Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അണ്ഡാശയ അര്‍ബുദം തുടക്കത്തില്‍ കണ്ടെത്താന്‍ പ്രയാസം; ജീവിതശൈലി മാറ്റത്തിലൂടെ പ്രതിരോധിക്കാം

രോഗത്തിന്റെ ആരംഭത്തില്‍, എടുത്തുപറയത്തക്ക ലക്ഷണങ്ങള്‍ ഉണ്ടാകില്ലെന്നതും നേരിയ ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളു എന്നതുമാണ് അണ്ഡാശയ അര്‍ബുദത്തെ കൂടുതല്‍ അപകടകാരിയാക്കുന്നത്

സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ട്യൂമറുകളില്‍ മൂന്നാംസ്ഥാനത്താണ് അണ്ഡാശയ അര്‍ബുദം. ഗര്‍ഭാശയ അര്‍ബുദം, സ്തനാര്‍ബുദം എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. രോഗത്തിന്റെ ആരംഭത്തില്‍, എടുത്തുപറയത്തക്ക ലക്ഷണങ്ങള്‍ ഉണ്ടാകില്ലെന്നതും നേരിയ ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളു എന്നതുമാണ് അണ്ഡാശയ അര്‍ബുദത്തെ കൂടുതല്‍ അപകടകാരിയാക്കുന്നത്. സാമൂഹിക, സാമ്പത്തിക അവസ്ഥകളില്‍ വന്ന മാറ്റവും നഗരവല്‍ക്കരണവും ഉദാസീനമായ ജീവിതശൈലിയിലേക്ക് ആളുകളെ നയിക്കുകയും തന്മൂലം കൂടുതല്‍ മാനസിക സമ്മര്‍ദ്ദവും സ്ഥിരതയില്ലാത്ത, മോശം ഭക്ഷണശീലങ്ങളും പൊണ്ണത്തടി പോലുള്ള ജീവിതശൈലി രോഗങ്ങളും രൂപപ്പെടുകയും ചെയ്തത് സമൂഹത്തില്‍ അണ്ഡാശയ അര്‍ബുദ കേസുകള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണെന്ന് വിദഗ്ധര്‍ പറയുന്നു.

ജീവിതശൈലി മാറ്റത്തിലൂടെ അണ്ഡാശയ അര്‍ബുദത്തെ എങ്ങനെ പ്രതിരോധിക്കാന്‍ കഴിയുമെന്നത് സംബന്ധിച്ച് സ്ത്രീകള്‍ക്ക് ശരിയായ ബോധവല്‍ക്കരണം നല്‍കുകയാണ് ഈ രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള ഏറ്റവും മികച്ച പോംവഴി.

പലപ്പോഴും അവസാനഘട്ടത്തില്‍ മാത്രം തിരിച്ചറിയപ്പെടുന്ന ഒരു രോഗമാണ് അണ്ഡാശയ അര്‍ബുദം. അണ്ഡാശയങ്ങളുടെയും ഗര്‍ഭപാത്രത്തിന്റെയും വലുപ്പം താരതമ്യേന ചെറുതാണ് എന്നതാണ് അതിനുള്ള ഒരു കാരണം. അണ്ഡാശയ അര്‍ബുദം കണ്ടുപിടിക്കുന്നതിന് മുമ്പ് അണ്ഡാശയങ്ങള്‍ എട്ട് മുതല്‍ പത്ത് സെന്റിമീറ്റര്‍ വരെ വളരാം. ഈ വലുപ്പമെത്തും വരെയും ആശങ്കപ്പെടേണ്ട തരത്തിലുള്ള യാതൊരുവിധ ലക്ഷണങ്ങളും രോഗി കാണിച്ച് കൊള്ളണമെന്നില്ല. ഇടക്കിടെയുള്ള മൂത്രമൊഴിക്കല്‍, വയറ് വീര്‍ത്ത അവസ്ഥ, വളരെ കുറച്ച് ഭക്ഷണം കഴിച്ചാലും വയറ് നിറഞ്ഞതായുള്ള തോന്നല്‍ എന്നിവയൊക്കെ ഈ രോഗത്തിന്റെ പൊതുവായുള്ള ലക്ഷണങ്ങളാണ്. അതേസമയം ഇവയെല്ലാം മറ്റ്പല രോഗങ്ങളുടെയും ലക്ഷണങ്ങള്‍ ആണുതാനും. ഇക്കാരണം കൊണ്ടുതന്നെ ആരംഭത്തില്‍ തന്നെ അണ്ഡാശയ അര്‍ബുദം കണ്ടെത്തുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതിന് ശേഷമുള്ള രോഗനിര്‍ണ്ണയം രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാക്കുകയും ചെയ്യും.

