Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അഫ്ഗാനിലെ സ്ഥിരത; ഇന്ത്യക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും

1 min read

താലിബാന്‍ കൂടുതല്‍ ശക്തരാകുകയും ഒരു ദിവസം രാജ്യം ഭരിക്കാന്‍ സാധ്യതയുള്ളതുമായതിനാല്‍, നയതന്ത്ര ഇടപാടുകള്‍ക്കായി ന്യൂഡെല്‍ഹി ഒരു നയം രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്ന് അഫ്ഗാനിസ്ഥാന്‍റെ ഭാവിയെക്കുറിച്ചുള്ള വിവിധ യോഗങ്ങളില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ പങ്കുവഹിക്കുന്നുണ്ട്.

ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാനില്‍നിന്നും യുഎസ്-നാറ്റോ സൈനികരെ പിന്‍വലിക്കുമ്പോള്‍ സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമുള്ള ഉത്തരവാദിത്തം പ്രദേശങ്ങളുടെ അയല്‍രാജ്യങ്ങലിലേക്ക് എത്തുകയാണ്. എന്നിരുന്നാലും, ഇന്ത്യക്ക് അവസരത്തിന്‍റെ ഒരു വഴിയാണ് ഇവിടെ തുറക്കപ്പെടുന്നത്. ഇത് എളുപ്പമോ ലളിതമോ ആയ പ്രക്രിയയായിരിക്കില്ല. നടന്നുകൊണ്ടിരിക്കുന്ന സമാധാന ചര്‍ച്ചകളില്‍ താലിബാന്‍ കൂടുതല്‍ ശക്തരാകുകയും ഒരു ദിവസം രാജ്യം ഭരിക്കാന്‍ സാധ്യതയുള്ളതുമായതിനാല്‍, നയതന്ത്ര ഇടപാടുകള്‍ക്കായി ന്യൂഡെല്‍ഹി ഒരു നയം രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇതുവരെ ആ ദിശയില്‍ വ്യക്തമായ ചില ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍റെ ഭാവിയെക്കുറിച്ചുള്ള വിവിധ യോഗങ്ങളില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ പങ്കുവഹിക്കുന്നു. അതില്‍ താലിബാന്‍ അംഗങ്ങളും പങ്കെടുക്കുന്നുണ്ട്. ഈ ആഴ്ച ആരംഭിക്കുന്ന ഇസ്താംബുള്‍ സമ്മേളനത്തില്‍ ന്യൂഡെല്‍ഹി പങ്കെടുക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.

തീര്‍ച്ചയായും, താലിബാനുമായുള്ള ഇന്ത്യയുടെ ചരിത്രം അത്ര സുഖകരമായിരുന്നില്ല. 1996 മുതല്‍ 2001 വരെ അവര്‍ കാബൂളിലെ ഭരണത്തിന്‍റെ ചുക്കാന്‍ പിടിക്കുന്ന കാലഘട്ടം ഉദാഹരണമാണ്. പാക്കിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകളെ നേരിട്ടും അല്ലാതെയും പിന്തുണയ്ക്കുന്ന താലിബാന്‍റെ ദീര്‍ഘകാല നയം കണക്കിലെടുക്കുമ്പോള്‍ ഇത് ആശ്ചര്യകരമല്ല. കൂടാതെ താലിബാന്‍ ജമ്മു കശ്മീരിലെ ഭീകരരോടൊപ്പം സൈന്യവുമായി വിവിധ ഏറ്റുമുട്ടലുകളില്‍ പങ്കെടുത്തതായും പറയപ്പെടുന്നു. മാത്രമല്ല, 1999 ല്‍ അഞ്ച് താലിബാന്‍ തോക്കുധാരികള്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഹൈജാക്ക് ചെയ്തത് മറക്കാവുന്നതുമല്ല. ഇതില്‍ പാക്കിസ്ഥാന്‍ ഐഎസ്ഐയുടെ ഇടപെടല്‍ ഉണ്ടായി എന്ന് ഇന്ത്യ ആരോപിച്ചിരുന്നു.ഇപ്പോഴും അക്രമം സംബന്ധിച്ച താലിബാന്‍റെ സമീപനത്തില്‍ കാര്യമായ വ്യത്യാസം വന്നതായി തോന്നുന്നില്ല. അടുത്ത കാലത്തായി അഫ്ഗാന്‍ സേനയെയും സിവിലിയന്മാരെയും അവര്‍ നിഷ്ക്കരുണം ലക്ഷ്യമിടുന്നു. അവരുടെ തന്ത്രപരമായ സമീപനം മാറ്റമില്ലാതെ തുടരുന്നുവെന്ന യാഥാര്‍ത്ഥ്യത്തെയാണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്.

