Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഒരു ഹെല്‍ത്ത് കെയര്‍ ഹബ്ബ് എന്ന നിലയിൽ വളരുവാനുള്ള എല്ലാ സാഹചര്യങ്ങളും കേരളത്തിന് അനുകൂലം: ഡോ. അരുണ്‍ ഉമ്മന്‍

1 min read

ഇന്ത്യയിലെ പ്രശസ്ത ന്യൂറോ സര്‍ജന്‍മാരിലൊരാളാണ് ഡോ. അരുണ്‍ ഉമ്മന്‍, കൊച്ചിയിലെ പ്രശസ്തമായ വി.പി.എസ്. ലേക്ക്‌ഷോര്‍ ഹോസ്പിറ്റലിലെ സീനിയര്‍ ന്യൂറോ സര്‍ജന്‍. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂല്‍പ്പാലത്തിലൂടെ വഴുതിവീഴാൻ പോകുന്ന നിരവധി രോഗികളെ ജീവിതത്തിലേക്ക് കൈ പിടിച്ച് കയറ്റുന്ന വിദഗ്ദ്ധനായ ഭിഷഗ്വരന്‍, ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവത്തിന്റെ സ്വന്തം പ്രതിനിധി! തന്റെ പ്രൊഫെഷണൽ മികവിന്റെ നേട്ടങ്ങളിൽ ഒട്ടും അഹങ്കരിക്കാത്ത എളിമയുള്ള ഒരു സാമൂഹ്യ പ്രവർത്തകൻ കൂടിയാണ് ഡോ. അരുണ്‍ ഉമ്മന്‍. തന്റെ 23 വര്‍ഷത്തെ അനസ്യുതമായ പ്രവര്‍ത്തനപരിചയത്തിൽ നിന്നും ഫ്യൂച്ചർ കേരള വായനക്കാർക്കായി ചില മൊഴിമുത്തുകൾ പങ്കുവയ്ക്കുകയാണ് ഡോ. അരുണ്‍ ഉമ്മന്‍, ഈ ലേഖനത്തിലൂടെ:

ആഫ്രിക്കയില്‍ അദ്ധ്യാപകരായിരുന്ന എറണാകുളം സ്വദേശികളായ .വി.ജി.ഉമ്മന്റെയും സൂസൻ ഉമ്മന്റെയും മകനായി എത്യോപ്യയിലാണ് ഡോ. അരുണ്‍ ഉമ്മന്റെ ജനനം. അദ്ദേഹത്തിന് 3 വയസ്സുളളപ്പോള്‍ കുടുംബം നൈജീരിയയിലേക്ക് ചേക്കേറി. ആറാം ക്ലാസ്സ് വരെ നൈജീരിയയിലെ ഒരു അമേരിക്കന്‍ മിഷനറി സ്‌ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രൈമറി തലം മുതല്‍ക്കേ പഠനത്തില്‍ സമര്‍ത്ഥനായിരുന്നു ഡോ.അരുണ്‍. പിന്നീട് കുടുംബം നാട്ടിലേക്ക് തിരികെ വന്നതോടെ തുടര്‍ വിദ്യാഭ്യാസം കേരളത്തിലായി. ഒരു സര്‍ജനാവുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്‌ഷ്യം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ്., കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും രണ്ടാം റാങ്കോടെ ജനറല്‍ സര്‍ജറിയില്‍ ബിരുദാന്തര ബിരുദം, തുടർന്ന് മൂന്നാം റാങ്കോടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ എം.സി.എച്ചും, ഇംഗ്ലണ്ടിലെ എഡിന്‍ബറോ റോയല്‍ കോളേജ് ഓഫ് സര്‍ജറിയില്‍ നിന്നും എം.ആര്‍.സി.എസും കരസ്ഥമാക്കി. കൂടാതെ ന്യൂറോ എന്റോസ്‌കോപ്പിയില്‍ പ്രശസ്തമായ ഫെല്ലോഷിപ്പും അദ്ദേഹം നേടി. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ എംബിഎ നേടിയ ചുരുക്കം ചില ന്യൂറോ സർജൻമാരിൽ ഒരാളാണ് ഡോ. അരുണ്‍ ഉമ്മൻ. യൂറോപ്യൻ യൂണിയനിൽ നിന്ന് ന്യൂറോ ക്രിട്ടിക്കൽ കെയറിൽ ബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്. അടുത്തിടെ പാരീസിലെ പ്രശസ്തമായ തേംസ് ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റി അദ്ദേഹത്തെ സമൂഹത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കുകയുണ്ടായി. തൃശൂര്‍ മെഡിക്കല്‍ കോളേജ്, എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷമാണ് ഡോ. അരുണ്‍ വി.പി.എസ്. ലേക്ക്‌ഷോറില്‍ എത്തുന്നത്.

