കോശ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യം! ശീലമാക്കാം വൈറ്റമിന്‍ ബി12 അടങ്ങിയ ഭക്ഷണങ്ങള്‍ ദിവസവും
മത്സ്യ,മാംസങ്ങളിലും പാലുല്‍പ്പന്നങ്ങളും വൈറ്റമിന്‍ ബി12 ധാരാളമായി അടങ്ങിയിരിക്കുന്നു
തലച്ചോറിന്റെ സാധാരണഗതിയിലുള്ള പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനും ചുവന്ന രക്താണുക്കളുടെയും ഡിഎന്‍എയുടെയും ഉല്‍പ്പാദനത്തിനും അനിവാര്യമായ വെള്ളത്തില്‍ ലയിക്കുന്ന ഒരു വൈറ്റമിന്‍ ആണ് കോബലാമൈന്‍ എന്നും അറിയപ്പെടുന്ന വൈറ്റമിന്‍ ബി12. ഫാറ്റി ആസിഡുകളുടെ നിര്‍മ്മാണത്തിലും ഊര്‍ജോല്‍പ്പാദനത്തിലും സുപ്രധാന പങ്ക് വഹിക്കുന്നു എന്നതിനാല്‍ ശരീരത്തിലെ ഓരോ കോശങ്ങളുടെയും പ്രവര്‍ത്തനം വൈറ്റമിന്‍ ബി12നെ ആശ്രയിച്ചിരിക്കുന്നു. വളരെ സങ്കീര്‍ണ്ണമായ ഘടനയോടുകൂടിയ, ഏറ്റവും വലിയ ഈ വൈറ്റമിന്‍ മാംസോല്‍പ്പന്നങ്ങളിലാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. അതല്ലാതെ ബാക്ടീരിയല്‍ ഫെര്‍മെന്റേഷന്‍ സിന്തസിസിലൂടെ കൃത്രിമമായി നിര്‍മ്മിച്ച വൈറ്റമിന്‍ ബി12 സപ്ലിമെന്റുകളും വിപണിയില്‍ ലഭ്യമാണ്.
മനുഷ്യശരീരത്തിന് നാല് വര്‍ഷം വരെ വൈറ്റമിന്‍ ബി12 കാത്തുസൂക്ഷിക്കാന്‍ കഴിയും. എന്നാല്‍ മതിയായ അളവില്‍ വൈറ്റമിന്‍ ബി12 ശരീരത്തിലേക്ക് എത്താതിരുന്നാല്‍ പിന്നീട് പരിഹരിക്കാന്‍ സാധിക്കാത്ത, സാരമായ തകരാറുകള്‍ ശരീരത്തിലുണ്ടാകും, പ്രത്യേകിച്ച് നാഡീവ്യവസ്ഥയിലും തലച്ചോറിലും.
അതേസമയം ശരീരത്തിന് ആവശ്യമായ വൈറ്റിമിന്‍ ബി12ന്റെ അളവ് സംബന്ധിച്ച് പലര്‍ക്കും ആശയക്കുഴപ്പമുണ്ടാകും. പ്രായം, ഭക്ഷണ ശീലങ്ങള്‍, ആരോഗ്യസ്ഥിതി തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ബി12ന്റെ അളവ് നിര്‍ണ്ണയിക്കുന്നത്.
ഓരോ പ്രായക്കാര്‍ക്കും പ്രതിദിനം ആവശ്യമായ വൈറ്റമിന്‍ ബി12ന്റെ അളവ് ഇങ്ങനെയാണ്
- ജനിച്ച് ആറുമാസം വരെ – 0.4 മൈക്രോഗ്രാം
-
ഏഴ് മാസം മുതല്‍ ഒരു വയസ് വരെ – 0.5 മെക്രോഗ്രാം
-
ഒരു വയസ് മുതല്‍ മൂന്ന് വയസ് വരെ – 0.9 മൈക്രോഗ്രാം
-
മൂന്ന് വയസ് മുതല്‍ എട്ട് വയസ് വരെ – 1.2 മെക്രോഗ്രാം
-
എട്ട് വയസ് മുതല്‍ 13 വയസ് വരെ – 1.8 മെക്രോഗ്രാം
-
13 വയസ് മുതല്‍ 18 വസ് വരെ – 2.4 മെക്രോഗ്രാം
-
പതിനെട്ട് വയസിന് ശേഷമുള്ളവര്‍ക്ക് – 2.4 മെക്രോഗ്രാം
-
ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് – 2.6 മെക്രോഗ്രാം
-
പാലൂട്ടുന്ന അമ്മമാര്‍ക്ക് – 2.8 മൈക്രോഗ്രാം
ഭക്ഷണത്തിലൂടെ വൈറ്റമിന്‍ ബി12 എങ്ങനെ നേടാം
മുമ്പ് പറഞ്ഞത് പോലെ മാംസത്തില്‍ മാത്രമാണ് വൈറ്റമിന്‍ ബി12 സ്വാഭാവികമായി കാണപ്പെടുന്നത്. അതിനാല്‍ പാലുല്‍പ്പന്നങ്ങള്‍, മാംസം, മത്സ്യം, കോഴിയിറച്ചി എന്നിവ ശീലമാക്കുന്നത് വൈറ്റമിന്‍ ബി12 ശരീരത്തിലെത്താന്‍ സഹായിക്കും. എന്നാല്‍ വീഗന്‍ ഭക്ഷണരീതി പിന്തുടരുന്നവര്‍ മാംസം കഴിക്കില്ല എന്നതുകൊണ്ട് തന്നെ സപ്ലിമെന്റുകളിലൂടെ മാത്രമേ അവര്‍ക്ക് വൈറ്റമിന്‍ ബി12 നേടാന്‍ കഴിയൂ. അല്ലെങ്കില്‍ ഒരു ഡയറ്റീഷ്യനെ കണ്ട് അവരുടെ നിര്‍ദ്ദേശപ്രകാരമുള്ള വൈറ്റിമിന്‍ ബി12 കൂട്ടിച്ചേര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കാം.
