അപകീര്‍ത്തികരമായ പ്രസംഗം : ഡിഎംകെ നേതാവിന് രണ്ടു ദിവസം പ്രചാരണ വിലക്ക്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി കെ പളനിസ്വാമിക്കെതിരെ അപമാനകരവും അപകീര്‍ത്തികരവുമായ പ്രസംഗം നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡിഎംകെ എംപിയും മുന്‍ മന്ത്രിയുമായ എ രാജയെ പ്രചാരണത്തില്‍ നിന്ന് വിലക്കി. രണ്ടു ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഡിഎംകെയുടെ താരപ്രചാരകരില്‍ ഒരാളായിരുന്നു രാജ. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജാഗ്രത പാലിക്കണമെന്നും തീവ്രമായ, നീചമായ, അവഹേളിക്കുന്ന, അശ്ലീല പരാമര്‍ശങ്ങള്‍ നടത്തരുതെന്നും ഭാവിയില്‍ സ്ത്രീകളുടെ അന്തസ്സ് കുറയ്ക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാജക്കെതിരായ ആരോപണങ്ങളില്‍ അദ്ദേഹത്തിന്‍റെ മറുപടി തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിന് തൊട്ടുപിന്നാലെയാണ് കമ്മീഷന്‍റെ നടപടി. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തിനതിരെ നേരത്തെ കമ്മീഷന്‍ വിശദീകരണമാവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രാജ തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ച് മറുപടി നല്‍കിയിരുന്നു.മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കമ്മീഷന്‍ നടപടിസ്വീകരിക്കുകയായിരുന്നു.
മാര്‍ച്ച് 27 ന് അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം തമിഴ്നാട്ടിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ മുഖേന കമ്മീഷന് പരാതി നല്‍കിയത്.മാര്‍ച്ച് 26 ന് ആയിരക്കണക്കിന് പേര്‍ തടിച്ചുകൂടിയ തെരഞ്ഞെടുപ്പു യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ രാജ അപമാനകരവും നിന്ദ്യവുമായ പ്രസംഗം നടത്തിയെന്നായിരുന്നു ആരോപണം. തുടര്‍ന്ന് ചീഫ് ഇലക്ടറല്‍ ഓഫീസറില്‍നിന്ന് കമ്മീഷന്‍ വസ്തുതാപരമായ റിപ്പോര്‍ട്ട് തേടിയിരുന്നു. 1951 ലെ ജനപ്രാതിനിധ്യനിയമത്തിലെ വകുപ്പുകള്‍ പ്രകാരം കേന്ദ്ര ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.