ഇന്ത്യയിലെ പ്രശസ്ത ന്യൂറോ സര്‍ജന്‍മാരില്‍ ഒരാളായ ഡോ. അരുണ്‍ ഉമ്മന്‍, തലച്ചോറിലെ മുഴകള്‍, അപകടങ്ങള്‍ മൂലം തലയിലും നട്ടെല്ലിലും ഉണ്ടാകുന്ന ക്ഷതങ്ങള്‍, ഡിസ്‌ക് സംബന്ധമായ ശസ്ത്രക്രിയകള്‍, രക്തക്കുഴലുകള്‍ പുനരുജ്ജീവിപ്പിക്കല്‍ തുടങ്ങി ഈ മേഖലയില്‍ അതിസങ്കീര്‍ണ്ണമായ 3600ല്‍ അധികം സര്‍ജറികള്‍ വിജയകരമായി നടത്തിക്കഴിഞ്ഞു. കൂടാതെ ബ്രെയ്ന്‍ സ്റ്റം, എന്‍ഡോസ്‌കോപ്പിക് സര്‍ജറി, സിന്തറ്റിക് കോഡ്മാന്‍ പീക്ക് 3 ഡി തലയോട്ടി പുനര്‍ നിര്‍മ്മാണം, കൃത്രിമ തലയോട്ടി ഇംപ്ലാന്റ് ശസ്ത്രക്രിയകള്‍, അനൂറിസം ശസ്ത്രക്രിയകള്‍ തുടങ്ങിയ മേഖലയില്‍ ലോകത്തെ അറിയപ്പെടുന്ന വിദഗ്ധരിലൊരാളുമാണ് ഡോ. അരുണ്‍ ഉമ്മന്‍. ലേക്ക്‌ഷോര്‍ ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റായ ഭാര്യ റോജ ജോസഫ്, രാജഗിരി പബ്ലിക് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളായ ഏഥന്‍, ഏഡന്‍ എന്നിവരടങ്ങുന്നതാണ് ഡോ. അരുണ്‍ ഉമ്മന്റെ കുടുംബം.

ഒരു ഹെല്‍ത്ത് കെയര്‍ ഹബ്ബ് എന്ന നിലയില്‍ കേരളത്തിന്റെ വളർച്ചാ സാദ്ധ്യതകളെ താങ്കൾ എങ്ങിനെ കാണുന്നു?

ഇന്ന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും മികച്ച ഡോക്ടര്‍മാരും, നേഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫമുള്ളത് കേരളത്തിലാണ്. 4 ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടുകള്‍, റെയില്‍-റോഡ് കണക്ടിവിറ്റി ഇവയെല്ലാം കേരളത്തിന് ഒരു ഹെല്‍ത്ത് കെയര്‍ ഹബ്ബായി വളരുവാനുള്ള അനുകൂല സാഹചര്യങ്ങളാണ്. പക്ഷെ മികച്ച ചികിത്സാ സൗകര്യങ്ങളും ആശുപത്രികളും ലഭ്യമാക്കാന്‍ ധാരാളം പണച്ചെലവുണ്ട്. ഇത് ചികിത്സാ രീതികളുടെ ചെലവ് കൂട്ടും. ഇവിടെ ഗവണ്‍മെന്റ് പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. തിരുവന്തപുരം മെഡിക്കല്‍ കോളേജ് പോലുള്ള മികവിന്റെ കേന്ദ്രങ്ങള്‍ നമുക്കുണ്ടെങ്കിലും ഈ മേഖലയില്‍ ഇത്തരം സ്ഥാപനങ്ങള്‍ കൂടുതലായി ഉയര്‍ന്ന് വരണമെന്നാണ് എന്റെ അഭിപ്രായം.

