ഇമാറിന്റെ പ്രോപ്പര്‍ട്ടി വില്‍പ്പനയില്‍ 83 ശതമാനം വളര്‍ച്ച അറ്റാദായവും കൂടി
1 min readആദ്യപാദത്തില്‍ 1.93 ബില്യണ്‍ ഡോളറിന്റെ ഇടപാടുകളാണ് ഇമാര്‍ നടത്തിയത്, അറ്റാദായം 2020 ആദ്യപാദത്തിലെ 166 മില്യണ്‍ ഡോളറില്‍ നിന്നും 179 മില്യണ്‍ ഡോളറായി വര്‍ധിച്ചു
ദുബായ്: ഈ വര്‍ഷം ആദ്യപാദത്തില്‍ കമ്പനിയില്‍ 1.937 ബില്യണ്‍ ഡോളറിന്റെ പ്രോപ്പര്‍ട്ടി വില്‍പ്പനകള്‍ നടന്നതായി ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെട്ടിട നിര്‍മാതാക്കളായ ഇമാര്‍ പ്രോപ്പര്‍ട്ടീസ്. 1.058 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന രേഖപ്പെടുത്തിയ 2020 ആദ്യപാദത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 83 ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷം ഒന്നാംപാദത്തില്‍ രേഖപ്പെടുത്തിയത്. കമ്പനിയുടെ വരുമാനം 2020 ആദ്യപാദത്തിലെ 1.45 ബില്യണ്‍ ഡോളറില്‍ നിന്നും 12 ശതമാനം ഉയര്‍ന്ന് 1.632 ബില്യണ്‍ ഡോളറും അറ്റാദായം 166 മില്യണ്‍ ഡോളറില്‍ നിന്നും 8 ശതമാനം ഉയര്‍ന്ന് 179 മില്യണ്‍ ഡോളറായും വര്‍ധിച്ചു.
11.382 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ബാക്കിയുള്ള വില്‍പ്പന ഇടപാടുകള്‍ ഭാവി വരുമാനമായി കണക്കാക്കുമെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസ് അറിയിച്ചു. ആദ്യപാദം ദുൂബായിലും മറ്റ് അന്താരാഷ്ട്ര വിപണികളിലുമായി 74,500ലധികം പാര്‍പ്പിട യൂണിറ്റുകളാണ് ഇമാര്‍ ഉടമകള്‍ക്ക് കൈമാറിയത്. നിലവില്‍ യുഎഇയില്‍ 25,500 യൂണിറ്റുകളുടെയും മറ്റ് അന്തര്‍ദേശീയ വിപണികളില്‍ 11,500 യൂണിറ്റുകളുടെയും നിര്‍മാണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു.
ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റെ ഭൂരിപക്ഷ ഉടമസ്ഥതയിലുള്ള യുഎഇയിലെ ബില്‍ഡ് ടു സെല്‍ പ്രോപ്പര്‍ട്ടി ഡെവലപ്‌മെന്റ് ബിസിനസായ ഇമാര്‍ ഡെവലപ്‌മെന്റ്‌സ് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയവില്‍ ദുബായില്‍ 1.607 ബില്യണ്‍ ഡോളറിന്റെ പ്രോപ്പര്‍ട്ടി വില്‍പ്പനയാണ് നടത്തിയത്. 780 മില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ രേഖപ്പെടുത്തിയ 2020 ആദ്യപാദത്തേക്കാളും വില്‍പ്പനയില്‍ 106 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇമാര്‍ ഡെവലപ്‌മെന്‍്‌സിന്റെ വരുമാനവും അറ്റാദായവും യഥാക്രമം 26 ശതമാനം, 20 ശതമാനം വീതം ഉയര്‍ന്ന് 1.04 ബില്യണ്‍ ഡോളറും 213 മില്യണ്‍ ഡോളറുമായി.
അന്തര്‍ദേശീയ വിപണികളിലും ആദ്യപാദത്തില്‍ ഇമാര്‍ മെച്ചപ്പെട്ട നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2020 ആദ്യപാദത്തില്‍ 279 മില്യണ്‍ ഡോളറിന്റെ അന്തര്‍ദേശീയ പ്രോപ്പര്‍ട്ടി വില്‍പ്പനയാണ് ഇമാര്‍ നടത്തിയിരുന്നതെങ്കില്‍ ഈ വര്‍ഷം ആദ്യപാദത്തില്‍ അത് 18 ശതമാനം ഉയര്‍ന്ന് 330 മില്യണ്‍ ഡോളായി വര്‍ധിച്ചു. ഇമാര്‍ ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള വരുമാനത്തില്‍ 13 ശതമാനം അന്തര്‍ദേശീയ ബിസിനസില്‍ നിന്നുള്ളതാണ്. പ്രധാനമായും ഈജിപ്ത്, ഇന്ത്യ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഇമാറിന് കൂടുതല്‍ ബിസിനസുകള്‍ ഉള്ളത്.
