പ്രചാരണം തീവ്രമാക്കി ബിജെപി; ചെറുത്തുനിന്ന് ടിഎംസി
1 min readകൂടുതല്‍ തെരഞ്ഞെടുപ്പു റാലികളെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി ബംഗാളിലെത്തും. അമിത് ഷായും സംസ്ഥാനത്ത് നിത്യ സാന്നിധ്യം.ബിജെപി ദീദിയെ വെല്ലുവിളിക്കുന്നത് താരപ്രചാരകരുടെ നീണ്ട നിരയൊരുക്കി. മിഥുന്‍ ചക്രബര്‍ത്തിയും കൂടുതല്‍ വേദികളില്‍.
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നടന്ന ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്ന് പാര്‍ട്ടിയുടെ സംഘടനാപരമായ വിലയിരുത്തലില്‍ പറയുന്നു. ഇവിട ബിജെപി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെക്കാള്‍ വ്യക്തമായ ലീഡ് നേടിയിട്ടുണ്ടെന്നുമാണ് നേതാക്കള്‍ക്ക് ലഭ്യമായ വിവരം. സംസ്ഥാനത്ത് തകര്‍പ്പന്‍ വിജയം സ്വന്തമാക്കുന്നതിന് അടുത്തഘട്ടങ്ങളിലെ പ്രചാരണങ്ങള്‍ അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ പാര്‍ട്ടി തീരുമാനിച്ചു. ഏപ്രില്‍ അവസാനം വരെയുള്ള അടുത്ത നാല് ആഴ്ചകളില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാനത്ത് പ്രചാരണം കൂടുതല്‍ ശക്തമാക്കും. കാരണം ബംഗാള്‍ ഇക്കുറി ബിജെപിക്ക് വളരെ പ്രിയപ്പെട്ടതാണ്.
മാര്‍ച്ച് 7 ന് കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പ് റാലിക്കുശേഷം നിരവധി മെഗാ റാലികളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതല്‍ തവണ ബംഗാളില്‍ എത്തുകയാണ്. മോദിയുടെ പ്രചാരണ യോഗങ്ങളില്‍ അസാധാരണമായ ആള്‍ക്കൂട്ടമാണ് ബംഗാളില്‍ തടിച്ചുകൂടുന്നത്. ഇത് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഉറക്കം കെടുത്തുന്നുണ്ട്. മാറ്റം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് ഇടതുപക്ഷത്തെ അധികാരത്തില്‍നിന്ന് പുറത്താക്കി 2011ല്‍ ഭരണമേറ്റെടുത്ത നേതാവാണ് മമത. എന്നാല്‍ ഇന്നും പ്രഖ്യാപനങ്ങള്‍ മിക്കതും അങ്ങനെതന്നെ തുടരുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ അമര്‍ഷത്തിന് വഴിയൊരുക്കിയിട്ടുണ്ടെന്നാണ ് വിലയിരുത്തല്‍.
ഏപ്രില്‍ 27 ന് അവസാനഘട്ട തെരഞ്ഞെടുപ്പിനുള്ള പ്രചരണം അവസാനിക്കുന്നതുവരെ നാല് ആഴ്ചയ്ക്കുള്ളില്‍ പ്രധാനമന്ത്രി 10 മുതല്‍ 12 വരെ റാലികളെ അഭിസംബോധന ചെയ്തേക്കുമെന്ന് ബിജെപി നേതാക്കള്‍തന്നെ പറയുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നിരവധി റാലികളെ അഭിസംബോധന ചെയ്യുകയും റോഡ് ഷോകള്‍ നടത്തുകയും ചെയ്യുന്നു. പ്രചാരണം അതി തീവ്രമാക്കാന്‍ ഇതും സഹായകമായി. കൂടുതല്‍ റാലികളും റോഡ്ഷോകളും ഉള്‍പ്പെടുത്തുന്നതിനായി സംസ്ഥാന ബിജെപി നേതൃത്വം എല്ലാ മുതിര്‍ന്ന പ്രചാരകരുടെയും ഷെഡ്യൂളുകള്‍ പരിഷ്കരിക്കുകയാണ്.
