രണ്ട് മാസ്‌ക് ധരിക്കുന്നത് കൊറൊണ വൈറസില്‍ നിന്ന് കൂടുതല്‍ സംരക്ഷണം നല്‍കും
1 min readതുണി കൊണ്ടുള്ള മാസ്‌കിന് മുകളില്‍ സര്‍ജിക്കല്‍ മാസ്‌ക് ധരിക്കുകയാണെങ്കില്‍ മാസ്‌കിന്റെ ഫിറ്റഡ് ഫില്‍ട്രേഷന്‍ എഫിഷ്യന്‍സി 16 ശതമാനം അധികമാകും
രണ്ട് മാസ്‌കുകള്‍ ധരിക്കുന്നത് കോവിഡ്-19ല്‍ നിന്ന് കൂടുതല്‍ സംരക്ഷണം നല്‍കുമെന്ന് ശാസ്ത്രജ്ഞര്‍. രണ്ട് മാസ്‌കുകള്‍ ധരിക്കുന്നതിലൂടെ SARS-CoV-2 വൈറസുകള്‍ മൂക്കിലും വായിലും എത്തുന്നതിനുള്ള സാധ്യത കുറയുമെന്നാണ് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്. മാസ്‌കിന്റെ ലെയറുകള്‍ വര്‍ധിക്കുന്നത് കൊണ്ടല്ല, മറിച്ച് ആദ്യ മാസ്‌കിലെ ഏതെങ്കിലും രീതിയിലുള്ള വിടവുകള്‍ ഇല്ലാതാക്കുന്നതിനാലും ഫിറ്റിംഗ് കൃത്യമാക്കുന്നതിനാലുമാണ് രണ്ട് മാസ്‌കുകള്‍ ധരിക്കുന്നത് വൈറസിനെ കൂടുതല്‍ അകറ്റിനിര്‍ത്തുമെന്ന് പറയുന്നത്.
ആശുപത്രികളില്‍ ഉപയോഗിക്കുന്ന മാസ്‌കുകള്‍(സര്‍ജിക്കല്‍) രോഗാണുക്കളെ അകറ്റിനിര്‍ത്തുന്നതില്‍ വളരെ മികച്ചവയാണെങ്കിലും നമ്മുടെ മുഖത്ത് അവ കൃത്യമായി ചേര്‍ന്ന് നില്‍ക്കണമെന്നില്ല. ഓരോ വ്യക്തികളുടെയും മുഖത്തിന്റെ അളവ് വ്യത്യസ്തമായതിനാല്‍ അവരുടെ മുഖത്ത് ചേര്‍ന്ന് നില്‍ക്കുന്ന മാസ്‌കിന്റെ അളവും വ്യത്യസ്തമായിരിക്കും. ഫിറ്റിംഗില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സര്‍ജിക്കല്‍ മാസ്‌ക് കൊറോണ വൈറസിന്റെ വലുപ്പത്തിലുള്ള രോഗാണുക്കളെ അകറ്റി നിര്‍ത്തുന്നതില്‍ 40 മുതല്‍ 60 ശതമാനം വരെ ഫലപ്രദവും തുണി കൊണ്ടുള്ള മാസ്‌ക് 40 ശതമാനം ഫലപ്രദവുമായിരിക്കും.
എന്നാല്‍ മാസ്‌കിന് മുകളില്‍ മറ്റൊരു ലെയര്‍ കൂടി വരികയാണെങ്കില്‍ വിടവുകള്‍ ഒഴിവാകുകയും മാസ്‌കുകള്‍ വായും മൂക്കും കൃത്യമായി മൂടി മുഖത്തോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്യും. തുണി കൊണ്ടുള്ള മാസ്‌കിന് മുകളില്‍ സര്‍ജിക്കല്‍ മാസ്‌ക് ധരിക്കുകയാണെങ്കില്‍ മാസ്‌കിന്റെ ഫിറ്റഡ് ഫില്‍ട്രേഷന്‍ എഫിഷ്യന്‍സി 16 ശതമാനം അധികമാകും.