  സംസ്കൃത സർവ്വകലാശാലയിൽ സ്കോളര്‍ഷിപ്പോടെ സംസ്കൃതത്തില്‍ ബിരുദപഠനം

ചികിത്സാ ചിലവ് ഉയരുകയാണ്, സമൂഹത്തിന്റെ താഴെ തട്ടിലുള്ളവർക്ക് പലപ്പോഴും ചികിത്സ സാധ്യമാകാത്ത സാഹചര്യം; ഈ അവസ്ഥയ്ക് എന്താണ് പ്രതിവിധി?

ലോക നിലവാരത്തിലുള്ള ചികിത്സാസൗകര്യങ്ങൾ ഇന്ന് കേരളത്തില്‍ ലഭ്യമാണ്. എന്നാല്‍ ഇത് സമൂഹത്തിന്റെ താഴെ തട്ടിലുള്ളവര്‍ക്ക് പലപ്പോഴും അപ്രാപ്യമാണ്. ഈ സാഹചര്യം മാറണം. കേരളത്തിലെ 3.5 കോടി ജനങ്ങള്‍ക്കും മികച്ച ചികിത്സ ലഭ്യമാകുന്ന സാഹചര്യം ഉണ്ടാകണം. ഓരോ പൗരനും മികച്ച ചികിസ ലഭ്യമാക്കുവാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം എന്നാണ് എന്റെ അഭിപ്രായം. അതിനായി സര്‍ക്കാര്‍ പ്രത്യേകം പദ്ധതി തയ്യാറാക്കണം.സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ എല്ലാവർക്കും സൗജന്യവൈദ്യസഹായം ലഭ്യമാക്കണം. അതിനായി വേണ്ടത്ര ഫണ്ട് ലഭ്യമാക്കണം. മെഡിക്കൽ സെസ് പോലുള്ള പദ്ധതികൾ ഇതിനായി പരിഗണിക്കാവുന്നതാണ്. നമ്മുടെ ജി.ഡി.പി.യുടെ 1-2 ശതമാനം വരെയേ ആരോഗ്യ മേഖലയ്ക്കായി മാറ്റി വകയിരുത്തുന്നുള്ളു. ഇത് മാറി ജി.ഡി.പി.യുടെ 6-10 ശതമാനം ഇതിനായി മാറ്റി വയ്ക്കണം. യൂറോപ്യന്‍ രാജ്യങ്ങളെല്ലാം പിന്‍തുടരുന്നത് ഈ രീതിയാണ്. അങ്ങനെ ചെയ്താല്‍ എല്ലാ ആശുപത്രികളും ലോക നിലവാരത്തിലേക്ക് ഉയരും. അതിന്റെ ഗുണം സാധാരണക്കാരന് ലഭിക്കുകയും നമ്മുടെ നാട് ആരോഗ്യമുള്ള പൗരന്‍മാരുടെ നാടായി മാറുകയും ചെയ്യും.

ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ താങ്കൾ എങ്ങിനെയാണ് കാണുന്നത്?, എന്താണിതിനു പരിഹാരം?

