ഗൂഗിള്‍ 75 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും
ഇന്ത്യന്‍ കമ്പനികള്‍ക്ക് 15 മില്യണ്‍ ഡോളര്‍ (ഏകദേശം 110 കോടി രൂപ) ലഭിക്കും
കാലിഫോര്‍ണിയ: കൊവിഡ് 19 മഹാമാരി കാരണം അവശതയനുഭവിക്കുന്ന ലോകത്തെ ചെറുകിട, ഇടത്തരം കമ്പനികളെ സഹായിക്കുന്നതിന് ഗൂഗിള്‍ രംഗത്ത്. 75 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 545 കോടി ഇന്ത്യന്‍ രൂപ) വിതരണം ചെയ്യുന്നതിന് യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ഇഐഎഫ്), ലാറ്റിന്‍ അമേരിക്കയിലെയും ഏഷ്യയിലെയും മറ്റ് രണ്ട് സംഘടനകള്‍ എന്നിവയുമായി ഗൂഗിള്‍ സഹകരിക്കും. മഹാമാരിക്കെതിരെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രഖ്യാപിച്ച 800 മില്യണ്‍ ഡോളറിന്റെ (ഏകദേശം 5,820 കോടി രൂപ) ഭാഗമാണ് പുതിയ ഫണ്ടുകള്‍.
രണ്ട് ഇഐഎഫ് ഫണ്ടുകളില്‍ നിക്ഷേപം നടത്തുമെന്ന് ആല്‍ഫബെറ്റിനു കീഴിലെ ഗൂഗിള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. യൂറോപ്പിലെ ആയിരം ചെറുകിട ബിസിനസ്സുകള്‍ക്ക് വായ്പാ മൂലധനമായി 15 മില്യണ്‍ ഡോളറും (ഏകദേശം 110 കോടി രൂപ) 200 ജീവശാസ്ത്ര കമ്പനികളെ സഹായിക്കുന്നതിന് ഇഐഎഫിന്റെ വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടില്‍ 10 മില്യണ്‍ ഡോളറിന്റെയും (ഏകദേശം 73 കോടി രൂപ) നിക്ഷേപമാണ് ഗൂഗിള്‍ നടത്തുന്നത്. യൂറോപ്യന്‍ യൂണിയനു കീഴിലെ യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ഗ്രൂപ്പിന്റെ ഭാഗമാണ് ഇഐഎഫ്.
ലാറ്റിനമേരിക്കയില്‍ ഇന്റര്‍ അമേരിക്കന്‍ ഡെവലപ്‌മെന്റ് ബാങ്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ചെറിയ കമ്പനികള്‍ക്കായി 8 മില്യണ്‍ ഡോളര്‍ (ഏകദേശം 58 കോടി രൂപ) വകയിരുത്തും. ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ ബിസിനസ്സുകള്‍ക്കായി 26 മില്യണ്‍ ഡോളര്‍ (ഏകദേശം 190 കോടി രൂപ) അനുവദിക്കും. കിവ എന്ന സംഘടനയുമായി ചേര്‍ന്നാണ് വായ്പാ ഫണ്ട് നല്‍കുന്നത്. ഇന്ത്യന്‍ കമ്പനികള്‍ക്ക് 15 മില്യണ്‍ ഡോളര്‍ (ഏകദേശം 110 കോടി രൂപ) ലഭിക്കും.