  ടൊയോട്ട ഹൈലൈക്സ് എക്സ്പ്ലോറർ

സ്ത്രീകളുടെ വിദ്യാഭ്യാസ, തൊഴില്‍ അവസരങ്ങളെ പ്രത്യയശാസ്ത്രപരമായി പരിമിതപ്പെടുത്തുകയും അക്രമത്തിനും ഭീകരതയ്ക്കും തുല്യമായ തീവ്രവാദ മൂല്യങ്ങളെ അംഗീകരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ വിഭാഗവുമായി ഇന്ത്യയുടെ നേതാക്കള്‍ക്ക് യോജിക്കാന്‍ കഴിയില്ലെന്നത് മറ്റൊരു കാര്യമാണ്.
അതിനാല്‍ താലിബാനുമായുള്ള നയതന്ത്ര ബന്ധം അതിലോലമായതായിരിക്കണം, പക്ഷേ നിരാകരിക്കരുതെന്നാണ് വിദഗ്ധാഭിപ്രായം. ഇവയെല്ലാം അസുഖകരമായ വസ്തുതകളാണെങ്കിലും അവര്‍ അധികാരത്തിലെത്തിയാല്‍ ഉണ്ടാകാവുന്ന പ്രതിസന്ധി ഒഴിവാക്കാന്‍ ഇന്ത്യ യാഥാര്‍ത്ഥ്യബോധത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്.താലിബാന്‍റെ മുന്‍നിരക്കാര്‍ – രണ്ട് പതിറ്റാണ്ടായി – ന്യൂഡെല്‍ഹി വിരുദ്ധ ഭീഷണികള്‍ നടത്തിയിട്ടില്ല എന്നത് ഒരു പ്ലസ് പോയിന്‍റാണ്. മൂന്നുവര്‍ഷം മുമ്പ് അഫ്ഗാനിസ്ഥാനില്‍ ജോലി ചെയ്തിരുന്ന ഏഴ് ഇന്ത്യന്‍ എഞ്ചിനീയര്‍മാരെ നിശബ്ദ ചര്‍ച്ചകള്‍ക്കൊടുവില്‍ മോചിപ്പിക്കാന്‍ അവര്‍ തയ്യാറാകുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യ പിന്തുണയ്ക്കുന്ന വികസന പദ്ധതികളെ അട്ടിമറിക്കുകയോ ആക്രമിക്കുകയോ ചെയ്യുന്നതില്‍ നിന്നും സംഘടന വിട്ടുനില്‍ക്കുന്നു എന്നതും ഇന്ന് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്. ഈ മേഖലയിലെ വിജയം ന്യൂഡെല്‍ഹിയുടെ സൈനികേതര അഫ്ഗാന്‍ തന്ത്രത്തില്‍ നിന്ന് ഉണ്ടായതാകാം.

