October 5, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഓഹരി വിറ്റഴിക്കല്‍ : തൊഴിലിന്‍റെ കാര്യം നോക്കാന്‍ അറിയാമെന്ന് സര്‍ക്കാര്‍

1 min read

തൊഴില്‍ നഷ്ടം, മറ്റ് കാര്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യും

തന്ത്രപ്രധാനമേഖലകളിലെ ഓഹരി വിറ്റഴിക്കലില്‍ നയം വ്യക്തമാക്കി സര്‍ക്കാര്‍

ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് മന്ത്രി അനുരാഗ് താക്കൂര്‍

ന്യൂഡെല്‍ഹി: തന്ത്രപ്രധാന മേഖലയിലെ ഒരു പൊതുമേഖല കമ്പനി സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തൊഴില്‍ നഷ്ടം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വേണ്ട രീതിയില്‍ മാനേജ് ചെയ്യുമെന്ന് മോദി സര്‍ക്കാര്‍. ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് ഓഹരി വിറ്റഴിക്കല്‍ സംബന്ധിച്ച് യാതൊരു വിധ ആശങ്കകളും വേണ്ടതില്ലെന്ന് രാജ്യസഭയില്‍ വ്യക്തമാക്കിയത്.

വളരെ കൃത്യതയാര്‍ന്നതും സുതാര്യവുമായ ഓഹരി വിറ്റഴിക്കല്‍ നയമാണ് സര്‍ക്കാരിന്‍റേതെന്ന് അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. അറ്റോമിക് എനര്‍ജി, സ്പേസ്, ഡിഫന്‍സ്, ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ്, പവര്‍, പെട്രോളിയം, കോള്‍, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഫൈനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയാണ് തന്ത്രപ്രധാന മേഖലകളായി സര്‍ക്കാര്‍ തരംതിരിച്ചിരിക്കുന്നത്. ബാക്കിയെല്ലാം തന്ത്രപ്രധാനമല്ലാത്ത മേഖലകളാണ്.

  രണ്ടു നവീന ഉത്പന്നങ്ങളുമായി മില്‍മ

പൊതുമേഖല കമ്പനികള്‍ സ്വകാര്യ വല്‍ക്കരണത്തിനോ തന്ത്രപരമായ വില്‍പ്പനയ്ക്കോ വിധേയമായാല്‍ അതുമായി ബന്ധപ്പെട്ട് യാതൊരു വിധ തൊഴില്‍ നഷ്ടവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.

ഓഹരി വിറ്റഴിക്കല്‍ കൂടുതല്‍ നിക്ഷേപവും സാങ്കേതികവിദ്യയുടെ പെനട്രേഷനും തൊഴിലവസരങ്ങളും രാജ്യത്തേക്ക് കൊണ്ടുവരുമെന്നാണ് തന്‍റെ വ്യക്തിപരമായ വിശ്വാസമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. ശരിക്കും പറഞ്ഞാല്‍ തൊഴിലവസരങ്ങള്‍ കൂടുകയാണ് ചെയ്യുക. അല്ലാതെ തൊഴിലുകള്‍ കുറയുകയല്ല.

തന്ത്രപരമായ മേഖലകളില്‍ ഒരു കമ്പനി നടത്തുകയെന്നതാണ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അഭികാമ്യം. ഒരു പ്രത്യേക മേഖലയില്‍ കൂടുതല്‍ കമ്പനികള്‍ ഉണ്ടെങ്കില്‍ ആ ബിസിനസില്‍ സര്‍ക്കാരിന്‍റെ സാന്നിധ്യം ഉണ്ടാകേണ്ട കാര്യമില്ല. ബിസിനസില്‍ സര്‍ക്കാരിന് ഇടപെടേണ്ട കാര്യമില്ല.

  ഓള്‍ ടൈം പ്ലാസ്റ്റിക്സ് ലിമിറ്റഡ് ഐപിഒ

2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1.75 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന്‍റെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യമായി കണക്കാക്കിയിരിക്കുന്നത്. ഇതില്‍ ഒരു ലക്ഷം കോടി രൂപ സര്‍ക്കാരിന് ഓഹരിയുള്ള പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ. ബാക്കി 75,000 കോടി രൂപ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ പ്രക്രിയയില്‍ നിന്നും.

അടുത്ത നാല് വര്‍ഷത്തേക്ക് വിറ്റഴിക്കലിന് സാധ്യതയുള്ള ആസ്തികളുടെ പട്ടിക തയാറാക്കാന്‍ നിതി ആയോഗ് ബന്ധപ്പെട്ട് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓഹരി വിറ്റഴിക്കല്‍ സുസ്ഥിരമായ ഒരു പ്രക്രിയ ആക്കി മാറ്റുകയാണ് ലക്ഷ്യം. സ്വന്തം നിലയ്ക്ക് നിതി ആയോഗ് ഇതിനോടകം 100 ആസ്തികളെ വിറ്റഴിക്കലിന് അനുയോജ്യമെന്ന നിലയില്‍ കണ്ടെത്തിയിട്ടുമുണ്ട്. ഇവയുടെ മൂല്യം ഏകദേശം 5 ലക്ഷം കോടി രൂപ വരും. 10 മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട ആസ്തികളാണ് ഇവ.

  നെറ്റ്വര്‍ക്ക് സുരക്ഷ ശക്തമാക്കാൻ വോഡഫോണ്‍ ഐഡിയ

തുറമുഖങ്ങള്‍, ക്രൂസ് ടെര്‍മിനലുകള്‍, ടോള്‍ റോഡ് ബണ്ടിലുകള്‍, ട്രാന്‍സ്മിഷന്‍ ടവറുകള്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് പൈപ്പ്ലൈനുകള്‍, റെയ്ല്‍വേ സ്റ്റേഷനുകള്‍, ഓപ്പറേഷണല്‍ മെട്രോ സെക്ഷനുകള്‍, വെയര്‍ഹൗസുകള്‍, വാണിജ്യ സമുച്ചയങ്ങള്‍ തുടങ്ങിയവയെല്ലാം ധനസമാഹരണത്തിന് സാധ്യതയുള്ള ആസ്തികളായി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

2022 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഡസനോളം പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ ഉണ്ടായേക്കുമെന്നാണ് സൂചന. ഇതെല്ലാം ലാഭം കൊയ്യുന്ന പൊതുമേഖല സ്ഥാപനങ്ങളായിരിക്കാനാണ് സാധ്യത. മികച്ച പ്രകടനം നടത്തുന്ന കമ്പനികളെ സ്വകാര്യവല്‍ക്കരിച്ച് നിക്ഷേപകരെ ഊര്‍ജസ്വലമാക്കുകയാണ് ലക്ഷ്യം.

Maintained By : Studio3