ചൈനയിലെ വഷളാകുന്ന മാധ്യമസ്വാതന്ത്ര്യം
1 min readനടപ്പാക്കുന്നത് പിന്തുടരുക, നിരീക്ഷിക്കുക, പുറത്താക്കുക എന്നതന്ത്രം
വര്‍ധിച്ചുവരുന്നത് നിയന്ത്രണത്തിന്‍റെ ‘ചുവന്നവരകള്‍’ മാത്രം
കഴിഞ്ഞവര്‍ഷം ബെയ്ജിംഗ് പുറത്താക്കിയത് പതിനെട്ടോളം വിദേശമാധ്യമ പ്രവര്‍ത്തകരെന്ന് റിപ്പോര്‍ട്ട്
സെന്‍സിറ്റീവായ മേഖലകള്‍ സന്ദര്‍ശിക്കുന്ന പത്രപ്രവര്‍ത്തകരെ ഉപദ്രവിക്കുന്നു
പല ലേഖകരും ഇന്നും തടങ്കലില്‍
വിശദാംശങ്ങള്‍ ഫോറിന്‍ കറസ്പോണ്ടന്‍റ്സ് ക്ലബ് ഓഫ് ചൈനയുടെ (എഫ്സിസിസി) വാര്‍ഷിക റിപ്പോര്‍ട്ടില്‍
ന്യൂഡെല്‍ഹി: 2020 ല്‍ ചൈനയിലെ മാധ്യമ സ്വാതന്ത്ര്യം കൂടുതല്‍ വഷളായതായി റിപ്പോര്‍ട്ട്. മാധ്യമപ്രവര്‍ത്തകരെയും വാര്‍ത്തകളുടെ ഉറവിടവങ്ങളെയും നിരീക്ഷിക്കുന്ന പ്രവണത കഴിഞ്ഞവര്‍ഷം സര്‍വസാധാരണമായി മാറി. ഇതിനായി സാങ്കേതികവിദ്യയുടെ സഹായം സര്‍ക്കാര്‍ തേടിയിരുന്നു. സിന്‍ജിയാങ്, ടിബറ്റന്‍ ജനവാസ മേഖലകള്‍, സിചുവാന്‍ അല്ലെങ്കില്‍ ഗാന്‍സു, ഇന്നര്‍ മംഗോളിയ, ഹോങ്കോംഗ് എന്നിവ പോലുള്ള, പ്രത്യേകിച്ചും സര്‍ക്കാര്‍ സെന്‍സിറ്റീവായി കരുതുന്ന പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരെ ഉപദ്രവിക്കുന്നു. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നിയന്ത്രിക്കാന്‍ ചൈനീസ് അധികൃതര്‍ ശ്രമിച്ചതായും രാജ്യത്തിന്‍റെ പ്രചാരണ യന്ത്രം നിയന്ത്രണം വീണ്ടെടുക്കാന്‍ പാടുപെടുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകരെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും ഭരണകൂടത്തിന്‍റെ എല്ലാ അധികാരങ്ങളും ഉപയോഗിച്ചുവെന്നും ഫോറിന്‍ കറസ്പോണ്ടന്‍റ്സ് ക്ലബ് ഓഫ് ചൈനയുടെ (എഫ്സിസിസി) വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്തുടരുക, നിരീക്ഷിക്കുക, പുറത്താക്കുക എന്ന തന്ത്രമാണ് ബെയ്ജിംഗ് നടപ്പാക്കുന്നതെന്ന സൂചനയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച ചൈനയിലെ യഥാര്‍ത്ഥ കണക്ക് ഇന്നും പുറംലോകത്തിന് അന്യമാണ്.
മാധ്യമ പ്രവര്‍ത്തകരെ നിയന്ത്രിക്കാനുള്ള മറ്റൊരു മാര്‍ഗമായി ചൈന വൈറസ് വ്യാപനത്തെ ഉപയോഗിച്ചതായി ക്ലബിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ലബ് നടത്തിയ വാര്‍ഷിക സര്‍വേയ്ക്ക് മറുപടിയായി ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതായി ഒരു ലേഖകന്‍പോലും അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല. എന്നത്തേക്കാളും കൂടുതല്‍ രാജ്യങ്ങള്‍ ചൈനയെ നിരീക്ഷിക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. കൂടാതെ അടുത്തവര്‍ഷം ബെയ്ജിംഗ് വിന്‍റര്‍ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനും ഒരുങ്ങുകയുമാണ്.
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ടിയാനന്‍മെന്‍ സ്ക്വയര്‍ കൂട്ടക്കൊലയ്ക്ക് ശേഷം ഏറ്റവുംകൂടതല്‍ വിദേശമാധ്യമ പ്രവര്‍ത്തകരെ ചൈന കൂട്ടമായി പുറത്താക്കിയത് കഴിഞ്ഞവര്‍ഷമാണ്. 2020 ന്‍റെ ആദ്യ പകുതിയില്‍ ന്യൂയോര്‍ക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍, വാഷിംഗ്ടണ്‍ പോസ്റ്റ് എന്നിവയില്‍ നിന്ന് 18 വിദേശ മാധ്യമപ്രവര്‍ത്തകരെയെങ്കിലും ബെയ്ജിംഗ് പുറത്താക്കി. പലരുടെയും വിസ പുതുക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. ഊര്‍ജസ്വലമായ സമൂഹമാണ് ചൈനയുടേത് എന്ന് ലോകത്തെ ധരിപ്പിക്കാന്‍ അവര്‍ ആവുന്നത്ര ശ്രമിക്കുന്നുണ്ട്. എന്നാല്‍ അവരുടെ കാഴ്ചപ്പാട് പാലിക്കാതെ ഒരു വാര്‍ത്തയും അവിടെനിന്ന് റിപ്പോര്‍ട്ടുചെയ്യാന്‍ കഴിയില്ല. ഇക്കാര്യങ്ങളില്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പ്രത്യേക സംവിധാനം തന്നെ അവിടെ പ്രവര്‍ത്തിക്കുന്നു.
ഹോങ്കോംഗ് പ്രതിഷേധത്തെപ്പറ്റി വസ്തുതകള്‍ നിരത്തി റിപ്പോര്‍ട്ടുകള്‍ നല്‍കിയ ലേഖകര്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ കണ്ണിലെ കരടായി മാറി. വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, വിദേശ മാധ്യമങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ചൈനീസ് പൗരന്മാര്‍ക്കും ഇക്കാര്യത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം നേരിടേണ്ടിവന്നുവെന്നും അവരെ അധികൃതര്‍ നിരന്തരം ചോദ്യം ചെയ്യലിന് വിധേയരാക്കിയതായും പറയുന്നു. വിദേശ മാധ്യമങ്ങള്‍ക്കായി ജോലിചെയ്യുന്ന ചൈനീസ് പൗരന്മാരുടെ രാജി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ചില കേസുകളില്‍ അവരെ ദീര്‍ഘകാല തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍റെ ബില്‍ ബര്‍ട്ടില്‍സും ഓസ്ട്രേലിയന്‍ ഫിനാന്‍ഷ്യല്‍ റിവ്യൂവിന്‍റെ മൈക്കല്‍ സ്മിത്തും ബെയ്ജിംഗിലെ ഓസ്ട്രേലിയന്‍ എംബസിയിലും ഷാങ്ഹായിലെ കോണ്‍സുലേറ്റിലും അഭയം തേടിയതോടെ ഓസ്ട്രേലിയയും ചൈനയും തമ്മില്‍ നയതന്ത്രതലത്തില്‍ ഇടഞ്ഞു. ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ സിജിടിഎന്നിന്‍റെ ഓസ്ട്രേലിയന്‍ ലേഖകനായ ചെംഗ് ലീയെ അധികൃതര്‍ തടഞ്ഞുവെച്ചു. പിന്നീട് രാജ്യത്തിന്‍റെ രഹസ്യങ്ങള്‍ വിദേശത്ത് വിതരണം ചെയ്യുന്നതായി ആരോപിച്ച് ലീയെ കഴിഞ്ഞമാസം അറസ്റ്റുചെയ്തു.
‘ഡിസംബറില്‍ ബ്ലൂംബെര്‍ഗ് ന്യൂസിനായി ജോലി ചെയ്യുന്ന ഹേസ് ഫാനെ ദേശീയ സുരക്ഷാ കാരണങ്ങളാല്‍ തടഞ്ഞുവെച്ചിരുന്നു. ചെംഗിന്‍റെ കാര്യത്തിലെന്നപോലെ, ചൈനാക്കാരി ആയിട്ടും ഹേസ് ഫാനിന്‍റെ ഒരുവിവരവും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. റണ്ടുപേരും ഇപ്പോഴും തടങ്കലില്‍ തന്നെയാണ്-റിപ്പോര്‍ട്ട് വ്ിശദീകരിക്കുന്നു.
കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്ക് മാത്രമായിരുന്നില്ല വിദേശ മാധ്യമപ്രവര്‍ത്തകര്‍ ഉപദ്രവിക്കപ്പെട്ടത്. സിന്‍ജിയാങ് പ്രവിശ്യയിലേക്ക് യാത്രചെയ്യുന്ന ഏതു മാധ്യമപ്രവര്‍ത്തകരും അധികൃതരുടെ നോട്ടപ്പുള്ളികളാകുന്നു. ഉയിഗര്‍ മുസ്ലിം ന്യൂനപക്ഷത്തിനെതിരായ ചൈനയുടെ നടപടികള്‍ വംശഹത്യക്ക് തുടക്കമിട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സിന്‍ജിയാങില്‍ ഹിറ്റ്ലറുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളെ അനുസ്മരിപ്പിക്കുന്ന വിവിധ ക്യാമ്പുകളില്‍ ജനതയെ അടച്ചിടുകയാണെന്നും അവര്‍ക്ക് ആരാധാനാ സ്വാതന്ത്ര്യം മുമ്പുതന്നെ നിഷേധിക്കപ്പെട്ടിരുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നു. എല്ലാവാര്‍ത്തകളും മേഖലയില്‍ ചൈന തുടരുന്ന അടിച്ചമര്‍ത്തല്‍ നയം വ്യക്തമാക്കുന്നതായിരുന്നു. എന്നാല്‍ അവിടെ ജനങ്ങളുമായി സംസാരിക്കുന്നതില്‍നിന്ന് ലേഖകരെ അധികൃതര്‍ വിലക്കുന്നു. പുറത്തുവന്ന വാര്‍ത്തകള്‍ പ്രകാരം സിജിയാങ് ചൈനയുടെ തടവറയാണ്. രാജ്യത്തിന്‍റെ മറ്റുപ്രദേശങ്ങളിലുള്ള സ്വാതന്ത്ര്യം പോലും അവിടെ അധികൃതര്‍ അനുവദിച്ചുകൊടുത്തിട്ടില്ല. കാരണം സിന്‍ജിയാങ് ജനതയെ ചൈന ഭയപ്പെടുന്നുണ്ട്. ഇക്കാരണത്താലാണ് ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ ഈ പ്രദേശത്ത് നടക്കുന്നത്. ഈ വാര്‍ത്തകള്‍ പുറം ലോകമറിയാറില്ല.
ടിബറ്റ് ഓട്ടോണമസ് റീജിയണിലേക്കുള്ള പ്രവേശനം വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു, അവര്‍ അവിടം സന്ദര്‍ശിക്കാന്‍ ചൈനീസ് സര്‍ക്കാരിന്‍റെ അനുമതിക്കായി അപേക്ഷിക്കണം. സ്റ്റേറ്റ് കൗണ്‍സിലും വിദേശകാര്യ മന്ത്രാലയവും സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള യാത്രകള്‍ ക്രമീകരിക്കുകയാണ് പതിവ്. ഇതിലേക്ക് ആര്‍ക്കും അപേക്ഷിക്കാമെങ്കിലും അവരെ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കുന്നത് സര്‍ക്കാരാണ്. ‘ചൈനീസ് അധികൃതര്‍ തെരഞ്ഞെടുത്ത കുറച്ച് മാധ്യമപ്രവര്‍ത്തകരുടെ സംഘം ടിബറ്റ് സന്ദര്‍ശിച്ചിരുന്നു. അവിടെ സ്വതന്ത്ര റിപ്പോര്‍ട്ടിംഗ് സാധ്യമല്ലെന്ന് യാത്രയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കിയട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ സ്വന്തമായി സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചാല്‍ പോലീസ് പിന്തുടരുമായിരുന്നു എന്നും യാത്രയില്‍ പങ്കെടുത്തവര്‍ പറയുന്നു.
അതുപോലെ തന്നെ വെല്ലുവിളിയുയര്‍ത്തുന്നതാണ് കഴിഞ്ഞ ജൂണില്‍ ബെയ്ജിംഗ് ഹോങ്കോംഗില്‍ നടപ്പാക്കിയ ദേശീയ സുരക്ഷാ നിയമം. ഈ നിയമം കാരണം പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണങ്ങള്‍ പാലിക്കേണ്ട അവസ്ഥ ഉണ്ടായി. ഇത് അനുസരിക്കാത്തവരെ പുറത്താക്കുകയോ തടവിലാക്കുകയോ ചെയ്തു. കോവിഡ് കാരണം 2020 ല്‍ ലേഖകര്‍ ഹോങ്കോങ്ങിലേക്ക് പോകുന്നത് വിലക്കിയിരുന്നുവെങ്കിലും പ്രതിഷേധം സംബന്ധിച്ച വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. ഇത് സംബന്ധിച്ച് ചൈനയുടെ വിദേശകാര്യ മന്ത്രാലയം മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്തു.
ക്ലബ് നടത്തിയ സര്‍വേയില്‍ പകുതിയോളം പേരും ഡിജിറ്റലായോ വ്യക്തിപരമായി നേരിട്ടോ തങ്ങള്‍ നിരീക്ഷിക്കപ്പെടുന്നതായി അഭിപ്രായപ്പെട്ടിട്ടുണ്ട്. അതില്‍ അവര്‍ക്കുള്ള ഭയവും അവര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ഇക്കാരണത്താല്‍ വേണ്ടത്ര അഭിമുഖം നടത്താനോ ഉറവിടങ്ങളുമായി ആശയവിനിമയം നടത്താനോ അവര്‍ക്ക് കഴിയുന്നില്ല. ഇത് റിപ്പോര്‍ട്ടിംഗിനെ പതിവായി ബാധിക്കുന്നുവെന്നും അവര്‍ പറയുന്നു.
തങ്ങളുടെ ഇന്‍റര്‍നെറ്റ് എക്കൗണ്ടുകള്‍ ചൈനീസ് ഹാക്കര്‍മാര്‍ തുടര്‍ച്ചയായി ലക്ഷ്യമിടുന്നതായി ലേഖകര്‍ പറയുന്നു.ചൈനയുടെ ടെലികോം സംവിധാനങ്ങളെല്ലാം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതായതിനാല്‍ നിരീക്ഷണം ശക്തമാണ്. ഇത് അപകടകരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നത്. വിദേശ മാധ്യമപ്രവര്‍ത്തകരെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് എഫ്സിസിസി ചൈനീസ് അധികൃതരോട് ആവശ്യപ്പെട്ടാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്. രാജ്യത്തെക്കുറിച്ച് സമഗ്രപഠനം നടത്താന്‍ ചൈന വിദേശ മാധ്യമപ്രവര്‍ത്തകരെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്‍റ് സിന്‍ ജിന്‍പിംഗ് ഒരിക്കല്‍ പറഞ്ഞത് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുമുണ്ട്.