ആസാമില്‍ കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്ന് സുര്‍ജേവാല
1 min readഗുവഹത്തി: 126അംഗ ആസാം നിയമസഭയില്‍ നൂറിലധികം സീറ്റുകള്‍ നേടി കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല. മെയ് അഞ്ചിന് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നത് കോണ്‍ഗ്രസായിരിക്കും. ആദ്യ രണ്ടു ഘട്ടങ്ങളിലെയും വോട്ടെടുപ്പ് നല്‍കുന്ന സൂചന മുന്നണിയുടെ വിജയമാണ്. ഇത്തവണ ആസാമില്‍ ബിജെപി അധികാരത്തില്‍നിന്ന് പുറത്താകുമെന്ന കാര്യത്തില്‍ സംശയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ ജനങ്ങള്‍ അഞ്ച് വര്‍ഷമായി ബിജെപി സര്‍ക്കാരിനെ പരീക്ഷിച്ചു. ഈ സര്‍ക്കാര്‍ ആസാമിലെ സാധ്യമായ വികസനങ്ങളെ ഇല്ലാതാക്കി. സംസ്ഥാനത്തിന്‍റെ സാമൂഹിക-സാംസ്കാരിക ഘടനയെ നശിപ്പിക്കുകയും ചെയ്തു, “സുര്‍ജേവാല മാധ്യമങ്ങളോട് പറഞ്ഞു. ആസാം ഇക്കുറി കോണ്‍ഗ്രസിന് ഒരു നാഴികക്കല്ലായി മാറും. സ്വയം വിജയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയായി ചിത്രീകരിക്കാന്‍ ബിജെപി സര്‍ക്കാര്‍ നിരന്തരം ശ്രമിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. യാഥാര്‍ത്ഥ്യം തികച്ചും വിപരീതമാണ്. 2014 ലെ തെരഞ്ഞെടുപ്പിന് ശേഷം ഉത്തര്‍പ്രദേശിന് പുറമെ ഒരു പ്രധാന സംസ്ഥാന തെരഞ്ഞെടുപ്പിലും ബിജെപി വലിയ വിജയം നേടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പലസംസ്ഥാനങ്ങളിലും ബിജെപി ഭൂരിപക്ഷം നേടിയിട്ടില്ലെങ്കിലും അധികാരത്തിലേക്കുള്ള വഴി അവര്‍ കണ്ടുപിടിക്കുകയായിരുന്നു.ഗുജറാത്തില്‍ ബിജെപി പരാജയത്തിന്‍റെ വക്കിലാണ്. ബീഹാറില്‍ സഖ്യത്തിലൂടെ അധികാരത്തിലെത്തിയ പാര്‍ട്ടി എന്നാല്‍ മധ്യപ്രദേശില്‍ എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി പറഞ്ഞു. മറ്റുള്ളവരുടെ സഹായത്തോടെമാത്രമാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ളത്. ഉത്തരാഖണ്ഡിലെയും ഹിമാചല്‍ പ്രദേശിലെയും സ്ഥിതിവിവരക്കണക്കുകള്‍ ആരില്‍ നിന്നും മറഞ്ഞിട്ടില്ല.ബാക്കി സംസ്ഥാനങ്ങള്‍ അവ പൂര്‍ണമായും നിരസിച്ചു. ‘എതിരാളികളെ ബ്ലാക്ക് മെയില്‍ ചെയ്യുക, ജനാധിപത്യത്തെ അപകടത്തിലാക്കുക, കൊള്ളയടിക്കുക’ ഇതാണ് ബിജെപിയുടെ നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.