ഏറെ പരിചരണം അര്‍ഹിക്കുന്ന വ്യക്തിയാണ് ഒരു രോഗി. മാനസികമായി അസ്വസ്ഥനാകുന്ന സാഹചര്യത്തിലാണ് രോഗി ഡോക്ടറെയും മറ്റുള്ളവരെയും ആക്രമിക്കുന്നത്. നമ്മള്‍ മനസ്സിലാക്കേണ്ട ഒരു സത്യമുണ്ട്, ഏതൊരു ചികിത്സയുടേയും വിജയം എന്നത് ഡോക്ടറും രോഗിയും തമ്മലുള്ള മാനസിക അടുപ്പവും, വിശ്വാസവുമാണ്. ഡോക്ടറും നേഴ്‌സും രോഗിയെ ഭീതിയോടെ സമീപിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം. ഇതിന് പുറമെ ചില ആളുകൾ തങ്ങളുടെ നേട്ടത്തിനായി ഡോക്ടര്‍മാരെയും നേഴ്‌സുമാരെയും ഭിഷണിപ്പെടുത്തുകയും മറ്റും ചെയ്യുന്നു. അത് ആരോഗ്യപ്രവർത്തകരുടെ ഉള്ളില്‍ ഭയം ജനിപ്പിക്കുകയും ചികിത്സ നൽകുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കുകയും ചെയ്യും. ഇത് ഒഴിവാക്കപ്പെടണം. ഈ പ്രവണത വര്ധിച്ചുവന്നാൽ അത് അപകടസാധ്യത കൂടുതലുള്ള രോഗികളെ ഏറ്റെടുക്കാൻ ആരോഗ്യ പ്രവർത്തകർ മടികാണിക്കുന്ന സാഹചര്യം സംജാതമാകും. ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷ ശക്തമാക്കുന്നതിനുള്ള അടിയന്തിര നടപടികൾ വേണം.

നമ്മുടെ ചെറുപ്പക്കാരായ പ്രൊഫെഷണൽസ് ഇന്ത്യ വിട്ട് അന്യ രാജ്യങ്ങളിലേക്ക് പോകുന്നതിനെ നമുക്ക് എങ്ങിനെ തടയാനാവും?

നമ്മുടെ നാട്ടിലെ സാമൂഹിക-സാമ്പത്തിക-ജീവിത സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യൂറോപ്പും അമേരിക്കയുമെല്ലാം മികച്ച സൗകര്യങ്ങളാണ് പൗരന്‍മാര്‍ക്ക് നല്‍കുന്നത്. വര്‍ക്ക് കള്‍ച്ചര്‍, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും നല്‍കുന്ന പ്രത്യേക പരിഗണന, സോഷ്യല്‍ സെക്യൂരിറ്റി, വിദേശ നാണ്യ നിരക്കിലെ അന്തരം, മായമില്ലാത്ത ഭക്ഷണം, നൈറ്റ് ലൈഫ് തുടങ്ങിയ സാഹചര്യങ്ങളാണ് യുവാക്കളെ യൂറോപ്പിലേക്കും മറ്റും ആകര്‍ഷിക്കുന്നത്. ഇതിന് പുറമെ സമാധാനപരമായി ജീവിതം ആസ്വദിക്കുവാനുള്ള അവസരം പുറം രാജ്യങ്ങളില്‍ ആവോളമുണ്ട്. വിദ്യാഭ്യാസ ലോണും മറ്റും എടുത്ത് പഠിക്കുന്ന ഒരു വ്യക്തി വിദേശരാജ്യങ്ങൡലേക്ക് ആകര്‍ഷിക്കപ്പെടാന്‍ ഇതെല്ലാം ധാരാളമാണ്. നമ്മുടെ നാട്ടിലെ മിടുക്കന്‍മാരായ പ്രൊഫഷണലുകളെ ഇവിടെ ആകര്‍ഷിച്ച് നിര്‍ത്തുവാനുതകുന്ന പദ്ധതികള്‍ ഗവണ്‍മെന്റ് തയ്യാറാക്കുക എന്നത് മാത്രമാണ് ഇതിനുള്ള പരിഹാരം.

  വാഹന നിര്‍മാണത്തില്‍ പുതിയ നാഴികക്കല്ല് സൃഷ്ടിച്ച് ഫോക്സ്വാഗണ്‍ ഇന്ത്യ

താങ്കൾ ഒരു പ്രശസ്തനായ ന്യൂറോസര്‍ജനാണ്, അതിലുപരി ഒരു സാമൂഹ്യപ്രവർത്തകൻ കൂടിയാണ്, താങ്കൾക്ക് കേരളീയ സമൂഹത്തിന്, പ്രത്യേകിച്ച് യുവതയ്ക്ക് നൽകുവാനുള്ള സന്ദേശമെന്താണ്?

