November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജെന്‍ റോബോട്ടിക്സിന് എഐ ഗെയിം ചേഞ്ചേഴ്സ് പുരസ്കാരം

1 min read

തിരുവനന്തപുരം: ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ് ഓണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (ജിപിഎഐ) ഉച്ചകോടിയിലെ ‘എഐ ഗെയിം ചേഞ്ചേഴ്സ് പുരസ്കാര’ വിഭാഗത്തില്‍ മികച്ച എഐ സ്റ്റാര്‍ട്ടപ്പിനുള്ള ബഹുമതി കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെന്‍ റോബോട്ടിക്സിന് ലഭിച്ചു. ഇതോടെ രാജ്യത്തെ മികച്ച മൂന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) സ്റ്റാര്‍ട്ടപ്പുകളുടെ പട്ടികയില്‍ ജെന്‍ റോബോട്ടിക്സ് ഇടം നടി. കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം സംഘടിപ്പിച്ച ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിച്ച ജി ഗെയ്റ്റര്‍ റോബോട്ടിക് സാങ്കേതിക വിദ്യയാണ് ജെന്‍ റോബോട്ടിക്സിനെ പുരസ്കാരത്തിന് അര്‍ഹമാക്കിയത്. ജി ഗെയ്റ്റര്‍ റോബോട്ടിക് സാങ്കേതിക വിദ്യയിലൂടെ ആരോഗ്യ പരിപാലനത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണനില്‍ നിന്ന് ജെന്‍ റോബോട്ടിക്സ് മെഡിക്കല്‍ ആന്‍ഡ് മൊബിലിറ്റി റീജണല്‍ ഡയറക്ടര്‍ അഫ്സല്‍ മുട്ടിക്കലും റീജിയണല്‍ ബിസിനസ് ഡെവലപ്മെന്‍റ് മാനേജര്‍ അരുണ്‍ ഡൊമിനിക്കും പുരസ്കാരം ഏറ്റുവാങ്ങി. ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി അഭിഷേക് സിങും ചടങ്ങില്‍ പങ്കെടുത്തു.

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

സ്ട്രോക്ക്, അപകടങ്ങള്‍, നട്ടെല്ലിന് ക്ഷതം, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങിയവയിലൂടെ ചലനശേഷി നഷ്ടപ്പെട്ട ആളുകള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ വേഗത്തില്‍ സൗഖ്യം ലഭിക്കാന്‍ എഐ സാങ്കേതിക വിദ്യയിലൂടെ പ്രവര്‍ത്തിക്കുന്ന റോബോട്ടിക് ഗെയ്റ്റ് ട്രെയിനറായ ജി ഗെയ്റ്റര്‍ പരിശീലിപ്പിക്കും. പരിമിതമായ ചലനശേഷിയുള്ള രോഗികള്‍ക്ക് ലോകോത്തര ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സ ഉറപ്പാക്കുന്ന നൂതന റോബോട്ടിക് സാങ്കേതികവിദ്യ നിര്‍മ്മിക്കുന്നതിനുള്ള ജെന്‍ റോബോട്ടിക്സ് ടീമിന്‍റെ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ ബഹുമതിയെന്ന് ജെന്‍ റോബോട്ടിക്സ് മെഡിക്കല്‍ ആന്‍ഡ് മൊബിലിറ്റി റീജണല്‍ ഡയറക്ടര്‍ അഫ്സല്‍ മുട്ടിക്കല്‍ പറഞ്ഞു. വിവിധ സാഹചര്യങ്ങള്‍ കാരണം ചലനശേഷി നഷ്ടപ്പെട്ട വ്യക്തികളെ സഹായിക്കാന്‍ രൂപകല്‍പ്പന ചെയ്ത മികച്ച റോബോട്ടിക് ഗെയ്റ്റ് ട്രെയിനറാണിതെന്നും അദ്ദേഹം പറഞ്ഞു.

  'ജൈവം': സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ

വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന പരമ്പരാഗത ഫിസിയോതെറാപ്പി ചികിത്സകളില്‍ നിന്ന് വ്യത്യസ്തമായി എഐ-അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യ എന്നിവയുടെ സംയോജനത്തിലൂടെ ജി ഗെയ്റ്റര്‍ പുനരധിവാസം വേഗത്തിലാക്കും. ജി ഗെയ്റ്ററിനുള്ള മെഡിക്കല്‍ മെയ്ഡ് ഇന്‍ ഇന്ത്യ ഇന്നൊവേഷന്‍ 2023 സുവര്‍ണ പുരസ്കാരം ജൂലൈയില്‍ ജി ഗെയ്റ്ററിന് ലഭിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ വിന്യസിച്ച് ഒരു വര്‍ഷം കൊണ്ട് ഒരു ദശലക്ഷത്തിലധികം റോബോട്ടിക് സഹായത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ജി ഗെയ്റ്റര്‍ ചെയ്തിട്ടുള്ളത്. ഫിസിക്കല്‍ മെഡിസിന്‍, പുനരധിവാസ വിഭാഗം എന്നിവ മെച്ചപ്പെടുത്തുന്നതില്‍ വലിയ സ്വാധീനം ചെലുത്താനും സാധിച്ചു. ആസ്റ്റര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ പ്രമുഖ ആശുപത്രികളിലെ ഫിസിക്കല്‍ മെഡിസിന്‍, റീഹാബിലിറ്റേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ ജിഗെയ്റ്റര്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ട്. പരിമിതമായ ചലനശേഷിയുള്ള രോഗികളുടെ പുനരധിവാസത്തിന് ആക്കം കൂട്ടാന്‍ ആസ്റ്റര്‍ ഗ്രൂപ്പിന്‍റെ കേരളത്തിലെ ആശുപത്രികളില്‍ സ്ഥാപിച്ചിട്ടുള്ള ജി ഗെയ്റ്ററിലൂടെ സാധിക്കുന്നുണ്ട്. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍റെ അംഗീകാരവും ഈ സാങ്കേതികവിദ്യയ്ക്കുണ്ട്. ജി ഗെയ്റ്റര്‍ വിന്യസിച്ച രാജ്യത്തെ ആദ്യത്തെ സര്‍ക്കാര്‍ ആശുപത്രിയായി തിരുവനന്തപുരം ജനറല്‍ ആശുപത്രി മാറിയത് അടുത്തിടെയാണ്. കോഴിക്കോട്, തൃശൂര്‍, കോട്ടയം എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ജി ഗെയ്റ്ററിനെ വിന്യസിക്കാനും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ
Maintained By : Studio3