ഇതിനിടെ ലോകത്ത് അണ്ഡാശയ അര്‍ബുദ കേസുകള്‍ ദിനംപ്രതി വര്‍ധിച്ച് വരികയാണ്. 2020ല്‍ 45000 പുതിയ കേസുകളും ഇതിന്റെ മൂന്നില്‍ രണ്ട് മരണങ്ങളുമാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത്. രോഗനിര്‍ണ്ണയം വൈകുന്നതും ജാഗ്രതക്കുറവുമാണ് രോഗ നിരക്ക് ഉയരാനുള്ള പ്രധാന കാരണങ്ങള്‍.

അണ്ഡാശയ അര്‍ബുദവും അണ്ഡാശയത്തിലുണ്ടാകുന്ന സിസ്റ്റുകളും തമ്മില്‍ വ്യത്യാസങ്ങളുണ്ട്.  സിസ്റ്റെന്നാല്‍ അണ്ഡാശയത്തിലെ ദ്രാവകം നിറഞ്ഞ സഞ്ചികളാണ്. അണ്ഡാശയത്തിലെ ഭൂരിഭാഗം സിസ്റ്റുകളും ബിനൈന്‍ (അര്‍ബുദകാരിയല്ലാത്ത മുഴ) ആണ്. യുവതികളില്‍ ഇന്ന് സിസ്റ്റ് ധാരാളമായി കണ്ടുവരുന്നുണ്ട്. ആര്‍ത്തകാലത്തും, ഗര്‍ഭകാലത്തും ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കിടയിലും അണുബാധയുള്ളപ്പോഴും എന്‍ഡോമെട്രിയോസിസ്, പിസിഒഡി പോലുള്ള രോഗാവസ്ഥകളിലും അണ്ഡാശയങ്ങളില്‍ സിസ്റ്റുകള്‍ ഉണ്ടാകാം. അത്തരത്തിലുള്ള ഭൂരിഭാഗം സിസ്റ്റുകളും ബിനൈന്‍ ആയിരിക്കും. യുവതികളില്‍ സിസ്റ്റ് കണ്ടെത്തിയാല്‍ അത് ഉടന്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണമെന്നില്ല. അള്‍ട്രാസൗണ്ട് സ്‌കാനിംഗ് നടത്തി ആശങ്കപ്പെടേണ്ടതല്ലെന്ന് ഉറപ്പിക്കുകയും അല്‍പ്പമൊന്ന് ശ്രദ്ധിക്കുകയും ചെയ്താല്‍ മതി. കാലക്രമേണ അത് സ്വയം ഇല്ലാതായിക്കോളും. അതേസമയം അതിന്റെ വളര്‍ച്ച നിരീക്ഷിക്കേണ്ടത് അനിവാര്യമാണ്.