 • ഒന്നാമതായി, നിങ്ങളുടെ ജീവിത ലക്ഷ്യങ്ങളെ വ്യക്തമായി നിർവ്വചിക്കുക.
  രണ്ട്: അതു നേടാൻ വ്യക്തമായ, ധാർമ്മിക മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു പദ്ധതി തയ്യാറാക്കുക.
  മൂന്ന്: നിങ്ങൾ എപ്പോഴും ജീവിതത്തിൽ മൂല്യങ്ങള്‍ കൈവിടാതെ ഉയര്‍ത്തിപ്പിടിക്കുക,
  മാനസികമായും ശാരീരികമായും ആരോഗ്യമുള്ള യുവതയാണ് നാളത്തെ സമൂഹത്തിന്റെ വാഗ്ദാനം.
  നാല്: സമൂഹത്തെ ആഴത്തിൽ ഗ്രസിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് എന്ന വിപത്തിനെതിരെ അണിനിരക്കേണ്ടതും, എതിർത്തു തോൽപ്പിക്കേണ്ടതും നമ്മുടെ യുവാക്കൾ തന്നെയാണ്.
  അഞ്ച്: കഠിനാധ്വാനവും അര്‍പ്പണമനോഭാവും ജീവിതചര്യയാക്കിവര്‍ക്കേ ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കുകയുള്ളൂ.

ഡോ. അരുണ്‍ ഉമ്മന്‍ എന്ന സന്നദ്ധപ്രവർത്തകൻ
തന്റെ പ്രൊഫെഷണൽ ജോലി തിരക്കുകൾക്കിടയിലും നിരവധി സാമൂഹ്യസേവന പ്രവർത്തികളിൽ നിരന്തരം വ്യാപൃതനാണ് ഡോ. അരുണ്‍ ഉമ്മന്‍. കൊച്ചിയിലും പരിസരപ്രദേശങ്ങളിലും ഉള്ള 1500ഓളം നിരാലംബര്‍ക്ക് വിവിധ സ്ഥലങ്ങളിലായി ആഹാരം നല്‍കുന്ന സെഹിയോന്‍ പ്രേക്ഷിത സമൂഹത്തിന്റെ മാനേജിങ്ങ് ട്രസ്റ്റിയാണ് അദ്ദേഹം. പ്രതിദിനം ഇത്രയും ആളുകള്‍ക്ക് ഭക്ഷണം നല്‍കുവാനായി വലിയൊരു തുക കണ്ടെത്തുവാനും മറ്റുമായി ഡോ. അരുണ്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണ്. എം.എസ്. ജൂഡ്‌സണ്‍ എന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ 28 വര്‍ഷം മുന്‍പ് തുടക്കം കുറിച്ച ഈപ്രസ്ഥാനത്തിന്റെ പതാക വാഹകനാണ് ഇന്ന് ഡോ. അരുണ്‍ ഉമ്മന്‍. ഇതിന് പുറമെ ഓട്ടിസം ബാധിച്ച കുട്ടികളെ സഹായിക്കുകയും, തളര്‍വാത രോഗികള്‍, വികലാംഗര്‍ തുടങ്ങിയവരെ സഹായിക്കുന്നതുമായ സംഘടകളുടെയും മുന്‍നിര പ്രവര്‍ത്തകനാണ് ഡോ. അരുണ്‍. മുത്തൂറ്റ് എം. ജോര്‍ജ് ഫൗണ്ടേഷനുമായി ചേര്‍ന്ന് 80 പേര്‍ക്ക് ഇലക്ട്രിക്ക് വീല്‍ ചെയറുകളും 150ഓളം സാധാരണ വീല്‍ചെയറുകളും, കൃത്രിമ കാലുകളും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നല്‍കി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ക്രിസ്തുമസിനോടനുബന്ധിച്ച് കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമുള്ള നിരാലംബര്‍ക്കായി ‘സ്‌നേഹ സംഗമം’ എന്ന പദ്ധതി ഡോ. അരുണിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. 1500 ഓളം ആളുകള്‍ക്കാണ് ഈ പിരിപാടിയിലൂടെ ഭക്ഷണവും, ക്രിസ്മസ് കേക്കുകളും, ഭക്ഷ്യധാന്യകിറ്റുകളും നല്‍കുന്നത്.