കാബൂളിന്‍റെ സുരക്ഷാ ശ്രമങ്ങളെ നിലത്തു വീഴ്ത്തുന്നതിനുപകരം, ഇന്ത്യയിലെ നേതാക്കള്‍ ‘സോഫ്റ്റ് പവര്‍’ സമീപനമാണ് തെരഞ്ഞെടുത്തത്. സാമ്പത്തിക, അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കുള്ള പിന്തുണാ ചെലവുകള്‍, കമ്മ്യൂണിറ്റി കേന്ദ്രീകൃത വികസനം, മാനുഷിക സഹായം എന്നിവ കേന്ദ്രീകരിച്ച് ഇന്ത്യ പ്രവര്‍ത്തിച്ചു. അഫ്ഗാന്‍ പൗരന്മാരില്‍ ഭൂരിഭാഗവും ഇന്ത്യയെക്കുറിച്ച് ക്രിയാത്മക ധാരണ വളര്‍ത്തുന്നു. ഇന്ത്യന്‍ സഹായത്തിന്‍റെ രണ്ടാമത്തെ വലിയ ഗുണഭോക്താവാണ് അവര്‍. സംഘര്‍ഷങ്ങളും അസ്ഥിരതയും ഉണ്ടായിരുന്നിട്ടും, അഫ്ഗാനിസ്ഥാനില്‍ തന്ത്രപരമായ താല്‍പ്പര്യങ്ങളുടെ ശക്തമായ ഒരു പോര്‍ട്ട്ഫോളിയോ ഇന്ത്യ കെട്ടിപ്പടുത്തിട്ടുണ്ട്. മധ്യേഷ്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഇറക്കുമതി-കയറ്റുമതി കേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ ചബഹാര്‍ തുറമുഖം 100 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് വിപുലീകരിച്ചതാണ് ഒരു മികച്ച ഉദാഹരണം.

  സുരക്ഷാ ഡയഗ്നോസ്റ്റിക് ലിമിറ്റഡ് ഐപിഒ

അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ വ്യാപകമായ പങ്ക് വഹിക്കുന്നതിലൂടെ, അമേരിക്കയുമായി തന്ത്രപരമായ ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ ഇന്ത്യക്കുകഴിയും. സേനാ പിന്മാറ്റത്തിനുശേഷം അഫ്ഗാനിസ്ഥാനില്‍ നയതന്ത്രവും മാനുഷികവുമായ ശ്രമങ്ങള്‍ തുടരുമെന്ന് വാഷിംഗ്ടണ്‍ പ്രസ്താവിച്ചിട്ടുണ്ട്. അയല്‍രാജ്യങ്ങള്‍ കൂടുതല്‍ പ്രാധാന്യമുള്ള പങ്ക് വഹിക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ബൈഡന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ടോണി ബ്ലിങ്കനും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ചേര്‍ന്ന് അഫ്ഗാനിസ്ഥാന്‍ കൂട്ടുകെട്ടിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചതായി ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് ദീര്‍ഘവും വിശ്വസനീയവുമായ ഒരു ബന്ധത്തിന്‍റെ വളര്‍ച്ചയായാണ് കരുതപ്പെടുന്നത്. ഇന്ത്യയ്ക്ക് അഫ്ഗാനിലെ സുരക്ഷാ കാര്യങ്ങളില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്ന എല്ലാരാജ്യങ്ങളുമായും ബന്ധപ്പെട്ട് തന്ത്രങ്ങള്‍ ഏകോപിപ്പിക്കാനും കഴിയും.

മാത്രമല്ല, അഫ്ഗാന്‍ ഭൂപ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഐസിസ്-കെ പോലുള്ള തീവ്രവാദ സംഘടനകള്‍ ഈ ഘട്ടത്തില്‍ താരതമ്യേന ചെറിയവരാണ്. അഫ്ഗാനില്‍ സാന്നിധ്യം ഉണ്ടെന്ന് കരുതപ്പെടുന്ന മറ്റ് 19 തീവ്രവാദ സംഘടനകളുണ്ട്. അവസാനം, അഫ്ഗാനിസ്ഥാന്‍റെ അതിര്‍ത്തിക്കകത്തും പുറത്തും ഭീഷണി ഉയര്‍ത്തുന്ന ഗ്രൂപ്പുകള്‍ക്കെതിരായ സാന്നിധ്യമായി താലിബാന്‍ മാറിയേക്കാം.

എന്നാല്‍ഇക്കാര്യത്തില്‍ ഉറപ്പ് പറയാനാകില്ലെന്ന് മാത്രം. എന്നിരുന്നാലും, ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുമ്പോള്‍, കാബൂളിന്‍റെ ആഭ്യന്തര സുരക്ഷാ കാര്യങ്ങളില്‍ നിന്ന് ആരോഗ്യകരമായ അകലം പാലിക്കുന്നതില്‍ ഇന്ത്യ ശ്രദ്ധാലുവായിരിക്കേണ്ടതുണ്ട്. ദീര്‍ഘകാല സ്ഥിരത എന്ന ലക്ഷ്യത്തോടെ വികസന പിന്തുണ വര്‍ദ്ധിപ്പിക്കുക, അഫ്ഗാനിസ്ഥാന് സ്വന്തമായി വളരാനും രൂപം നല്‍കാനും ഇടം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളാകണം ഇന്ത്യക്ക് ഉണ്ടാകേണ്ടത്.

  കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഹീറോ മോട്ടോകോര്‍പ്പും തമ്മിൽ ധാരണാപത്രം

കശ്മീര്‍ വിഷയത്തില്‍ താലിബാന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ടോ എന്ന് കണ്ടറിയേണ്ടതുണ്ട്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍റെ രാഷ്ട്രീയ വിഭാഗത്തിന്‍റെ പ്രതിനിധി സുഹൈല്‍ ഷഹീന്‍ മുമ്പ് ട്വിറ്ററില്‍ ഒരു പ്രസ്താവന നല്‍കിയിരുന്നു. അവര്‍ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നില്ലെന്നതായിരുന്നു അത്. ഇത് പാലിക്കപ്പെടുമോ എന്ന് അറിയേണ്ടതുമുണ്ട്. ഇസ്ലാമിക് എമിറേറ്റ് എന്ന് ഔദ്യോഗികമായി വിശേഷിപ്പിക്കപ്പെടുന്ന താലിബാന്‍റെ രാഷ്ട്രീയ വിഭാഗത്തിന്‍റെ മറ്റൊരു വക്താവ് കഴിഞ്ഞ ആഴ്ചയും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എല്ലാ അയല്‍ക്കാരുമായും നല്ല ബന്ധം തേടുമെന്നാണ് ഇക്കുറിയും അവര്‍ വ്യക്തമാക്കിയത്.

എന്നാല്‍ ഇവരുടെ അഭിഭാപ്രയങ്ങള്‍ നിലനില്‍ക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. ‘ മറ്റൊരു രാജ്യത്തിനോ ഗ്രൂപ്പിനോ വ്യക്തിക്കോ എതിരായി അഫ്ഗാനിസ്ഥാന്‍റെ മണ്ണ് ഉപയോഗിക്കാന്‍ ഇസ്ലാമിക് എമിറേറ്റ് ആരെയും അനുവദിക്കില്ല. ഈ രാജ്യം നിഴല്‍ യുദ്ധങ്ങളുടെയും തര്‍ക്കങ്ങളുടെയും ഒരു മേഖലയാക്കി മാറ്റാനും ഇസ്ലാമിക് എമിറേറ്റ് അനുവദിക്കില്ല’ വക്താവ് മുഹമ്മദ് നയീം വര്‍ദക് ഒരു ദേശീയ ചാനലിനോട് പറഞ്ഞു. പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തി കടന്നുള്ള തര്‍ക്കങ്ങളില്‍ ഇടപെടാന്‍ അവര്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഇത് നല്‍കുന്ന സൂചന.

ജനങ്ങളുടെ മൂല്യങ്ങളുടെ വെളിച്ചത്തില്‍, ഒരു സ്വതന്ത്ര ഇസ്ലാമിക സംവിധാനം സ്ഥാപിക്കുന്നതിലും രാജ്യത്തിന്‍റെ പുനര്‍നിര്‍മാണത്തിലും അഫ്ഗാന്‍ ജനതയെ സ്വാതന്ത്ര്യവും സ്വയാധികാരം നേടുന്നതിലും സഹായിക്കണമെന്ന് ഇസ്ലാമിക് എമിറേറ്റ് എല്ലാവരോടും ആവശ്യപ്പെടുന്നുണ്ട്. അതിനാല്‍, കാബൂളില്‍ ആരാണ് അധികാരം ഏറ്റെടുക്കുന്നതെന്ന് ഇന്ത്യക്ക് നിയന്ത്രിക്കാന്‍ കഴിയില്ലെങ്കിലും, ഭാവിയില്‍ ആര്‍ക്കെങ്കിലും നേട്ടങ്ങള്‍ കൈവരിക്കാനുള്ള വാതില്‍ തുറന്നിടുന്നത് ഇന്ത്യയുടെ ഏറ്റവും നല്ല താല്‍പ്പര്യമായാകും വിലയിരുത്തപ്പെടുക.

Maintained By : Studio3