മോദി, അമിത് ഷാ എന്നിവരെ കൂടാതെ നദ്ദ, യോഗി ആദിത്യനാഥ്, സ്മൃതി ഇറാനി, രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, ശിവരാജ് സിംഗ് ചൗഹാന്‍, ഷഹനവാസ് ഹുസൈന്‍, രഘുബാര്‍ ദാസ് , അര്‍ജുന്‍ മുണ്ട, ജുവല്‍ ഓറം തുടങ്ങിയവര്‍ പ്രചാരണത്തിനായി കൂടുതല്‍ തവണ ബംഗാള്‍ സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം താരപ്രചാരകരുടെ പട്ടികയില്‍ ജ്യോതിരാദിത്യ സിന്ധ്യയെയും ബിജെപി ഉള്‍പ്പെടുത്തി. . നേരത്തെ ആസൂത്രണം ചെയ്തതിനേക്കാള്‍ കൂടുതല്‍ റോഡ്ഷോകളില്‍ നടന്‍ മിഥുന്‍ ചക്രബര്‍ത്തി പങ്കെടുക്കാനും തീരുമാനമായി.
സുവേന്ദു അധികാരിയുടെ പ്രചാരണ ഷെഡ്യൂളുകളും ബിജെപി പരിഷ്കരിക്കുകയാണ്. സംസ്ഥാനത്ത് അദ്ദേഹം കൂടുതല്‍ റാലികളെ അഭിസംബോധന ചെയ്യും. തന്‍റെ നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ മേധാവിത്വം നേടാനുള്ള തൃണമൂലിന്‍റെ ശ്രമങ്ങളെ ധീരമായി ചെറുത്തുനിന്ന അധികാരിക്ക് ഇന്ന് വംഗനാട്ടില്‍ ഇന്ന് ഒരു വീര പരിവേഷമുണ്ട്. പ്രത്യേകിച്ചും എതിര്‍ സ്ഥനാര്‍ത്ഥി മമത തന്നെ ആയിരുന്ന സാഹചര്യത്തില്‍. ശക്തമായ അടിത്തറയും സ്വാധീനവുമുള്ള നേതാവാണ് അധികാരി. രാഷ്ട്രീയത്തില്‍ അദ്ദേഹം തികഞ്ഞ പോരാളിയുമാണ്. കൂടുതല്‍ തീവ്രമായി പ്രചാരണം നടത്താനും അദ്ദേഹത്തിന്‍റെ സംഘടനാപരമായ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്താനും പാര്‍ട്ടി ശ്രമിക്കുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. താരങ്ങളായ ഹിരാന്‍ ചാറ്റര്‍ജി, യഷ് ദാസ് ഗുപ്ത, പായല്‍ സര്‍ക്കാര്‍, ശ്രബന്തി ചാറ്റര്‍ജി തുടങ്ങിയ സെലിബ്രിറ്റികളും ബിജെപിയുടെ പ്രചാരണത്തിന് കൊഴുപ്പേകും.
‘മമതാ ബാനര്‍ജിക്കും അവരുടെ പാര്‍ട്ടിക്കുമെതിരെ ജനങ്ങള്‍ക്കിടയില്‍ വ്യാപകവും തീവ്രവുമായ ഭരണ വിരുദ്ധതയുണ്ട് എന്നതാണ് സര്‍വേകളുടേയും വിപുലമായ ഫീഡ്ബാക്കിനെയും അടിസ്ഥാനമാക്കിയുള്ള ബിജെപിയുടെ വിലയിരുത്തല്‍. ആദ്യ രണ്ട്ഘട്ടങ്ങളില്‍ തൃണമൂലിനെതിരെ വോട്ടുചെയ്യാനുള്ള ശ്രമങ്ങളാണ് ജനങ്ങള്‍ നടത്തിയത്. അത് അടുത്ത ആറ് ഘട്ടങ്ങളില്‍ തൃണമൂലിനെതിരെ വോട്ടുചെയ്യാനുള്ള ആത്മവിശ്വാസം കൂടുതല്‍ ആളുകള്‍ക്ക് നല്‍കും, “ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.
