മിന്നല്‍പ്പിണറായി ഫോഡ് എഫ് 150 ലൈറ്റ്‌നിംഗ് അവതരിച്ചു

അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളുടെ എഫ് സീരീസിലെ ഇലക്ട്രിക് പിക്ക്അപ്പ് ട്രക്കാണ് ലൈറ്റ്‌നിംഗ്
ഡിയര്‍ബോണ്‍: ഓള്‍ ന്യൂ ഫോഡ് എഫ് 150 ലൈറ്റ്‌നിംഗ് അനാവരണം ചെയ്തു. അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളുടെ എഫ് സീരീസിലെ ഇലക്ട്രിക് പിക്ക്അപ്പ് ട്രക്കാണ് ലൈറ്റ്‌നിംഗ്. ഫോഡ് ആസ്ഥാനമായ ഡിയര്‍ബോണില്‍ പ്രത്യേകം സംഘടിപ്പിച്ച പരിപാടിയിലാണ് ഫോഡ് എഫ് 150 ലൈറ്റ്‌നിംഗ് അവതരിപ്പിച്ചത്. നികുതി കൂടാതെ 39,974 യുഎസ് ഡോളറിലാണ് (കൊമേഴ്‌സ്യല്‍ വേരിയന്റ്) വില ആരംഭിക്കുന്നത്. മിഡ് സീരീസ് എക്‌സ്എല്‍ടി വേരിയന്റിന് 52,974 ഡോളര്‍ മുതലാണ് വില. ഡിയര്‍ബോണിലെ റൂഷ് കോംപ്ലക്‌സിലാണ് നിര്‍മിക്കുന്നത്. ഫോഡിന്റെ ഇലക്ട്രിക് വാഹന പ്ലാന്റായി ഇതിനെ മാറ്റിയിരുന്നു.
സ്റ്റാന്‍ഡേഡ് റേഞ്ച്, എക്‌സ്‌റ്റെന്‍ഡഡ് റേഞ്ച് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ഫോഡ് എഫ് 150 ലൈറ്റ്‌നിംഗ് ലഭിക്കും. ആദ്യ ബാറ്ററി പാക്ക് നല്‍കുന്നത് ഏകദേശം 426 ബിഎച്ച്പി (318 കിലോവാട്ട്) കരുത്തും 370 കിമീ റേഞ്ചുമാണെങ്കില്‍ രണ്ടാമത്തെ ബാറ്ററി പാക്ക് സമ്മാനിക്കുന്നത് 563 ബിഎച്ച്പി (420 കിലോവാട്ട്) കരുത്തും 450 കിമീ ഡ്രൈവിംഗ് റേഞ്ചുമാണ്. രണ്ട് വേര്‍ഷനുകളും നല്‍കുന്ന പരമാവധി ടോര്‍ക്ക് 1051 ന്യൂട്ടണ്‍ മീറ്റര്‍! ഇതോടെ ഫോഡ് എഫ് 150 സീരീസിലെ ഏറ്റവും കരുത്തുറ്റ മോഡലായി ലൈറ്റ്‌നിംഗ് മാറി. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിമീ വേഗമാര്‍ജിക്കാന്‍ 4.4 സെക്കന്‍ഡ് മതി. ഈ കുടുംബത്തിലെ ഏറ്റവും വേഗമുള്ളവന്‍. ഓരോ ആക്‌സിലിലും രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ നല്‍കിയതിനാല്‍ 4 വീല്‍ ഡ്രൈവ് വാഹനമാണ് ഫോഡ് എഫ് 150 ലൈറ്റ്‌നിംഗ്. രണ്ട് ആക്‌സിലുകള്‍ക്കിടയില്‍ ബാറ്ററി പാക്ക് അടുക്കിവെച്ചു.
പലവിധത്തില്‍ പിക്ക്അപ്പ് ട്രക്ക് ചാര്‍ജ് ചെയ്യാം. 150 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 44 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാം. ഇതാണ് ഏറ്റവും വേഗത്തിലുള്ള ചാര്‍ജിംഗ് മാര്‍ഗം. ഫോഡ് എഫ് 150 ലൈറ്റ്‌നിംഗ് ഉപയോഗിച്ച് നിങ്ങളുടെ ഹെവി മഷീനുകള്‍ ചാര്‍ജ് ചെയ്യുന്നതിന് വാഹനത്തില്‍ മൂന്ന് ചാര്‍ജിംഗ് പോയന്റുകള്‍ നല്‍കി. മാത്രമല്ല, നിങ്ങളുടെ പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടാല്‍, നിങ്ങളുടെ വീടിന് മൂന്ന് ദിവസം വരെ വൈദ്യുതി നല്‍കാന്‍ ശേഷിയുള്ളവനാണ് ഫോഡ് എഫ് 150 ലൈറ്റ്‌നിംഗ്!
ടോവിംഗ്, പേലോഡ് ശേഷിയില്ലാതെ എന്ത് അമേരിക്കന്‍ പിക്ക്അപ്പ് ട്രക്ക്! 4,500 കിലോഗ്രാം വലിച്ചുകൊണ്ടുപോകാന്‍ കഴിയും. പരമാവധി 900 കിലോഗ്രാം ഭാരം വഹിക്കും. ഇതുവരെയുള്ള ഇലക്ട്രിക് വാഹനങ്ങളിലെ ഏറ്റവും വലിയ ഫ്രങ്ക് (ഫ്രണ്ട് ട്രങ്ക് അഥവാ മുന്നിലെ ട്രങ്ക്) ലഭിച്ചു. 400 ലിറ്ററാണ് ശേഷി.
കാഴ്ച്ചയില്‍ മറ്റേതൊരു എഫ് 150 പോലെയാണ് ലൈറ്റ്‌നിംഗ്. വിരിഞ്ഞ നെഞ്ച്, അഞ്ച് അടി നീളമുള്ള ട്രക്ക് ബെഡ്, എല്ലാ പ്രായോഗികതയോടെയും ഇരട്ട കാബ് എന്നിവ ലഭിച്ചു. കുത്തനെ നല്‍കിയ ഹെഡ്‌ലാംപുകളെ ബന്ധിപ്പിച്ച ലൈറ്റ് സ്ട്രിപ്പ് പുതിയതാണ്. ടെയ്ല്‍ ലാംപ് സമാനമാണ്. എന്നാല്‍ ലൈറ്റ്‌നിംഗ് മോഡലില്‍ കൂടുതല്‍ ആകര്‍ഷകമാണെന്ന് തോന്നുന്നു. വാഹനത്തിനകത്ത്, പൂര്‍ണ ഡിജിറ്റലായ ഡ്രൈവര്‍ ഡിസ്‌പ്ലേ, പുതുതായി 15.5 ഇഞ്ച് വെര്‍ട്ടിക്കല്‍ ഡിസ്‌പ്ലേ, ഒടിഎ അപ്‌ഡേറ്റുകള്‍ സഹിതം സിങ്ക് 4 ഇന്റര്‍ഫേസ് എന്നിവ ഫീച്ചറുകളാണ്. ഫോഡിന്റെ ഇന്റലിജന്റ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ സംവിധാനമായ പുതിയ ‘ബ്ലൂക്രൂസ്’ മറ്റൊരു പ്രധാന ഫീച്ചറാണ്.