തെറ്റായ തലക്കെട്ടുള്ള വാണിജ്യ എസ്എംഎസുകള്‍ക്ക് 10000 രൂപ വരെ പിഴ
ഉപയോക്താക്കള്‍ക്ക് അനധികൃത കണക്ഷനുകളില്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഒരു വെബ് പ്ലാറ്റ്ഫോമും മൊബൈല്‍ ആപ്ലിക്കേഷനും സൃഷ്ടിക്കും
ന്യൂഡെല്‍ഹി: വ്യാജ തലക്കെട്ടുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന വാണിജ്യ എസ്എംഎസുകള്‍ അയക്കുന്നവര്‍ക്ക് ഓരോ 10,000 രൂപ വരെ പിഴചുമത്താമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് (ഡിഒടി) വ്യക്തമാക്കി. നിയമലംഘനം തുടരുന്നതിന്‍റെ എണ്ണം അനുസരിച്ച് അവരുടെ എല്ലാ ടെലികോം സ്രോതസുകളും സ്ഥിരമായി വിച്ഛേദിച്ചതിക്കുന്നതിന് ഉത്തവിടാമെന്നും ഡിഒടി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
‘തെറ്റായ തലക്കെട്ട് ഉപയോഗിച്ച് ഒരു എസ്എംഎസ് അയക്കുന്ന ഏതൊരാള്‍ക്കും ചട്ടലംഘനത്തിന് 1,000 മുതല്‍ 10,000 രൂപ വരെ പിഴ ഈടാക്കും, കൂടാതെ ലംഘനങ്ങളുടെ എണ്ണം അനുസരിച്ച് അയച്ച മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ അയച്ചയാളുടെ ഐഡി സ്ഥിരമായി സസ്പെന്‍ഡ് ചെയ്യും,’ ഇന്നലെ പുറത്തിറങ്ങിയ വിജ്ഞാപനത്തില്‍ പറയുന്നു.
കേന്ദ്ര തലത്തില്‍ ഒരു ഡാറ്റാ ഇന്‍റലിജന്‍സ് യൂണിറ്റും (ഡി.യു.യു) വകുപ്പിന്‍റെ സര്‍വീസ് ഏരിയ ഫീല്‍ഡ് യൂണിറ്റുകളില്‍ ടെലികോം അനലിറ്റിക്സ് ഫോര്‍ ഫ്രോഡ് മാനേജ്മെന്‍റ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷനും സൃഷ്ടിക്കുമെന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കുന്നു. ടെലികോം സേവനങ്ങള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ കണ്ടെത്തുന്നതിനും ഉപയോക്തൃ പരാതികള്‍ നിരീക്ഷിക്കുന്നതിനും വ്യാജ ഐഡി തെളിവുകള്‍ ഉപയോഗിച്ച് നേടിയ വ്യാജ സിം കാര്‍ഡുകള്‍ തിരിച്ചറിയുന്നതിനും മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി തട്ടിപ്പുകള്‍ കണ്ടെത്തുന്നതിനും എല്ലാ ഉപഭോക്തൃ പരാതികളും യഥാസമയം പരിഹരിക്കുന്നതിനുമായി ഈ രണ്ട് യൂണിറ്റുകളും വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.
ടെലികോം വിഭവങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിലൂടെ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളില്‍ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരിധികളില്ലാതെ ഏകോപനത്തിന് ഈ പ്ലാറ്റ്ഫോമുകള്‍ക്ക് അധികാരമുണ്ടായിരിക്കും. രണ്ട് പ്ലാറ്റ്ഫോമുകളും എല്ലാ സേവന ദാതാക്കളുടെയും എല്ലാ ടെലികോം വരിക്കാരുടെയും ഡാറ്റ ശേഖരിക്കുകയും, അവ പരിശോധിച്ച് സംശയാസ്പദമായ കണക്ഷനുകളുടെ അല്ലെങ്കില്‍ പ്രവര്‍ത്തനത്തിന്‍റെ പാറ്റേണുകള്‍ കണ്ടെത്തുകയും ചെയ്യും.
ടെലികോം വരിക്കാരുടെ ഡാറ്റാബേസ് ശക്തവും കൃത്യവുമാക്കുന്നതിന് വ്യാജ രേഖകള്‍ നല്‍കിയിട്ടുള്ള എല്ലാ സിമ്മുകളും കണ്ടെത്തുന്നതിന് നിര്‍ദ്ദിഷ്ട അല്‍ഗോരിതങ്ങളും ഡാറ്റ അനലിറ്റിക്സും ഉപയോഗിക്കുമെന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കുന്നു. ഉപയോക്താക്കള്‍ക്ക് അനധികൃത കണക്ഷനുകളില്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഒരു വെബ് പ്ലാറ്റ്ഫോമും മൊബൈല്‍ ആപ്ലിക്കേഷനും സൃഷ്ടിക്കും.
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയിലെ തട്ടിപ്പുകള്‍ തടയുന്നതിന്‍റെ ഭാഗമായി, കണക്ഷന്‍ ആക്റ്റിവ് ആകുന്നതിന് മുമ്പ് തന്നെ ഉപയോക്താവിന്‍റെ പേര്, ജനനത്തീയതി, ഫോട്ടോ എന്നിവ ആദ്യ സേവന ദാതാക്കളില്‍ നിന്ന് പുതിയ സേവന ദാതാക്കളിലേക്ക് കൈമാറുന്നത് ഉറപ്പാക്കും. ഇന്‍റര്‍നെറ്റ് കണക്ഷനില്ലാതെ ഉപയോക്താക്കള്‍ക്കും അവരുടെ മൊബൈല്‍ ഫോണില്‍ ഏതൊരു കോളറുടെ പേരും നമ്പറും കാണാന്‍ സാധിക്കുന്ന സംവിധാനം നടപ്പാക്കും കോളിംഗ് ലൈന്‍ നെയിം ഐഡന്‍റിഫിക്കേഷന്‍ ഡാറ്റാബേസ് ഉപയോഗിച്ച് ഇത് കാരിയര്‍ സജ്ജമാക്കണമെന്നാണ് ടെലികോം മന്ത്രാലയം നിര്‍ദേശിക്കുന്നത്.