എല്ലാവര്‍ക്കും സൗജന്യവാക്സിനെന്ന് പ്രധാനമന്ത്രി
1 min read- 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍
- സംസ്ഥാനങ്ങള്‍ വാക്സിന്‍ ഡോസ് പാഴാക്കുന്നതില്‍ കേന്ദ്രത്തിന് കടുത്ത അതൃപ്തി
- വാക്സിന്‍ നയത്തെ സുപ്രീം കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു
ന്യൂഡെല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ വാക്സിന്‍ നയത്തില്‍ മാറ്റം. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഇനി രാജ്യത്ത് സൗജന്യ വാക്സിന്‍ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച്ച രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞു.
സംസ്ഥാനങ്ങള്‍ നേരിട്ട് വാക്സിന്‍ വാങ്ങുന്ന രീതി മാറ്റി കേന്ദ്രം തന്നെ വാക്സിന്‍ സമാഹരിച്ച് വിതരണം ചെയ്യുമെന്നും മോദി വ്യക്തമാക്കി.
ഇത് സംബന്ധിച്ച് ധനമന്ത്രി നിര്‍മല സീതാരാമനും കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. കുട്ടികളിലുള്ള വാക്സിന്‍ പരീക്ഷണം ഇന്ത്യയില്‍ പുരോഗമിക്കുകയാണെന്നും വൈകാതെ അക്കാര്യത്തിലും സന്തോഷ വാര്‍ത്തയുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനങ്ങള്‍ വാക്സിന്‍ പാഴാക്കി കളയുന്നതും അവിടങ്ങളില്‍ കുത്തിവയ്പ്പിന്‍റെ വേഗത കുറയുന്നതും ഗൗരവകരമായ കാര്യമാണെന്നും മോദി സര്‍ക്കാര്‍ കരുതുന്നു.
ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വാക്സിന്‍ സമാഹരണം കേന്ദ്രം തന്നെ നടത്തണമെന്ന ആവശ്യമാണ് തുടര്‍ച്ചയായി ഉന്നയിച്ചിരുന്നത്. വാക്സിന്‍ വിലയിലും വിതരണത്തിലും അടക്കമുള്ള അസന്തുലിതാവസ്ഥയാണ് ഇതിന് കാരണം.
ആഗോള വാക്സിന്‍ നിര്‍മാതാക്കളെ സംസ്ഥാനങ്ങള്‍ ഒറ്റയ്ക്ക് സമീപിക്കുമ്പോള്‍ അനുഭാവപൂര്‍ണമായ പ്രതികരണങ്ങള്‍ ലഭിക്കുന്നുമുണ്ടായിരുന്നില്ല. മാത്രമല്ല കേന്ദ്രത്തിന്‍റെ വാക്സിന്‍ നയത്തിനെതിരെ സുപ്രീം കോടതി വിമര്‍ശനങ്ങള്‍ ചൊരിയുകയും ചെയ്തിരുന്നു.
കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും രണ്ടുവിലയില്‍ വാക്സിന്‍ ലഭിക്കുന്നതിന്‍റെ യുക്തി എന്തെന്നും ഗ്രാമവാസികള്‍ എങ്ങനെയാണ് കോവിന്‍ പോര്‍ട്ടലില്‍ റെജിസ്റ്റര്‍ ചെയ്യുകയെന്നും കോടതി ചോദിച്ചിരുന്നു. കോവിന്‍ പോര്‍ട്ടല്‍ റെജിസ്ട്രേഷന്‍ നടപടി ഭേദഗതി ചെയ്യണമെന്നും കോടതി ആവശ്യപ്പെടുകയുണ്ടായി.
18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ കോവിഡ് വാക്സിന്‍ കുത്തിവയ്പ്പ് നല്‍കാന്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തു. ആഭ്യന്തരതലത്തില്‍ വാക്സിന്‍ ഉല്‍പ്പാദനം വലിയ തോതില്‍ കൂട്ടുമെന്നും അതിലൂടെ സകലരിലേക്കും വാക്സിന്‍ എത്തിക്കാന്‍ സാധിക്കുമെന്നുമാണ് സര്‍ക്കാരിന്‍റെ നിലപാട്.
സംസ്ഥാന സര്‍ക്കാരുകള്‍ വാക്സിനായി ആഗോള ടെന്‍ഡര്‍ വിളിക്കാന്‍ തുടങ്ങിയ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ട് വാക്സിന്‍ ഡോസുകള്‍ സംഭരിക്കണമെന്ന കേന്ദ്രത്തിന്‍റെ നിര്‍ദേശം വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. വാക്സിന്‍ കമ്പനികള്‍ ഏത് സംസ്ഥാനങ്ങള്‍ക്ക്, എന്ത് മാനദണ്ഡത്തിലാണ് വാക്സിന്‍ വിതരണം ചെയ്യുക എന്നതുള്‍പ്പടെ നിരവധി സങ്കീര്‍ണതകളാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. ഈ തീരുമാനം മാറ്റിയതോടെ വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ക്ക് അവസാനമാകുകയാണ്. ജൂണ്‍ 21 മുതലാണ് എല്ലാവര്‍ക്കും സജന്യ വാക്സിന്‍ ലഭിക്കുക.
വാക്സിന്‍ അസമത്വത്തിനെതിരെ ഐഎംഎഫ് ഉള്‍പ്പടെയുള്ള ആഗോള ഏജന്‍സികളും കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു. എന്നാല്‍ ഇന്ത്യയില്‍ വാക്സിന്‍ അസമത്വം ഉണ്ടെന്ന വിമര്‍ശനങ്ങള്‍ക്ക് യാതൊരുവിധ അടിസ്ഥാനവുമില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്.
ദിനംപ്രതി പത്ത് ദശലക്ഷം വാക്സിന്‍ ഡോസുകള്‍ നല്‍കാന്‍ സാധിക്കുന്ന അവസ്ഥയിലേക്ക് ഇന്ത്യ എത്തണമെന്നാണ് ആരോഗ്യവിദഗ്ധരുടെ പക്ഷം.