അതേസമയം പ്രായമായ സ്ത്രീകളില്‍ അണ്ഡാശയത്തില്‍ സിസ്റ്റ് രൂപപ്പെടുകയും അതിനുള്ളില്‍ ദ്രവാവസ്ഥയിലുള്ള പദാര്‍ത്ഥം മാത്രമല്ല, കട്ടിയുള്ള മറ്റെന്തെങ്കിലും കൂടി കാണുകയും ചെയ്താല്‍ അതിനെ സങ്കീര്‍ണ്ണമായ അണ്ഡാശയ സിസ്റ്റ് എന്ന് വിളിക്കാം. ഇങ്ങനെയുള്ള അവസ്ഥയില്‍ വിശദമായ രക്തപരിശോധ അടക്കം കൂടുതല്‍ പരിശോധനകള്‍ ആവശ്യമായി വരും. അതിനാല്‍ അമ്പത് വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകളിലെ അണ്ഡാശയത്തിലെ സിസ്റ്റ്് അവഗണിക്കേണ്ട സംഗതിയല്ല.

അതേസമയം പാരമ്പര്യവും അണ്ഡാശയ അര്‍ബുദത്തില്‍ പ്രധാന ഘടകമാണെന്ന് വിദഗ്ധര്‍ പറയുന്നു. മാതാപിതാക്കള്‍, മക്കള്‍, സഹോദരങ്ങള്‍ അല്ലെങ്കില്‍ വളരെ അടുത്ത മറ്റ് ബന്ധുക്കള്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും നേരത്തെ സ്തനാര്‍ബുദമോ, അണ്ഡാശയ അര്‍ബുദമോ വന്നിട്ടുണ്ടെങ്കില്‍ ജനിതകപരമായി രോഗം വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മാത്രമല്ല എന്‍ഡോമെട്രിയോസിസ്, പിസിഒഡി തുടങ്ങിയ അവസ്ഥകളും ചിലപ്പോള്‍ അണ്ഡാശയ അര്‍ബുദത്തിന് കാരണമാകാറുണ്ട്.  എന്‍ഡോമെട്രിയോസിസ് അപൂര്‍വ്വ തരത്തിലുള്ള സെല്‍ കാര്‍സിനോമ എന്ന ഒരു അണ്ഡാശയ അര്‍ബുദത്തിന് കാരണമാകാമെന്ന് ചില ഡാറ്റകള്‍ സൂചിപ്പിക്കുന്നു. മൊത്തം അണ്ഡാശയ അര്‍ബുദ കേസുകളുടെ കേവലം രണ്ട് ശതമാനം മാത്രമാണ് സെല്‍ കാര്‍സിനോമ കേസുകള്‍. അതേസമയം പിസിഒഡിയും അണ്ഡാശയ അര്‍ബുദത്തിന് കാരണമാകാമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കില്‍ ഇത് ഇപ്പോഴും തര്‍ക്കവിഷയമാണ്. പിസിഒഡി വന്ധ്യതയ്ക്കും ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കും സിസ്റ്റുകള്‍ക്കും കാരണമാകാമെങ്കിലും പിസിഒഡി ഉള്ളവര്‍ക്കും അണ്ഡാശയ അര്‍ബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും നിലവിലില്ല.

നിരവധി ലക്ഷ്യങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും പിറകേ ഓടുമ്പോള്‍ ആളുകള്‍ പലപ്പോഴും ശരീരത്തിന്റെ ആവശ്യങ്ങള്‍ മറക്കാറുണ്ട്. പുതിയ പുതിയ രോഗങ്ങള്‍ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അതാണ്. ജീവിതശൈലിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയാല്‍ ഒട്ടുമിക്ക രോഗങ്ങളെയും നമുക്ക് പ്രതിരോധിക്കാം. വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമവും ഒരു വ്യക്തിയുടെ ആരോഗ്യത്തില്‍ വളരെ പ്രധാനപ്പെട്ട സംഗതികളാണ്. ശരീരഭാരം ആരോഗ്യകരമായ നിലയില്‍ നിലനിര്‍ത്തേണ്ടത് അര്‍ബുദ പ്രതിരോധത്തില്‍ നിര്‍ണ്ണായകമാണ്.

Maintained By : Studio3