2022ഓടെ ദുബായ് റിയല്‍ എസ്റ്റേറ്റ് വിപണി കൂപ്പുകുത്തുമെന്ന് എസ് ആന്‍ഡ് പി
1 min readനഗരത്തിലെ പാര്‍പ്പിട യൂണിറ്റുകളുടെയും ഓഫീസ് യൂണിറ്റുകളുടെയും വില അടുത്ത വര്‍ഷത്തോടെ ഏറ്റവും താഴ്ന്ന അവസ്ഥയിലെത്തും
ദുബായ്: ദുബായിലെ പ്രോപ്പര്‍ട്ടി വിപണി അടുത്ത വര്‍ഷത്തോടെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലെത്തുമെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ്. പകര്‍ച്ചവ്യാധിക്ക് മുമ്പ് തന്നെ ദുബായില്‍ പ്രോപ്പര്‍ട്ടികളുടെ ആവശ്യകതയും വിതരണവും അസന്തുലിതാവസ്ഥയില്‍ ആയിരുന്നുവെന്നും കോവിഡ്-19 പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷം സ്ഥിതി കൂടുതല്‍ മോശമായെന്നും എസ് ആന്‍ഡ് പി അനലിസ്റ്റായ സപ്‌ന ജഗ്തിയാനി അഭിപ്രായപ്പെട്ടു.
നഗരത്തിലെ പാര്‍പ്പിട യൂണിറ്റുകളുടെയും ഓഫീസ് ഇടങ്ങളുടെയും വില 2022ഓടെ കൂപ്പുകുത്തുമെന്നാണ് കരുതുന്നതെന്നും സപ്‌ന പറഞ്ഞു. പ്രോപ്പര്‍ട്ടികളുടെ അമിത വിതരണവും ഡിമാന്‍ഡ് തകര്‍ച്ചയും മൂലം പശ്ചിമേഷ്യയിലെ ബിസിനസ് ഹബ്ബായ ദുബായില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ റിയല്‍ എസ്റ്റേറ്റ് വിപണി വന്‍തകര്‍ച്ചയ്ക്കാണ് വേദിയായത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധി ആരംഭിച്ചതോടെ വിപണിയില്‍ വിലത്തകര്‍ച്ച രൂക്ഷമായി.
ഈ വര്‍ഷവും ദുബായിലെ കെട്ടിട നിര്‍മാതാക്കള്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കൂടുതല്‍ കെട്ടിടങ്ങള്‍ വിപണിയിലെത്തിക്കുമെന്നാണ് കരുതുന്നതെന്ന് പ്രോപ്പര്‍ട്ടി ഇടപാടുകാരായ ജെഎല്‍എല്‍ ഈ വര്‍ഷം തുടക്കത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. പ്രോപ്പര്‍ട്ടികളുടെ വിതരണം വര്‍ധിച്ചാല്‍ അടുത്ത രണ്ട് വര്‍ഷം കൂടി വിലത്തകര്‍ച്ച തുടരുമെന്നാണ് കരുതേണ്ടത്. ഒന്ന് രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് മാത്രമേ ദുബായിലെ റിയല്‍ എസ്റ്റേറ്റ് വിപണി നിലവിലെ അവസ്ഥയില്‍ നിന്നും കരകയറാന്‍ സാധ്യതയുള്ളുവെന്ന് നഗരത്തിലെ ഏറ്റവും വലിയ കെട്ടിട നിര്‍മാതാക്കളായ ദമക് പ്രോപ്പര്‍ട്ടീസ് മേധാവി കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗള്‍ഫ് മേഖലയില്‍ ജനസംഖ്യയില്‍ കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തിയ നഗരമാണ് ദുബായ്. എസ് ആന്‍ഡ് പിയുടെ കണക്കുകള്‍ പ്രകാരം ദുബായുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലും കഴിഞ്ഞ വര്‍ഷം 11 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. ഈ വര്‍ഷം വിപണിയില്‍ പുതിയതായി എത്തുന്ന പാര്‍പ്പിട വിഭാഗത്തിലുള്ള കെട്ടിടങ്ങള്‍ കുറവായിരിക്കുമെന്നും പണയ നിരക്കുകള്‍ കുറഞ്ഞ് തന്നെ തുടരാനിടയുള്ളതിനാല്‍ ആളുകള്‍ വാടകവീടുകള്‍ക്ക് പുറകേ പോകുന്നതിന് പകരം വീടുകള്‍ സ്വന്തമാക്കാനാണ് സാധ്യത കൂടുതലെന്നും സപ്‌ന അഭിപ്രായപ്പെട്ടു. മാത്രമല്ല, യുഎഇയിലെ ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്ക് ഓഫീസുകളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ കാരണമായേക്കുമെന്ന് ഇത് ഓഫീസ് കെട്ടിടങ്ങളുടെ വില വര്‍ധനവിന് സഹായിക്കുമെന്നും സപ്‌ന പറഞ്ഞു. അതേസമയം ദുബായിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം വളരെ മോശമായിരിക്കുമെന്നും സപ്‌ന പറഞ്ഞു.