വൈറസ് തളര്‍ത്താതെ ബംഗ്ലാദേശ് സമ്പദ്ഘടന കുതിപ്പിലേക്ക്
1 min read- ഇന്ത്യക്ക് കോവിഡ് സഹായം; ശ്രീലങ്കയ്ക്കുവേണ്ടി സാമ്പത്തിക സഹകരണം
- ഈ സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ചാ നിരക്ക് 5.8 ശതമാനം രേഖപ്പെടുത്തും
ന്യൂഡെല്‍ഹി: ബംഗ്ലാദേശ് ക്രമേണ അവരുടെ സാമ്പത്തിക വളര്‍ച്ച തിരിച്ചുപിടിക്കുകയാണ്. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയ്ക്ക് കോവിഡ് ദുരിതാശ്വാസ സാമഗ്രികള്‍ നല്‍കുന്നത് മുതല്‍ ശ്രീലങ്കയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് വരെയുള്ള നിലയിലേക്ക് അവര്‍ ഉയര്‍ന്നു കഴിഞ്ഞു. അയല്‍ രാജ്യങ്ങളുമായി കൂടുതല്‍ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനും അതിലൂടെ അവരുടെ സാമ്പത്തിക വളര്‍ച്ച സുഗമമാക്കാനും ബംഗ്ലാദേശ് ശ്രമിക്കുന്നുണ്ട്. ഈ ആഴ്ച ആദ്യം ബംഗ്ലാദേശ് 200 മില്യണ്‍ ഡോളര്‍ കറന്‍സി സ്വാപ്പ് സൗകര്യം ശ്രീലങ്കയിലേക്ക് വ്യാപിപ്പിക്കാന്‍ സമ്മതിച്ചിരുന്നു.കൊളംബോ ഇപ്പോള്‍ നേരിടുന്ന വന്‍ കടബാധ്യതയെ നേരിടാനും അവരുടെ സമ്പദ്വ്യവസ്ഥ ഉയര്‍ത്താനും ഇത് സഹായിക്കുമെന്ന് നയതന്ത്ര വൃത്തങ്ങള്‍ പറയുന്നു.
ശ്രീലങ്കയുടെ വിദേശ കടത്തിന്‍റെ സ്ഥിതി നിര്‍ണായക ഘട്ടത്തിലാണ്. ഈ വര്‍ഷം 3.7 ബില്യണ്‍ ഡോളര്‍ വിദേശ കടം കാലാവധി പൂര്‍ത്തിയാകുന്നു എന്നാണ് സൂചന. അതിനാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഈ സഹകരണം അവരുടെ സമ്പദ്വ്യവസ്ഥയുടെ ഉണര്‍ത്തുപാട്ടാകുമെന്ന് കരുതപ്പെടുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ശ്രീലങ്ക പ്രധാനമന്ത്രി മഹീന്ദ രാജപക്സെയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിലാണ് ഈ ക്രമീകരണം സംബന്ധിച്ച് തീരുമാനമായതെന്ന് നയതന്ത്രവൃത്തങ്ങള്‍ പറയുന്നു. കറന്‍സി സ്വാപ്പ് എന്നത് രണ്ട് കക്ഷികള്‍ പരസ്പരം തുല്യമായ തുക പരസ്പരം കൈമാറ്റം ചെയ്യുന്ന ഒരു ഇടപാടാണ്, എന്നാല്‍ വ്യത്യസ്ത കറന്‍സികളിലാകും ഇത്. ഒരു വിദേശ കറന്‍സിയില്‍ വായ്പയെടുക്കുന്നതിനുള്ള ചെലവ് അനുകൂലമായ നിരക്കില്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. 2019 ലെ ഈസ്റ്റര്‍ ബോംബാക്രമണത്തിനും അതിനുശേഷം ടൂറിസം വ്യവസായം ശ്രീലങ്കയില്‍ മെച്ചപ്പെട്ടിട്ടില്ല. കൊറോണ വ്യാപനത്തോടെ മറ്റ് മേഖലകളും പ്രതിസന്ധിയിലായതോടെ ശ്രീലങ്കന്‍ സമ്പദ്വ്യവസ്ഥ കടുത്ത വെല്ലുവിളി നേരിടുകയാണ്.