രക്തദാനത്തിന്റെ പ്രാധാന്യത്തേക്കുറിച്ചുള്ള ബോധവല്‍ക്കരണത്തില്‍ എടുത്തുപറയത്തക്ക അനേകം പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തിയാണ് ഡോ. അരുണ്‍. എം.ബി.ബി.എസ്. പഠന കാലത്ത് തുടങ്ങിയ രക്തദാനം ഇന്നും അദ്ദേഹം തുടരുന്നു. ”മറ്റൊരാള്‍ക്ക് രക്തം ദാനം ചെയ്യാനുതകുന്ന ആരോഗ്യം ദൈവം എനിക്ക് തന്നതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. ഇതിനോടകം 64 തവണ രക്തദാനം നടത്താന്‍ സാധിച്ചതില്‍ ഞാന്‍ അങ്ങേയറ്റം കൃതാര്‍ത്ഥനാണ്” ഡോ അരുണ്‍ പറയുന്നു. കൂടാതെ കേരളത്തിന്റെ വിവധ ഭാഗങ്ങളിലായി 85 ഓളം ന്യൂറോ പെയിന്‍ ആന്റ് പാലിയേറ്റീവ് ക്യാമ്പുകളും അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. ക്യാന്‍സര്‍ രോഗത്തിനെതിരെയുള്ള അനേകം ബോധവല്‍ക്കരണ പരിപാടികള്‍ക്കും ഡോ. അരുണ്‍ നേതൃത്വം കൊടുത്തിട്ടുണ്ട്. ക്യാന്‍സര്‍ രോഗ പ്രതിരോധത്തിനായി കൊച്ചിയില്‍ 2018ല്‍ സംഘടിപ്പിച്ച വെസ്റ്റ് വിന്‍ഡ് മെഗാ റണ്‍ മാരത്തോണിന്റെ ചെയര്‍മാനുമായിരുന്നു അദ്ദേഹം.

  സസ്യാവശിഷ്ടങ്ങള്‍ ലെതറാക്കി മാറ്റാനുള്ള സാങ്കേതികവിദ്യ

വിവിധ തരത്തിലുള്ള അസുഖങ്ങളും അപകടങ്ങളും മൂലം കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരണമടയുന്നവര്‍ നമുക്കിടയിൽ ധാരാളമാണ്. ഇതിനു പരിഹാരമെന്ന നിലയിൽ ഇരുപതു വ്യത്യസ്ഥ ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പഠിപ്പിക്കുന്ന ”സമരിറ്റന്‍” എന്ന പ്രൊജക്ട് തയ്യാറാക്കുകയും സ്‌ക്കൂളുകള്‍, കോളേജുകള്‍, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായത്തോടെ 78-ളം പ്രോഗ്രാമുകള്‍ ഡോ. അരുണിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുകയുണ്ടായി. കേരളത്തില്‍ അങ്ങോളമിങ്ങോളമായി 11000 കുട്ടികള്‍ക്കാണ് ഇതിനായി പരിശീലനം നല്‍കിയത്.

എഴുത്തുകാരനും, പ്രഭാഷകനുമായ ഡോക്ടർ
ആതുര സേവനരംഗത്തെ പ്രമുഖൻ, ജീവകാരുണ്യ പ്രവര്‍ത്തകൻ എന്നി വിശേഷണങ്ങൾക്കു പുറമെ, ഒരു മികച്ച പ്രാസംഗികനും എഴുത്തുകാരനുമാണ് ഡോ. അരുണ്‍. ന്യൂറോസര്‍ജന്‍ എന്ന നിലയില്‍ തന്റെ ജീവിത അനുഭവങ്ങള്‍ ചേര്‍ത്തുവച്ചുകൊണ്ട് ”മസ്തിഷ്‌കം പറയുന്ന ജീവിതം” എന്ന പുസ്തകം അദ്ദേഹം രചിക്കുകയുണ്ടായി. ആരോഗ്യ മന്ത്രി വീണ ജോര്‍ജാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്. ന്യൂറോ സര്‍ജ്ജറി മേഖലയുമായി ബന്ധപ്പെട്ട് അനേകം അന്താരാഷ്ട്ര മെഡിക്കല്‍ ജേര്‍ണലുകളില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ ദൃശ്യ മാധ്യമങ്ങളിലൂടെയും പത്ര മാധ്യമങ്ങളിലൂടെയും സ്‌ട്രോക്ക്, ക്യാന്‍സര്‍, മയക്കുമരുന്നിന്റെ ഉപയോഗം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ അദ്ദേഹം നടത്തുന്നു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരവധി ഓണ്‍ലൈന്‍ മെഡിക്കല്‍ ജേര്‍ണ്ണലുകളുടെ എഡിറ്ററും, ഉപദേശകനും, കൂടാതെ ന്യൂറോ സര്‍ജറിയുമായി ബന്ധപ്പെട്ട ഇന്റര്‍നാഷണല്‍ സെമിനാറുകളിലെ സ്ഥിരം പ്രാഭാഷകനും കൂടിയാണ് ഡോ. അരുണ്‍ ഉമ്മന്‍.