ഈ ആത്മവിശ്വാസം വളര്‍ത്താന്‍ ബിജെപിക്ക് അധികാരം നല്‍കണം. അതിനുള്ള ഒരു മാര്‍ഗ്ഗം, ആയുധശേഖരത്തിലെ എല്ലാ ആയുധങ്ങളും പുറത്തെടുക്കുകയും അതിന്‍റെ പ്രഹരശേഷി വര്‍ദ്ധിപ്പിക്കുകയും തീവ്രമാക്കുകയും ചെയ്യുക എന്നതാണ്. അതുകൊണ്ടാണ് മമത ബാനര്‍ജിക്കും തൃണമൂലിനും നേരെയുള്ള ആക്രമണങ്ങള്‍ മൂര്‍ച്ചയുള്ളത്.
‘ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍, അടുത്ത പോളിംഗ് ഘട്ടങ്ങളില്‍ കൂടുതല്‍ ആളുകള്‍ തൃണമൂലിനെതിരെ വോട്ടുചെയ്യാനുള്ള ധൈര്യം സംഭരക്കും. സംസ്ഥാനത്തെ മറികടക്കുന്ന നിരവധി കേന്ദ്ര-സംസ്ഥാന നേതാക്കളുടെ സാന്നിധ്യവും മമത ബാനര്‍ജിക്കെതിരായ അവരുടെ കടുത്ത പ്രചാരണവും ഭരണവിരുദ്ധതയ്ക്ക് മൂര്‍ച്ച കൂട്ടുകയേയുള്ളൂ, “ഘോഷ് പറഞ്ഞു. മമത ബാനര്‍ജിയെയും പാര്‍ട്ടിയെയും നിശിതമായി വിമര്‍ശിച്ചതിന് ജനങ്ങളുടെ പ്രതികരണം വളരെ മികച്ചതാണ്.
തൃണമൂല്‍ മേധാവിയോടും അവരുടെ പാര്‍ട്ടി നേതാക്കളോടും കടുത്തതും വ്യാപകവുമായ അസംതൃപ്തി നിലനില്‍ക്കുന്നുവെന്ന് ഇത് കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അടുത്ത ആറ് ഘട്ടങ്ങളിലേക്കുള്ള തന്ത്രം ബിജെപി മികച്ചരീതിയില്‍ തയ്യാറാക്കുകയാണ്. മമതയുടെ ഭരണകാലത്തെ അഴിമതികള്‍ , കുഭകോണങ്ങള്‍ ജനവിരുദ്ധ നടപടികള്‍, ചിട്ടിത്തട്ടിപ്പ്, കട്ട്മണി സംവിധാനം തുടങ്ങി അനവധി വിഷയങ്ങളാണ് ബിജെപി പുറത്തെടുക്കുന്നത്. ദീദിയുടെ ഭരണകാലത്തെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇന്ന് അവര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ വെല്ലുവിളിയെ അവര്‍ അതിജീവിച്ചാല്‍ ജനാധിപത്യ ഇന്ത്യയില്‍ മമതയുടെ സ്ഥാനം വളരെ ഉയരത്തിലായിരിക്കും. തകര്‍ന്നാല്‍ നേരെ വിപരീതവും.
അമിത് ഷാ ബംഗാളില്‍ ഇരുനൂറിലധികം സീറ്റുകള്‍ നേടുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതിലുപരിയായ പ്രചാരണവും ബംഗാളിനെ ഇന്ന് പിടിച്ചു കുലുക്കുന്നുണ്ട്. ബിജെപിയുടെ പ്രചാരണങ്ങളോട് കിടപിടിക്കുന്ന രീതിയില്‍ത്തന്നെയാണ് ദീദിയും ജനങ്ങള്‍ക്കിടയിലേക്കിറങ്ങുന്നത്. കൂട്ടിന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്‍റെ ഉപദേശങ്ങളും നിര്‍ദേശങ്ങളുമുണ്ട്. കൊട്ടിക്കലാശത്തില്‍ ആരുവാഴും ആരുവീഴും എന്നതിന് ഇപ്പോഴും വ്യക്തതയായിട്ടില്ലെന്ന് നിരീക്ഷകര്‍ കരുതുന്നു