വിം വെന്‍ഡേഴ്സ് ഫിലിം ഫെസ്റ്റ് തിരുവനന്തപുരത്ത്
തിരുവനന്തപുരം: വിഖ്യാത ജര്‍മന്‍ ചലച്ചിത്രകാരന്‍ വിം വെന്‍ഡേഴ്സിന് ആദരമര്‍പ്പിച്ച് ജര്‍മന്‍ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ-സെന്‍ട്രം തിരുവനന്തപുരത്ത് വെന്‍ഡേഴ്സ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 10, 11 തീയതികളിലാണ് ഫിലിം ഫെസ്റ്റ്. പ്രവേശനം സൗജന്യമാണ്. വെന്‍ഡേഴ്സിന്‍റെ 18 സിനിമകളുടെ പാക്കേജ് കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി പ്രദര്‍ശിപ്പിക്കും. ഫിലിം ഫെസ്റ്റിനായി വെന്‍ഡേഴ്സ് തലസ്ഥാനത്ത് എത്തും. ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കുമായി വെന്‍ഡേഴ്സിന്‍റെ മാസ്റ്റര്‍ ക്ലാസുകളും ഒരുക്കിയിട്ടുണ്ട്.ഫെസ്റ്റിവെലിന്‍റെ പാസ് വിതരണം ഇന്ന് (ഫെബ്രുവരി 4) ആരംഭിക്കും. ഗൊയ്ഥെ-സെന്‍ട്രത്തിന്‍റെ ഓഫീസില്‍ (ഡി-9, ജവഹര്‍ നഗര്‍) രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ പാസുകള്‍ ലഭിക്കും. 1970 കളില്‍ തുടക്കമായ ജര്‍മന്‍ നവസിനിമയുടെ അഗ്രഗാമികളിലൊരാളായ വിം വെന്‍ഡേഴ്സ് സമകാലിക ലോക സിനിമയിലെ മുന്‍നിരക്കാരില്‍ ഒരാളാണ്. രാജ്യത്തെ 7 നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന ‘കിംഗ് ഓഫ് ദി റോഡ് -ദി ഇന്ത്യ ടൂര്‍’ പരിപാടിയുടെ ഭാഗമായാണ് തിരുവനന്തപുരത്ത് വെന്‍ഡേഴ്സ് ഫിലിം ഫെസ്റ്റ് നടത്തുന്നത്. ദി ഗോളീസ് ആങ്സൈറ്റി അറ്റ് ദി പെനാല്‍റ്റി കിക്ക് (1971), ആലീസ് ഇന്‍ ദി സിറ്റീസ് (1973), കിംഗ്സ് ഓഫ് ദി റോഡ് (1975), ദി അമേരിക്കന്‍ ഫ്രണ്ട് (1977), ലൈറ്റ്നിംഗ് ഓവര്‍ വാട്ടര്‍ (1980), റിവേഴ്സ് ആംഗിള്‍ (1982), റൂം 666 (1982), ദി സ്റ്റേറ്റ് ഓഫ് തിംഗ്സ് (1982), പാരീസ് ടെക്സസ് (1984), ടോക്കിയോ-ഗാ (1985), വിംഗ്സ് ഓഫ് ഡിസയര്‍ (1987), അണ്‍ഡില്‍ ദി എന്‍ഡ് ഓഫ് ദി വേള്‍ഡ് – ഡയറക്ടേഴ്സ് കട്ട് (1994), ദ എന്‍ഡ് ഓഫ് വയലന്‍സ് (1997), ബ്യൂണ വിസ്ത സോഷ്യല്‍ ക്ലബ് (1999), ദ മില്യണ്‍ ഡോളര്‍ ഹോട്ടല്‍ (2000), ഡോണ്ട് കം നോക്കിംഗ് (2005), പിന (3ഡി) (2011), അന്‍സെലം -3ഡി (2023) എന്നീ സിനിമകളാണ് തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിക്കുക. പ്രദര്‍ശനത്തില്‍ വെന്‍ഡേഴ്സിന്‍റെ ക്ലാസിക്ക് സിനിമകളും ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്‍ററികളും ഉള്‍പ്പെടുന്നു. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനുമായി സഹകരിച്ച് വിം വെന്‍ഡേഴ്സാണ് ഈ ചിത്രങ്ങള്‍ ക്യൂറേറ്റ് ചെയ്തിരിക്കുന്നത്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനുമായും (കെഎസ്എഫ് ഡിസി) കേരള ചലച്ചിത്ര അക്കാദമിയുമായും സഹകരിച്ചാണ് ഗൊയ്ഥെ സെന്‍ട്രം സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്. ലോകമെമ്പാടും ഭാഷാ, സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്ന ജര്‍മനിയിലെ സാംസ്കാരിക സ്ഥാപനമാണ് ഗൊയ്ഥെ-ഇന്‍സ്റ്റിറ്റ്യൂട്ട്.