പ്രായമായവര്‍, പെര്‍നീഷ്യസ് അനീമിയ ബാധിച്ച രോഗികള്‍, കുടലുമായി ബന്ധപ്പെട്ട തകരാറുകള്‍ ഉള്ളവര്‍ തുടങ്ങി ഭക്ഷണത്തില്‍ നിന്നും വൈറ്റമിന്‍ ആഗിരണം ചെയ്യാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നവരും വൈറ്റമിന്‍ ബി12 അപര്യാപ്തത ഒഴിവാക്കുന്നതിനായി സപ്ലിമെന്റുകള്‍ കഴിക്കണം.
വൈറ്റമിന്‍ ബി12 അപര്യാപ്തതയുടെ ലക്ഷണങ്ങള്‍
-
ബലക്കുറവ്
-
ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്
-
വിളര്‍ത്തതോ മഞ്ഞനിറത്തിലുള്ളതോ ആയ തൊലി
-
മലബന്ധം, ഭാരക്കുറവ്
-
നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍, പേശികള്‍ക്ക് ബലക്കുറവ്
-
നടക്കാന്‍ ബുദ്ധിമുട്ട്
-
കൈകളിലും കാല്‍പ്പാദത്തിലും തരിപ്പ്
-
വിഷാദരോഗം, ആശയക്കുഴപ്പം, മറവി തുടങ്ങിയ മാനസികപ്രശ്‌നങ്ങള്‍
വൈറ്റമിന്‍ ബി12 അപര്യാപ്തത ആര്‍ക്കാണ് സാധ്യത കൂടുതല്‍
-
മത്സ്യ, മാംസാദികളും പാലുല്‍പ്പന്നങ്ങളും കഴിക്കാത്ത സസ്യാഹാരികള്‍ക്കാണ് വൈറ്റമിന്‍ ബി12 അപര്യാപ്തത ഉണ്ടാകാന്‍ സാധ്യത കൂടുതല്‍.
-
ഭക്ഷണത്തില്‍ നിന്നും വൈറ്റമിനുകള്‍ ആഗിരണം ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുന്ന പ്രായമായവരിലും വൈറ്റമിന്‍ ബി12 അപര്യാപ്തതയുണ്ടാകാം.
-
ഇന്‍ട്രിന്‍സിക് ഫാക്ടര്‍ എന്ന പ്രോട്ടീനിന്റെ അഭാവം മൂലം പെര്‍നീഷ്യസ് അനീമിയ എന്ന അവസ്ഥയുള്ള രോഗികള്‍ക്കും ഭക്ഷണത്തില്‍ നിന്നും വൈറ്റമിന്‍ ബി12 ആഗിരണം ചെയ്യാന്‍ കഴിയാറില്ല.
-
മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ അല്ലാതെ, ചെറുകുടലില്‍ തകരാറുകള്‍ ഉള്ളവര്‍, ക്രോണ്‍സ് രോഗമുള്ളവര്‍, കടുത്ത മദ്യപാനികള്‍, പ്രമേഹത്തിനുള്ള മെറ്റ്‌ഫോര്‍മിന്‍ മരുന്ന് കഴിക്കുന്നവര്‍ എന്നിവരിലും വൈറ്റമിന്‍ ബി12 അപര്യാപ്തതയ്ക്ക് സാധ്യതയുണ്ട്.
മതിയായ അളവില്‍ വൈറ്റമിന്‍ ബി12 ശരീരത്തിലെത്തിയില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം എന്നതിനാല്‍ അവയടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശീലമാക്കേണ്ടത് ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിനും ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും അനിവാര്യമാണ്. സസ്യാഹാരികള്‍, വൈറ്റമിന്‍ ബി12 പൂരിത ഭക്ഷണങ്ങളും സപ്ലിമെന്റുകളും കഴിച്ച് അപര്യാപ്തതയ്ക്കുള്ള സാധ്യതകള്‍ ഒഴിവാക്കേണ്ടതാണ്. കാരണം ഏത് പ്രായത്തിലുള്ളവരിലും വൈറ്റമിന്‍ ബി12 അപര്യാപ്തത ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കും