February 27, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇസെന്‍ഷ്യലിന് പുനര്‍ജന്മമേകാന്‍ നത്തിംഗ്  

1 min read

‘ഇസെന്‍ഷ്യല്‍’ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡിനെ നത്തിംഗ് ഏറ്റെടുത്തു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്

വണ്‍പ്ലസ് സഹസ്ഥാപകനായ കാള്‍ പേയ് ഈയിടെയാണ് ലണ്ടന്‍ ആസ്ഥാനമായി നത്തിംഗ് എന്ന പുതിയ സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. പ്രവര്‍ത്തനം അവസാനിപ്പിച്ച ‘ഇസെന്‍ഷ്യല്‍’ എന്ന സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡിനെ നത്തിംഗ് ഏറ്റെടുത്തു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ടെക്‌നോളജി വിപണിയില്‍ എന്തെല്ലാം ഫ്യൂച്ചര്‍ പ്ലാനുകളാണ് നത്തിംഗ് നടപ്പാക്കാന്‍ പോകുന്നതെന്ന് കാള്‍ പേയ് ഇതുവരെ പറഞ്ഞിട്ടില്ല. ഈ വര്‍ഷം ട്രൂ വയര്‍ലെസ് ഇയര്‍ബഡ്‌സ് (ടിഡബ്ല്യുഎസ്) പുറത്തിറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. നത്തിംഗ് സ്വന്തമായി സ്മാര്‍ട്ട്‌ഫോണുകള്‍ കൂടി വിപണിയിലെത്തിക്കുമെന്ന സൂചനയാണ് പുതിയ ഏറ്റെടുക്കല്‍ നല്‍കുന്നത്. എന്നാല്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് നത്തിംഗ് മൗനം തുടരുകയാണ്.

ഇസെന്‍ഷ്യല്‍ സഹസ്ഥാപകനും മുന്‍ ആന്‍ഡ്രോയ്ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ആന്‍ഡി റൂബിന്‍ സ്വന്തം കമ്പനിയുടെ ഉടമസ്ഥാവകാശം കാള്‍ പേയുടെ നത്തിംഗ് ടെക്‌നോളജീസ് ലിമിറ്റഡിന് കൈമാറിയെന്നാണ് യുകെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസില്‍ നടത്തിയ ഫയലിംഗ് വ്യക്തമാക്കുന്നത്. 2020 നവംബര്‍ 11 നാണ് ഇതുസംബന്ധിച്ച അപേക്ഷ സമര്‍പ്പിച്ചത്. ഈ വര്‍ഷം ജനുവരി ആറിന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.

ഇസെന്‍ഷ്യലിന്റെ നിലവിലെ ട്രേഡ്മാര്‍ക്കുകള്‍, ലോഗോകള്‍ എന്നിവ ഇനി നത്തിംഗിന്റെ ബൗദ്ധിക സ്വത്തുക്കളാണ്. സമീപഭാവിയില്‍ത്തന്നെ ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നത്തിംഗ് പ്രവേശിക്കുന്നതിന്റെ സാധ്യതകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്ന് സ്ഥിരീകരണം വന്നിട്ടില്ല. പുതിയ ഏറ്റെടുക്കല്‍ നിലവില്‍ ഇസെന്‍ഷ്യല്‍ കൈവശം വെച്ചിരിക്കുന്ന പാറ്റന്റുകളെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല.

