സ്വകാര്യ കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിന് 250 രൂപ
രണ്ടാം ഘട്ട വാക്സിന്‍ കുത്തിവെപ്പ് മാര്‍ച്ച് ഒന്ന് മുതല്‍
10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 20,000 സ്വകാര്യ കേന്ദ്രങ്ങളിലുമാണ് രണ്ടാം ഘട്ട വാക്സിനേഷന്‍
ന്യൂഡെല്‍ഹി: രാജ്യത്ത് രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന് മാര്‍ച്ച് ഒന്നിന് തുടക്കമാകും. സ്വകാര്യ കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിന് 250 രൂപ ഈടാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 150 രൂപ വാക്സിന്‍ വിലയും 100 രൂപ സര്‍വീസ് ചാര്‍ജും ഉള്‍പ്പടെയുള്ള തുകയാണിത്. അതേസമയം സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ സൗജന്യമായി നല്‍കുന്നത് തുടരും.
10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 20,000 സ്വകാര്യ കേന്ദ്രങ്ങളിലുമാണ് രണ്ടാം ഘട്ട വാക്സിനേഷന്‍ നടക്കുക. ഇതില്‍ സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രികളെ വാക്സിനേഷന്‍ പരിപാടിയുടെ ഭാഗമാക്കിയിട്ടില്ല എന്ന തരത്തില്‍ വരുന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 300ഓളം സ്വകാര്യ ആശപുത്രികളില്‍ വാക്സിനേഷനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി.
60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്.
തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യത്ത് 16,500 ലധികം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കേരളത്തില്‍ ഇന്നലെ 3792 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 73710 സാംപിളുകളാണ് പരിശോധിച്ചത്. 5.14 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആകെ മരണം 4182 ആയി. ചികില്‍സയിലായിരുന്ന 4650 പേരുടെ പരിശോധന ഫലം നെഗറ്റീവായിട്ടുണ്ട്. കോഴിക്കാട് 519 പേരാണ് കോവിഡ് പോസിറ്റീവായത്.