ഇമാര്‍ മാള്‍സിന്റെ അറ്റാദായത്തില്‍ 16 ശതമാനം ഇടിവ്
മാള്‍ നടത്തിപ്പുകാരായ ഇമാര്‍ മാള്‍സിന്റെ ആദ്യപാദ അറ്റാദായത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പതിനാറ് ശതമാനം ഇടിവ് രേഖപ്പെടുത്തി. 318 മില്യണ്‍ ദിര്‍ഹമാണ് ആദ്യപാദ അറ്റാദായമായി ഇമാര്‍ മാള്‍സ് രേഖപ്പെടുത്തിയത്. അതേസമയം കഴിഞ്ഞ വര്‍ഷം അവസാന പാദത്തെ അപേക്ഷിച്ച് അറ്റ വരുമാനം 169 ശതമാനം ഉയര്‍ന്നു.
വര്‍ഷാടിസ്ഥാനത്തില്‍ മാള്‍ നടത്തിപ്പില്‍ നിന്നുള്ള വരുമാനം കുറഞ്ഞെങ്കിലും റീട്ടെയ്ല്‍ രംഗത്ത് ആദ്യപാദത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞകായി ഇമാര്‍ മാള്‍സ് വ്യക്തമാക്കി. ഇ-കൊമേഴ്‌സ് ഉപസ്ഥാപനമായ നംഷി ആദ്യപാദത്തില്‍ 258 മില്യണ്‍ ദിര്‍ഹത്തിന്റെ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍ തുടങ്ങി മറ്റ് ഗള്‍ഫ് വിപണികളിലേക്ക് ഇ കൊമേഴ്‌സ് ബിസിനസ് ശക്തിപ്പെടുത്താനാണ് ഇമാര്‍ മാള്‍സിന്റെ പദ്ധതി.
പകര്‍ച്ചവ്യാധി ആഘാതം നികത്തുന്നതിനായി വികസന പദ്ധതികളും പുതിയ സംരംഭങ്ങളും കമ്പനി ആസൂത്രണം ചെയ്യുന്നതായി ഇമാര്‍ മേധാവി മുഹമ്മദ് അലബ്ബര്‍ വ്യക്തമാക്കി. റീട്ടെയ്ല്‍ രംഗത്തും വിനോദ മേഖലയിലുമാണ് ഇമാര്‍ ഉപഭോക്താക്കള്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ നല്‍കുന്ന പരിവര്‍ത്തനാത്മകമായ പദ്ധതികള്‍ ആലോചിക്കുന്നത്. പകര്‍ച്ചവ്യാധിക്കെതിരായ വാക്‌സിനേഷന്‍ പരിപാടികള്‍ ആരംഭിച്ചതിന് ശേഷം ദുബായില്‍ വീണ്ടെടുപ്പ് സംബന്ധിച്ച ശുഭസൂചനകള്‍ കണ്ടുതുടങ്ങിയ രണ്ട് മേഖലകളാണ് റീട്ടെയ്ല്‍, വിനോദ മേഖലകള്‍.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഇമാര്‍ ദുബായ് മാള്‍ വില്ലേജില്‍ 21 പുതിയ സ്‌പോര്‍ട്ട്‌സ്, ലൈഫ്‌സ്റ്റൈല്‍ സ്റ്റോറുകള്‍ കൂടി അവതരിപ്പിച്ചിരുന്നു. ദുബായിലെ ഡൗണ്‍ടൗണ്‍ മേഖലയില്‍ പശ്ചിമേഷ്യയിലെ ആദ്യ ടൈം ഔട്ട് മാര്‍ക്കറ്റ് ആരംഭിക്കുന്നതിനായി ടൈം ഔട്ട് ഗ്രൂപ്പുമായി ഇമാര്‍ പങ്കാളിത്തം ആരംഭിക്കുകയും ചെയ്തിരുന്നു. ഇവ കൂടാതെ ദുബായ് ഹില്‍സ് മാള്‍ എന്ന പേരില്‍ പുതിയ മാളും ഇമാര്‍ ആരംഭിക്കുന്നുണ്ട്. അറുന്നൂറോളം കടളായിരിക്കും ഇവിടെ ഉണ്ടായിരിക്കുക. ഈ വര്‍ഷം രണ്ടാംപാദത്തോടെ ഈ മാള്‍ പ്രവര്‍ത്തനമാരംഭിക്കും.
ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്ത ഇമാര്‍ മാള്‍സും ഇമാര്‍ പ്രോപ്പര്‍ട്ടീസും ഓഹരി ലയനം നടത്താന്‍ ആലോചിക്കുന്നതായി ഫെബ്രുവരിയില്‍ സംയുക്തമായി പ്രഖ്യാപിച്ചിരുന്നു. ഈ ഇടപാട് നടന്നാല്‍, ഇമാര്‍ മാള്‍സിന്റെ നിലവിലെ ബിസിനസുകള്‍ ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റെ ഉടമസ്ഥതയിലുള്ള ഉപകമ്പനിയുടേതാകും. അതേസമയം പ്രധാനപ്പെട്ട മാളുകളിലും റീട്ടെയ്ല്‍ ആസ്തികളിലും ഇമാര്‍ മാള്‍സിന് അവകാശമുണ്ടായിരിക്കും.