേര്‍ണലിസ്റ്റുകള്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അവര്‍ പറഞ്ഞു. “സാമ്പത്തിക ഉത്തേജകത്തിന് നികുതിദായകര്‍ ഫണ്ട് നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. മുഴുവന്‍ തുകയും വരുമാനവും വായ്പയും ആയിട്ടാണ്. സര്‍ക്കാര്‍ ചെലവഴിക്കാന്‍ കടം വാങ്ങുകയാണ്, അത് ആളുകളില്‍ നിന്ന് എടുക്കുന്നില്ല, “അവര്‍ പറഞ്ഞു.