കോവിഡ് നിയന്ത്രണം; കൂടുതല്‍ ഇളവുകളുമായി കേരളം

- ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ എട്ടുമണിവരെ തുറക്കാം
- ബാങ്കുകള്‍ക്ക് എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കേരളം തീരുമാനിച്ചു.
ഡി വിഭാഗം ഒഴികെയുള്ള ഇടങ്ങളില്‍ കടകള്‍ തുറക്കാനുള്ള സമയം നീട്ടി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവുള്ള എ,ബി,സി വിഭാഗമായി കണക്കാക്കിയിട്ടുള്ള പ്രദേശങ്ങളില്‍ എല്ലാത്തരം കടകളും ഒന്നിടവിട്ട ദിവസങ്ങളില്‍ എട്ടുമണിവരെ തുറക്കാം.
ഡി വിഭാഗത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി ഏഴ് മണിവരെ കടകള്‍ തുറക്കാം. ബാങ്കുകള്‍ക്ക് എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിപ്പിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ശനിയും ഞായറും നടപ്പിലാക്കിവരുന്ന വാരാന്ത്യ ലോക്ഡൗണ്‍ തുടരും.
കഴിഞ്ഞ ദിവസം വ്യാപാരികള്‍ എല്ലാ ദിവസവും കടകള്‍ തുറക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ടിപിആര്‍ റേറ്റ് 10ല്‍ കുറയാത്ത സാഹചര്യത്തില്‍ വ്യാപാരികളുടെ ആവശ്യം പൂര്‍ണമായും നടപ്പിലാക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
അതേസമയം സംസ്ഥാനത്ത് സിക്ക വൈറസ് ബാധിതരുടെ എണ്ണം 22 ആയി ഉയര്‍ന്നു. സ്വകാര്യ ആശുപത്രിയിലെ ഡോക്റ്റര്‍ക്ക് ഉള്‍പ്പടെ സിക്ക വൈറസ് സ്ഥിരീകരിച്ചു.
സിക്ക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്ക വൈറസും പരത്തുന്നത്. രോഗാണുബാധയുള്ള ഈഡിസ് കൊതുകിന്‍റെ കടി ഏല്‍ക്കുന്നതിലൂടെയാണ് ഒരാള്‍ക്ക് രോഗം പിടിപെടുന്നത്. ഇടയ്ക്കിടയ്ക്കുള്ള മഴ കാരണം കൊതുക് വളരാന്‍ സാധ്യതയുണ്ട്. വീടുകളും സ്ഥാപനങ്ങളും കൊതുകില്‍ നിന്നും മുക്തമാക്കുകയാണ് ഈ രോഗങ്ങളില്‍ നിന്നും രക്ഷ നേടാനുള്ള പ്രധാന മാര്‍ഗം.