ഡോ. അരുണ്‍ ഉമ്മനുമാത്രം സ്വന്തമായ നേട്ടങ്ങൾ ഇവയാണ്:
– മസ്തിഷ്‌ക-നട്ടെല്ല് സംബന്ധമായ 3600ല്‍ അധികം സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തിയ വിദഗ്ധ ഡോക്ടർ
– കേരളത്തിലെ ആദ്യത്തെ സിന്തറ്റിക് കോഡ്മാന്‍പീക്ക് ത്രീഡി തലയോട്ടി പുനര്‍നിര്‍മാണം നടത്തിയ ഡോക്ടർ
– ഏഷ്യയിലെ ഏറ്റവും വലിയ കൃത്രിമ തലയോട്ടി ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തിയ വിദഗ്ധ ഡോക്ടർ
– ലോകത്തില്‍ ഏറ്റവും അധികം പ്രായമുള്ള (86 വയസുള്ള) വ്യക്തിക്ക് അനൂറിസം ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ വിദഗ്ദ്ധൻ
– സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പ്രോജക്ട് കമ്മിറ്റി അംഗം
– 1500 പേര്‍ക്ക് വ്യത്യസ്ത ഇടങ്ങളില്‍ പ്രതിദിനം ഭക്ഷണം നല്‍കുന്ന സെഹിയോന്‍ പ്രേക്ഷിത സമൂഹത്തിന്റെ മാനേജിങ് ട്രസ്റ്റി
– അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡ് ക്രേവ് ഓണ്‍ലൈന്‍ ജേര്‍ണല്‍ ഓഫ് ന്യൂറോളജി ആന്‍ഡ് സ്‌ട്രോക്കിന്റെ ഉപദേശകന്‍
– ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് മാനേജ്‌മെന്റില്‍ എം.ബി.എ. കരസ്ഥമാക്കിയ ഇന്ത്യയിലെ അപൂര്‍വ്വം ന്യൂറോസര്‍ജന്മാരില്‍ ഒരാള്‍
– 64 തവണയോളം രക്തം ദാനം ചെയ്ത മനുഷ്യസ്നേഹി
– പ്രശസ്തനായ എഴുത്തുകാരൻ: ‘മസ്തിഷ്‌കം പറയുന്ന ജീവിതം’ എന്ന പുസ്തകം, ഇംഗ്ലീഷിലും മലയാളത്തിലുമായി വിവിധ മാധ്യമങ്ങളിലായി 250 ഓളം ലേഖനങ്ങൾ, ദേശീയ അന്തർദേശീയ മെഡിക്കൽ ജേർണലുകളിലും നിരവധി ഗവേഷണ പ്രബന്ധങ്ങൾ
– പാരീസിലെ പ്രശസ്തമായ തേംസ് ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഓണററി ഡോക്ടറേറ്റ്
– ഔട്ട്‌ലുക്ക് മാഗസിന്‍ ‘ബെസ്റ്റ് ഡോക്ടര്‍-സൗത്ത് -2023’ അവാര്‍ഡ് ജേതാവ്

 

Maintained By : Studio3