ആര്‍ഇഐടി, ഇന്‍വ്ഐടി എന്നിവയില്‍ എഫ്പിഐക്ക് അനുമതി
ന്യൂഡെല്‍ഹി: റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് (ആര്‍ഇഐടി), ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് (ഇന്‍വ്ഐടി) എന്നിവയില്‍ വായ്പാ ധനസഹായം നല്‍കുന്നതിന് വിദേശ പോര്ട്ട്ഫോളിയൊ നിക്ഷേപകരെ അനുവദിക്കും. ഇതിനായി 2021 ലെ ധനകാര്യ ബില്ലില്‍ ഭേദഗതി വരുത്തിയതായി കേന്ദ്ര ധനമന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ബജറ്റ് പ്രസംഗത്തില്‍, ഈ നിക്ഷേപങ്ങളില്‍ എഫ്പിഐകളെ അനുവദിക്കുന്നതിന് ഉചിതമായ നിയമ ഭേദഗതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ആര്‍ഇഐടി, ഇന്‍വ്ഐടി എന്നിവയിലേക്ക് പണലഭ്യത സുഗമമാക്കാന്‍ ഇത് വഴിയൊരുക്കുമെന്നും, അങ്ങനെ പശ്ചാത്തല സൗകര്യം, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകള്‍ക്കുള്ള ഫണ്ട് വര്‍ധിക്കുമെന്നുമാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. 2021 ലെ ധനകാര്യ ബില്ലിന്‍റെ ഭാഗമായി, സെക്യൂരിറ്റീസ് കോണ്‍ട്രാക്റ്റ്സ് (റെഗുലേഷന്‍) ആക്റ്റ് 1956, സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ആക്റ്റ് 1992 എന്നിവയില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സാമ്പത്തിക ആസ്തികളുടെ സെക്യൂരിറ്റൈസേഷന്‍, പുനര്‍നിര്‍മ്മാണം എന്നിവയില്‍ ഇതിലൂടെ മാറ്റങ്ങള്‍ വരും.
സെക്യൂരിറ്റി ഇന്‍ററസ്റ്റ് ആക്റ്റ് 2002, ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷ്ണല്‍ ആക്റ്റ് 1993 എന്നിവയിലും ഭേദഗതി വരുത്തിയിട്ടണ്ട്. ധനകാര്യ ബില്‍ പാര്‍ലമെന്‍റ് പാസാക്കിയ ശേഷം ഇതുമായി ബന്ധപ്പെട്ട റെഗുലേറ്റര്‍മാര്‍ ആവശ്യമായ അറിയിപ്പുകള്‍ പുറപ്പെടുവിക്കുംമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.