2017 മെയ് മാസത്തിലാണ് ആദ്യ ഇസെന്‍ഷ്യല്‍ ഫോണ്‍ (ഇസെന്‍ഷ്യല്‍ പിഎച്ച്-1) വിപണിയില്‍ അവതരിപ്പിച്ചത്. ഇതോടൊപ്പം സ്മാര്‍ട്ട് സ്പീക്കര്‍, 360 ഡിഗ്രി കാമറ എന്നിവയും പുറത്തിറക്കി. എന്നാല്‍ വില്‍പ്പന മോശമായതും മറ്റ് പ്രശ്‌നങ്ങളും (റൂബിന് എതിരായ ലൈംഗികാരോപണം) 2018 ല്‍ ഇസെന്‍ഷ്യല്‍ ഫോണിന്റെ ഉല്‍പ്പാദനവും വില്‍പ്പനയും അവസാനിപ്പിച്ചു. കമ്പനി അടച്ചുപൂട്ടുകയാണെന്ന് ഫെബ്രുവരിയിലാണ് പ്രഖ്യാപിച്ചത്. ജെം പ്രോജക്റ്റിനുകീഴില്‍ സവിശേഷമായി രൂപകല്‍പ്പന ചെയ്ത ഫോണും ആദ്യ ഇസെന്‍ഷ്യല്‍ ഫോണിന്റെ പിന്‍ഗാമികളും വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കമ്പനിയുടെ പ്രവര്‍ത്തനംതന്നെ അവസാനിപ്പിച്ചതോടെ ഈ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. ഇസെന്‍ഷ്യല്‍ ഫോണുകള്‍ക്ക് നത്തിംഗിലൂടെ പുനര്‍ജന്മം ലഭിക്കുമോ അതോ പൂര്‍ണമായി പുതിയ ഉല്‍പ്പന്നം കാള്‍ പേയ് പുറത്തിറക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറിലാണ് വണ്‍പ്ലസ് സഹസ്ഥാപകനായ കാള്‍ പേയ് കമ്പനി വിട്ടത്. സ്വന്തം സംരംഭം തുടങ്ങാനായിരുന്നു തീരുമാനം. അധികം വൈകാതെ നത്തിംഗ് എന്ന കണ്‍സ്യൂമര്‍ ടെക്നോളജി കമ്പനി സ്ഥാപിച്ചു. 2020 ഡിസംബറില്‍ ഏഴ് മില്യണ്‍ യുഎസ് ഡോളറിന്റെ (ഏകദേശം 50 കോടി ഇന്ത്യന്‍ രൂപ) സീഡ് ഫണ്ടിംഗ് സ്വീകരിക്കുകയും ചെയ്തു. ടെക് കേമന്‍മാരും നിക്ഷേപകരുമായി നിരവധി പേരാണ് നിക്ഷേപം നടത്തിയത്. ഇതേതുടര്‍ന്ന് കമ്പനി തങ്ങളുടെ ദൗത്യപ്രസ്താവന നടത്തി. ജനങ്ങള്‍ക്കും സാങ്കേതികവിദ്യയ്ക്കും ഇടയിലെ എല്ലാ തടസ്സങ്ങളും നീക്കുകയും അനന്തമായ ഡിജിറ്റല്‍ ഭാവി സൃഷ്ടിക്കുകയുമാണ് നത്തിംഗ് ലക്ഷ്യമിടുന്നത്. ഫെബ്രുവരിയില്‍ ജിവിയുടെ (മുമ്പ് അറിയപ്പെട്ടിരുന്നത് ഗൂഗിള്‍ വെഞ്ച്വേഴ്‌സ്) സഹായത്തോടെ 15 മില്യണ്‍ ഡോളറിന്റെ (ഏകദേശം 109 കോടി രൂപ) ഫണ്ട് സമാഹരണം നടത്തിയിരുന്നു. ഏറ്റവുമൊടുവില്‍, കമ്യൂണിറ്റി ഫണ്ടിംഗ് റൗണ്ട് നടത്തുമെന്ന് ഈയാഴ്ച്ചയാണ് പ്രഖ്യാപിച്ചത്. 1.5 മില്യണ്‍ ഡോളര്‍ (ഏകദേശം 10 കോടി രൂപ) വരെ നിക്ഷേപം നടത്താന്‍ അനുവദിക്കുമെന്നാണ് അറിയിച്ചത്.

സാങ്കേതികവിദ്യാ രംഗത്ത് രസകരമായ എന്തെങ്കിലും സംഭവിച്ചിട്ട് കുറച്ച് കാലമായെന്ന് നത്തിംഗ് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കാള്‍ പേയ് പറയുന്നു. മാറ്റത്തിനുള്ള സമയം ഇതാണ്. സാങ്കേതികവിദ്യയുടെ ക്രിയാത്മക സാധ്യതകളെക്കുറിച്ച് ജനങ്ങള്‍ക്ക് പ്രചോദനമേകാനാണ് ‘നത്തിംഗ്’ ലക്ഷ്യമിടുന്നത്. സുഗമമായ ഡിജിറ്റല്‍ ഭാവി സൃഷ്ടിക്കുന്നതിന് ജനങ്ങളും സാങ്കേതികവിദ്യയും തമ്മിലുള്ള തടസ്സങ്ങള്‍ ഒഴിവാക്കുകയാണ് പുതിയ കമ്പനിയുടെ ലക്ഷ്യം. മനോഹരവും എന്നാല്‍ സ്വാഭാവികവുമാണ് മികച്ച സാങ്കേതികവിദ്യയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. വേണ്ടത്ര പുരോഗമിക്കുമ്പോള്‍, ഈ സാങ്കേതികവിദ്യകള്‍ പശ്ചാത്തലത്തിലേക്ക് വിട വാങ്ങുകയും ഒന്നുമില്ലെന്ന് (നത്തിംഗ്) തോന്നുകയും വേണമെന്നാണ് കാള്‍ പേയുടെ നിലപാട്.

ഈ സമ്മറില്‍ നത്തിംഗ് തങ്ങളുടെ ആദ്യ ടിഡബ്ല്യുഎസ് ഇയര്‍ബഡ്‌സ് അവതരിപ്പിക്കുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇതേക്കുറിച്ച് കമ്പനിയുടെ ഭാഗത്തുനിന്ന് സ്ഥിരീകരണമില്ല. നത്തിംഗ് എന്ന ബ്രാന്‍ഡുമായി കാള്‍ പേയ് എന്തെല്ലാം കളികള്‍ കളിക്കുമെന്ന് കാത്തിരുന്ന് കാണുകയേ നിവൃത്തിയുള്ളൂ.
ചൈനീസ് വംശജനും ഇപ്പോള്‍ സ്വീഡിഷ് പൗരനുമായ ടെക് സംരംഭകന്‍ തന്റെ 24-ാം വയസ്സില്‍ 2013 ലാണ് വണ്‍പ്ലസ് സഹസ്ഥാപകനായി മാറിയത്. ഏകദേശം ഏഴ് വര്‍ഷങ്ങള്‍ക്കുശേഷം 2020 ഒക്റ്റോബറില്‍ വണ്‍പ്ലസ് വിടാനുള്ള തീരുമാനം കാള്‍ പേയ് കൈക്കൊണ്ടു.

Maintained By : Studio3