കൊറോണ വ്യാപനത്തിന്‍റെ രണ്ടാം തരംഗത്തിനെതിരെ രാജ്യം പൊരുതുമ്പോള്‍ കോവിഡ് ദുരിതാശ്വാസ സഹായം ഇന്ത്യയിലേക്ക് അയച്ച 40 രാജ്യങ്ങളില്‍ ബംഗ്ലാദേശും ഉള്‍പ്പെടുന്നു എന്നത് അവരെ കൂടുതല്‍ ഉദാരമതികളാക്കുന്നു.മെയ് 18 ന് ധാക്ക 2,672 ബോക്സ് വിവിധ ആന്‍റി വൈറല്‍ മരുന്നുകളും കോവിഡ് പ്രൊട്ടക്റ്റീവ് ഗിയറുകളും ഇന്ത്യക്ക് കൈമാറി. അതിനുമുമ്പ്, മെയ് 6 ന് ധാക്ക റെംഡെസിവീറിന്‍റെ 10,000 കുപ്പികള്‍ ഇന്ത്യയിലേക്ക് അയച്ചുതന്നിരുന്നു. ഇന്തോ-പസഫിക് മേഖലയിലെ തന്ത്രപ്രധാനമായ സ്ഥാനം കാരണം ഈ സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ചാ നിരക്ക് 5.8 ശതമാനം രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന ബംഗ്ലാദേശ് യുഎസിന്‍റെ നിരീക്ഷണത്തിന്‍ കീഴിലാണ്. ഈ വര്‍ഷം ഏപ്രിലില്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് യുഎസ്-ബംഗ്ലാദേശ് ബിസിനസ് കൗണ്‍സില്‍ അവിടത്തെ അമേരിക്കന്‍ നിക്ഷേപകരുടെ നിക്ഷേപ സാധ്യതകള്‍ പരിശോധിച്ച് ദ്വിമുഖ വ്യാപാരം വര്‍ദ്ധിപ്പിച്ചു. വളര്‍ന്നുവരുന്ന സാമ്പത്തിക വൈദഗ്ധ്യത്തിന് ധാക്ക എതിരാളികളായ പാക്കിസ്ഥാനില്‍ നിന്നുപോലും പ്രശംസ നേടിയിട്ടുണ്ട്.
‘ബംഗ്ലാദേശിന്‍റെ പ്രതിശീര്‍ഷ ജിഡിപി 2020 ല്‍ പാക്കിസ്ഥാനേക്കാള്‍ ഇരട്ടിയായിരിക്കുമെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല. മുന്‍കാലങ്ങളിലെ അതേ നിരക്കില്‍ വളരുകയാണെങ്കില്‍ 2030 ല്‍ ബംഗ്ലാദേശ് ഒരു സാമ്പത്തിക ശക്തിയാകും. പാക്കിസ്ഥാന്‍റെ മോശം പ്രകടനം തുടരുകയാണെങ്കില്‍, 2030 ല്‍ ബംഗ്ലാദേശില്‍ നിന്ന് സഹായം തേടാനുള്ള സാധ്യതയുമുണ്ട്’, “പാക് പ്രോഗ്രാമിനായുള്ള ലോകബാങ്കിന്‍റെ മുന്‍ ഉപദേഷ്ടാവ് അബിദ് ഹസന്‍ പറയുന്നു.
യൂറോപ്യന്‍ യൂണിയന്‍റെ ജനറലൈസ്ഡ് സ്കീം ഓഫ് പ്രിഫറന്‍സ് (ജിഎസ്പി) പ്രോഗ്രാമില്‍ നിന്നും മറ്റ് വ്യാപാര മുന്‍ഗണനകളില്‍ നിന്നും നേട്ടം കൊയ്യുന്നതാണ് ബംഗ്ലാദേശിന്‍റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രധാന കാരണം. ജിഎസ്പി പദ്ധതിയിലൂടെയുള്ള നിരന്തരമായ പിന്തുണ മൂലമാണ് തന്ത്രപരമായ കയറ്റുമതിയില്‍ നിന്ന് ഗണ്യമായ വരുമാനം നേടാന്‍ ധാക്കയ്ക്ക് കഴിഞ്ഞത്. കൂടാതെ പ്രവാസികളുടെ പണമയക്കലും വര്‍ധിച്ചിരുന്നു. 2010 ലെ 9 ബില്യണ്‍ ഡോളറില്‍ നിന്ന് 2021 ല്‍ ബംഗ്ലാദേശിന്‍റെ ഫോറെക്സ് കരുതല്‍ ശേഖരം 45 ബില്യണ്‍ ഡോളറിലെത്തിയെന്ന് ബംഗ്ലാദേശ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ കമ്മീഷണര്‍ മിസാനൂര്‍ റഹ്മാന്‍ പറഞ്ഞു. രാജ്യത്തേക്കുള്ള പണം വരവ് 200 ബില്യണ്‍ ഡോളറിലെത്തുകയും ചെയ്തു.
അയല്‍ രാജ്യങ്ങളോട് ഉത്തരവാദിത്തത്തോടെ പെരുമാറാനും സഹായം ആവശ്യമുള്ളവരെ സഹായിക്കുന്ന കാര്യത്തിലും ധാക്ക വിശ്വസിക്കുന്നു. ഏഷ്യയിലെ പുതിയ റോയല്‍ ബംഗാള്‍ കടുവയാണ് ബംഗ്ലാദേശ്. എല്ലാ സ്പെക്ട്രത്തിലുടനീളം അവര്‍ ഒരേ ഭാഷയില്‍ സംസാരിക്കുന്നു, ഒപ്പം നന്നായി ചിട്ടപ്പെടുത്തിയ ഭരണവുമുണ്ട്. ബംഗ്ലാദേശ് ഇപ്പോള്‍ ആസിയാന്‍ രാജ്യങ്ങളുമായി വ്യാപാരം നടത്തുന്നുണ്ട്. ചില ആസിയാന്‍ രാജ്യങ്ങളുമായി വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാനും കണക്റ്റിവിറ്റി പ്രോജക്ടുകളില്‍ ചേരാനും ബംഗ്ലാദേശ് ഇപ്പോള്‍ തയ്യാറെടുക്കുന്നു.