കുടലിനുള്ളിലെ പ്രത്യേക ബാക്ടീരിയകള്‍ക്ക് കോവിഡ്-19 തടയാനാകുമെന്ന് പഠനം
1 min readകോവിഡ്-19 ചിലരില്‍ ഉദരസംബന്ധ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്തത് ഈ ബക്ടീരിയയുടെ സാന്നിധ്യം മൂലമാകാം
മനുഷ്യരുടെ കുടലിനുള്ളില്‍ വസിക്കുന്ന ചില പ്രത്യേക സഹഭോജി ബാക്ടീരിയകള്‍ കോവിഡ്-19ന് കാരണമാകുന്ന സാര്‍സ് കോവ്2 വൈറസിനെ നിര്‍വീര്യമാക്കുന്ന സംയുക്തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. ചില രോഗികളില്‍ കോവിഡ്-19 മൂലം ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും എന്നാല്‍ മറ്റ് ചിലരുടെ ശ്വാസകോശത്തെ മാത്രം കോവിഡ്-19 ബാധിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തിയതിലൂടെയാണ് കുടലിനുള്ളിലെ ബാക്ടീരിയ കോവിഡ്-19ല്‍ നിന്ന് സംരക്ഷിക്കുമെന്ന അനുമാനത്തില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്.
കുടലിനുള്ളില്‍ വസിക്കുന്ന ബാക്ടീരിയ വൈറസ് ആക്രമണത്തില്‍ നിന്ന് കുടലിനെ സംരക്ഷിക്കുന്നുണ്ടോ എന്ന സംശയമായിരുന്നു തങ്ങള്‍ക്ക് ഉണ്ടായിരുന്നതെന്ന് സിയോളിലെ യോന്‍സീ സര്‍വ്വകലാശാലയില്‍ നിന്നുള്ള ഗവേഷണ വിദ്യാര്‍ത്ഥിയായ മുഹമ്മദ് അലി പറഞ്ഞു. ഈ സംശയം ദുരീകരിക്കുന്നതിനായി, കൊറോണവൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന കുടലില്‍ വസിക്കുന്ന ബാക്ടീരിയ ഏതാണെന്ന് കണ്ടെത്താനായിരുന്നു ഗവേഷകരുടെ ശ്രമം. ഗവേഷണത്തിലൂടെ ഹെലികോബാക്ടര്‍പൈലോറി (എച്ച് പൈലോറി) പോലുള്ള മറ്റ് ബാക്ടീരിയകളുടെ പ്രവര്‍ത്തനം അടിച്ചമര്‍ത്താന്‍ ശേഷിയുള്ള, പൊതുുവായി കണ്ടുവരുന്ന ദഹനപ്രശ്‌നത്തിനെതിരെ (ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രം) സജീവമാകുന്ന ബൈഫിഡോബാക്ടീരിയ ആയിരിക്കാം കുടലില്‍ കൊറോണവൈറസിനെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് ഗവേഷകര്‍ അനുമാനത്തിലെത്തി. ആമാശയ അര്‍ബുദത്തിന് കാരണമാകുന്ന, അമാശയഭിത്തിയില്‍ പുണ്ണുകള്‍ (അള്‍സര്‍) ഉണ്ടാക്കാന്‍ ശേഷിയുള്ള ബാക്ടീരിയകളാണ് എച്ച് പൈലോറി.
രോഗങ്ങള്‍ക്കെതിരെ പോരാടാന്‍ ശേഷിയുള്ള സംയുക്തങ്ങളെക്കുറിച്ച് അറിയുന്നതിനായി മെഷീന്‍ ലേണിംഗ് ഉപയോഗിച്ച് കുടലിനുള്ളിലെ സൂക്ഷ്മാണുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന സംയുക്തങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ഡാറ്റാബേസുകളും ഗവേഷകര്‍ പഠനവിധേയമാക്കി. ഇതില്‍നിന്നും സാര്‍സ് കോവ് 2 വൈറസിനെതിരെ പോരാടാന്‍ ശേഷിയുള്ള ചില സംയുക്തങ്ങളെ കുറിച്ചുള്ള വിവരവും ഗവേഷകര്‍ക്ക് ലഭിച്ചു.
ഇന്ന് ഉപയോഗത്തിലുള്ള നിരവധി ആന്റിബോഡികളുമായും കാന്‍സര്‍ തെറാപ്പികളുമായും ആ ബാക്ടീരിയ കുടലില്‍ വെച്ച് പടപൊരുതുന്നതായി അലി കണ്ടെത്തി. കൊറോണ വൈറസിനെതിരായ സംയുക്തങ്ങള്‍ പുറപ്പെടുവിക്കുന്ന ആ സൂക്ഷ്മാണുകളെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ കോവാഡി-19 ചികിത്സയില്‍ അത് വളരെ പ്രയോജനപ്പെടുമെന്നും വൈറസ്ജന്യ രോഗങ്ങള്‍ക്കെതിരെ കൂടുതല്‍ ഫലപ്രദവും കാര്യക്ഷമവും സുസ്ഥിരവുമായ ചികിത്സാരീതികള്‍ വികസിപ്പിച്ചെടുക്കാന്‍ അത് കാരണമാകുമെന്നും അലി അവകാശപ്പെട്ടു. ജൂണ്‍ 20 മുതല്‍ 24 വരെ നടക്കുന്ന വേള്‍ഡ് മൈക്രോബ് ഫോറത്തില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും.