ലോകത്തിനു വേണ്ടത് ജനാധിപത്യ മ്യാന്‍മാര്‍
1 min readന്യൂഡെല്‍ഹി: മ്യാന്‍മാറില്‍ രാഷ്ട്രീയം അടിച്ചമര്‍ത്തപ്പെടുമ്പോള്‍ ഇന്ത്യഏറെ കരുതിയിരിക്കേണ്ട സാഹചര്യമാണ് ഉരുത്തിരിയുന്നത്. മേഖലയില്‍ ചൈനയുടെ ആധിപത്യത്തെ ചെറുക്കുന്നതിന് ഇന്ത്യക്ക് മ്യാന്‍മാറിന്റെ സഹായവും സഹകരണവും അനിവാര്യമാണ്. ആക്റ്റ്് ഈസ്റ്റ് നയത്തിന്റെ സാധ്യതകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും നാഗാലാന്‍ഡ്, ആസാം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ രാഷ്ട്രീയം സുസ്ഥിരമാക്കുന്നതിനും ജനാധിപത്യ മ്യാന്‍മാറാണ് ഉണ്ടാകേണ്ടത്. രാജ്യവും മറ്റുസംവിധാനങ്ങളും സൈനിക നിയന്ത്രണത്തിലാകുമ്പോള്‍ ഇന്ത്യക്കനുകൂലമായ നിലപാട് ഉണ്ടാകണമെന്നില്ല. ഇത് അപകടകരമാണ്.
മ്യാന്‍മാറിലെ സൈനിക അട്ടിമറിസംബന്ധിച്ച് രൂക്ഷമായ അന്താരാഷ്ട്ര പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചിലര്‍ ജനാധിപത്യം ഉടനടി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നു. എന്നാല്‍ ചിലര്‍ മൗനം പാലിക്കുന്നുണ്ട്. അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ മ്യാന്‍മാറുമായി സഹകരിച്ചുപോകേണ്ട സാഹചര്യത്തിലാണ് അയല്‍രാജ്യത്ത്് നാടകീയ നീക്കങ്ങള്‍ ഉണ്ടായത്. പുതിയ ഭരണകൂടവുമായി ഇടപഴകുകയും ജനകീയ ഗവണ്‍മെന്റിന്റെ പുനഃസ്ഥാപനത്തിനായി വാദിക്കുകയും വേണം എന്ന അവസ്ഥയിലാണ് ഇന്ത്യ. കഴിഞ്ഞ രണ്ട് ദശകങ്ങളായി ഇന്ത്യ ഈ തന്ത്രം കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാല്‍ അയല്‍രാജ്യത്തെ രാഷ്ട്രീയ കോളിളക്കം എങ്ങനെ വികസിക്കുന്നു എന്നതിനെ ആശ്രയിച്ചാകും ഇന്ത്യയുടെ നീക്കത്തിന് ഫലമുണ്ടാകുക.
അതേസമയം സൈനിക ഭരണത്തിനെതിരായ ഒരു വലിയ പ്രതിഷേധം മ്യാന്‍മാറില്‍ വികസിക്കുകയാണ്. വിദ്യാര്‍ത്ഥി സംഘടനകള്‍, ചില ഉദ്യോഗസ്ഥര്‍, ബുദ്ധമതത്തിലെ ചില വിഭാഗങ്ങള്‍ എന്നിവര്‍ ഭരണകൂടത്തിനെതിരെ പരസ്യമായി പ്രതിഷേധിക്കുന്നു. മുമ്പ് സൈനികഭരണത്തില്‍ നിലനിന്നിരുന്ന കാലത്തുനിന്നും അവര്‍ മുന്നേറിയിട്ടുണ്ട്. ഇത്തവണ പൊതു പ്രതിഷേധം ചില വിജയങ്ങള്‍ നേടാന്‍ സാധ്യതയുണ്ട്. ആംഗ് സാന്‍ സൂചിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഓഫ് ഡെമോക്രസിക്ക് (എന്‍എല്‍ഡി) വലിയ ജന പിന്തുണയുണ്ട്. കൂടാതെ സൈന്യത്തിലും സൂചിയെ പിന്തുണയ്ക്കുന്നവര്‍ ഏറെയുണ്ടെന്ന്് റിപ്പോര്‍ട്ടുണ്ട്. ഇവിടെയാണ് ഇന്ത്യയുടെ വിദേശ നയത്തിന്റെ മികവു കാണേണ്ടത്. നിലവിലുള്ള നയത്തില്‍ ചില പൊളിച്ചെഴുത്ത്് വേണ്ടിവരുമെന്ന് സാരം. ആദ്യമായി ,ഇവിടെ സൂചിയെ പിന്തുണയ്ക്കുന്നത് ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് തുല്യമാണ്. രണ്ടാമത്, ജനറല്‍ മിന്‍ ആംഗ് ലെയ്ംഗിനെ പിന്തുണയ്ക്കാത്തത് മ്യാന്‍മറിനെ ചൈനയുടെ ക്യാമ്പിലേക്ക് വലിച്ചെറിയും. ഈ അവസ്ഥയാണ്് ഇന്ത്യ കൈകാര്യം ചെയ്യേണ്ടത്.
തത്ത്വത്തില്‍ ഒരു ലിബറല്‍ ഡെമോക്രാറ്റായും പ്രായോഗികമായി ഒരു ഏകീകൃത ദേശീയ നേതാവായും മാറുന്നതിനുപകരം, അസഹിഷ്ണുത നിറഞ്ഞ ബാമര്‍ (ചൈന-ടിബറ്റന്‍ ഭാഷ സംസാരിക്കുന്ന വംശീയ വിഭാഗം) ഭൂരിപക്ഷവാദത്തെ ചെറുക്കാന്‍ അവര്‍ തയ്യാറായില്ല അല്ലെങ്കില്‍ കഴിയുന്നില്ല. റോഹിംഗ്യന്‍ വംശഹത്യയെ മറച്ചുവെക്കുന്നതില്‍ അവര്‍ വഹിച്ച പങ്കിനെതിരായ അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി, അവര്‍ ബെയ്ജിംഗുമായി കൂടുതല്‍ അടുക്കാന്‍ തുടങ്ങുകയും ചെയ്തു. ഇവിടെ മ്യാന്‍മാറിലെ സൈനിക നേതൃത്വംപോലും വിഷമവൃത്തത്തിലായി. അവരുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍, മ്യാന്‍മറിന്റെ ദേശീയ താല്‍പ്പര്യങ്ങള്‍ എന്നിവ പിന്തുടരുന്നതിന് സൂചിയെ കുറ്റപ്പെടുത്താനാവില്ല. എന്നാല്‍ ബാമര്‍ വിഭാഗത്തിനിടയില്‍ അവര്‍ക്കുള്ള പരിഗണന എന്താണെന്ന് തിരിച്ചറിയേണ്ടതുണ്ട്.സൂചി ഒരു ലിബറല്‍ ഡെമോക്രാറ്റോ ചൈനയുടെ ആഗോള സ്വാധീനത്തിനെതിരായ പങ്കാളിയോ അല്ലെന്ന് മനസിലാക്കേണ്ടതുണ്ട്.
പ്രത്യയശാസ്ത്രം, നയങ്ങള്‍, പ്രോസിക്യൂഷനില്‍ നിന്നുള്ള പ്രതിരോധം അല്ലെങ്കില്‍ സൈന്യത്തിന്റെ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ എന്നിവയെക്കുറിച്ചല്ല ജനറല്‍ മിന്‍ ആംഗ് ലെയ്ംഗിന്റെ അട്ടിമറി വിരല്‍ ചൂണ്ടുന്നത്. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കരിയറിനെക്കുറിച്ചാണ് – അദ്ദേഹം രാജ്യം ഭരിക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം അധികാരത്തില്‍ തുടരുമെന്ന് ഉറപ്പുവരുത്തുന്ന നയപരമായ മാറ്റങ്ങള്‍ മാത്രമാണ് ജനറല്‍ ലക്ഷ്യമിടുന്നത്.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലും അതിര്‍ത്തി പ്രവിശ്യകളുടെ സുരക്ഷയിലും ചൈനയുടെ സ്വാധീനം ജനറല്‍ മിന്‍ തിരിച്ചറിയുന്നുണ്ട്. തന്റെ അട്ടിമറിയെ ബെയ്ജിംഗ് എതിര്‍ക്കില്ലെന്ന് ജനറലിനറിയാം. പക്ഷേ മ്യാന്‍മര്‍ അതിന് നല്‍കേണ്ടിവരുന്ന വില വളരെ ഉയര്‍ന്നതായിരിക്കുമെന്ന് ആശങ്കയുണ്ട്. ഇന്ന് ബെയ്ജിംഗിന്റെ സഹായമില്ലാതെ മ്യാന്‍മാറിലെ സൈനിക നേതൃത്വത്തിന് പ്രവര്‍ത്തിക്കാനാവില്ല. പക്ഷേ ജനറല്‍ മിന്‍ വിജയകരമായി അധികാരം നിലനിര്‍ത്തുകയാണെങ്കില്‍, അദ്ദേഹം ഇന്ത്യയുമായും ആസിയാനുമായും ഇടപഴകാന്‍ നോക്കും. ഭരണം സ്വീകാര്യമാകുകയാണെങ്കില്‍ യുഎസുമായും ബന്ധം സാധാരണനിലയിലെത്തിക്കാന്‍ മിന്‍ ശ്രമിക്കും. ഈ സാഹചര്യത്തില്‍ ചൈന മ്യാന്‍മറിന്റെ സമ്പദ്വ്യവസ്ഥ, സേനാവിഭാഗങ്ങള്‍, രാഷ്ട്രീയം എന്നിവയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താനും ശ്രമിക്കും. ഇത് രാജ്യത്ത് ഒരു പ്രതിഷേധത്തിനോ തിരിച്ചടിക്കോ കാരണമാകും. ഇവ വിരല്‍ ചൂണ്ടുന്നത് മ്യാന്‍മറുമായുള്ള ഇടപാടുകളില്‍ ബെയ്ജിംഗിന്റെ സ്വാധീനത്തെക്കുറിച്ച് ഇന്ത്യ അമിതമായി ആശങ്കപ്പെടേണ്ടതില്ല എന്നതാണ്.
ചൈനയുടെ ആധിപത്യം തടയാന്‍ മ്യാന്‍മറിന് ഇന്ത്യ ആവശ്യമാണ്. മ്യാന്‍മാര്‍ ചൈനയുടെ സ്വാധീനത്തിലേക്ക് നീങ്ങിയാല്‍ ഇപ്പോള്‍ അതനുവദിക്കുകയാണ് വേണ്ടത്. താമസിയാതെ അല്ലെങ്കില്‍ പിന്നീട് രാജ്യത്തെ ഭരണാധികാരികള്‍ക്ക് ന്യൂഡെല്‍ഹിയെ വിളിക്കേണ്ടിവരും. പട്ടാള അട്ടിമറിയുടെ അനന്തരഫലങ്ങള്‍ ഒരു രാഷ്ട്രീയ മത്സരമായി വികസിച്ചാല്‍ അവിടെയുണ്ടാകുന്ന സായുധ പോരാട്ടങ്ങള്‍ ഇന്ത്യയിലേക്ക് വ്യാപിച്ചേക്കാം. ഇക്കാര്യത്തില്‍ ബംഗ്ലാദേശിനും ആശങ്കയുണ്ടെന്നതിനാല്‍ ന്യൂഡെല്‍ഹിക്കും ധാക്കയ്ക്കും കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള നല്ല സമയമാണിത്.