വാണിജ്യ വായ്പാ വളര്‍ച്ച കൊറോണയ്ക്ക് മുന്‍പുള്ള തലത്തിലെത്തി
1 min readഇസിഎല്‍ജിഎസ് നടപ്പാക്കിയ ശേഷം ഇക്കഴിഞ്ഞ ജൂണില്‍ വായ്പാ ഉത്ഭവങ്ങള്‍ മുന്‍ വര്‍ഷം ജൂണിനെ അപേക്ഷിച്ച് 115 ശതമാനം ഉയര്‍ന്നു
ന്യൂഡെല്‍ഹി: സര്‍ക്കാരിന്‍റെ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്കീം (ഇസിഎല്‍ജിഎസ്) പ്രകാരം വാണിജ്യ വായ്പയ്ക്കായുള്ള അന്വേഷണങ്ങള്‍ കൊറൊണയ്ക്ക് മുന്‍പുള്ള തലത്തിലേക്ക് തിരിച്ചെത്തിയെന്ന് ട്രാന്‍സ്യൂണിയന്‍ സിബില്‍-സിഡ്ബി എംഎസ്എംഇ പള്‍സ് റിപ്പോര്‍ട്ടിന്‍റെ ഏറ്റവും പുതിയ പതിപ്പ് വ്യക്തമാക്കുന്നു. ജൂണില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 58 ശതമാനം ഉയര്‍ച്ചയാണ് വാണിജ്യ വായ്പകള്‍ക്കായുള്ള അന്വേഷണങ്ങളില്‍ പ്രകടമായിരുന്നത് എങ്കില്‍ ഡിസംബറില്‍ അത് 13 ശതമാനത്തിലേക്ക് തിരിച്ചെത്തി. കോവിഡ് -19-ന് മുമ്പുള്ള വളര്‍ച്ചാ നിലവാരത്തിന് സമാനമാണ് ഇത്.
2020 സെപ്റ്റംബറില്‍ ഇന്ത്യയിലെ മൊത്തം ബാലന്‍സ് ഷീറ്റ് വാണിജ്യ വായ്പാ എക്സ്പോഷര്‍ 71.25 ലക്ഷം കോടി രൂപയായിരുന്നു, വാര്‍ഷിക വളര്‍ച്ചാ നിരക്ക് 2.1 ശതമാനം. എംഎസ്എംഇ വിഭാഗത്തില്‍ 2020 സെപ്റ്റംബര്‍ വരെ 19.09 ലക്ഷം കോടി രൂപയാണ് ക്രെഡിറ്റ് എക്സ്പോഷര്‍. 5.7 ശതമാനം വളര്‍ച്ചയാണ് ഇത് കാണിക്കുന്നത്. ഈ ക്രെഡിറ്റ് വളര്‍ച്ച എംഎസ്എംഇ വായ്പയുടെ എല്ലാ ഉപവിഭാഗങ്ങളിലും കാണപ്പെടുന്നു.
2020 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ എംഎസ്എംഇ വായ്പാ ഉത്ഭവ വളര്‍ച്ച 30 ശതമാനത്തിലധികമാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കോവിഡ് -19 ലോക്ക്ഡൗണിന്‍റെ ഫലമായി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഈ വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറഞ്ഞിരുന്നു. ഇസിഎല്‍ജിഎസ് നടപ്പാക്കിയ ശേഷം ഇക്കഴിഞ്ഞ ജൂണില്‍ വായ്പാ ഉത്ഭവങ്ങള്‍ മുന്‍ വര്‍ഷം ജൂണിനെ അപേക്ഷിച്ച് 115 ശതമാനം ഉയര്‍ന്നു. എംഎസ്എംഇ വായ്പാ ഉത്ഭവത്തിലെ ശക്തമായ തിരിച്ചുവരവിന് എക്സിസ്റ്റിംഗ്-ടു-ബാങ്ക് (ഇടിബി) വിഭാഗമാണ് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വായ്പാദാതാവുമായി വാണിജ്യ വായ്പാ ബന്ധം നിലവിലുള്ള വായ്പക്കാരെയാണ് ഇടിബി എന്ന് നിര്‍വചിച്ചിരിക്കുന്നത്. നിലവിലുള്ള വായ്പക്കാര്‍ക്ക് അവരുടെ വായ്പയുടെ 20 ശതമാനം വായ്പ അധികമായി നല്‍കുന്നതിന് ഇസിഎല്‍ജിഎസ് വായ്പാദാതാക്കള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. തല്‍ഫലമായി, ഇസിഎല്‍ജിഎസ് നടപ്പാക്കിയ ആദ്യ മാസത്തില്‍ ഇടിബി വായ്പ ഉത്ഭവം വലിയ തോതില്‍ ഉയര്‍ന്നു. അതിനുശേഷം, ഈ കുതിപ്പ് ഇല്ലാതെയായി എങ്കിലും ഇടിബി ഉത്ഭവം മികച്ച നിലയില്‍ തുടരുന്നു. മറുവശത്ത്, ന്യു-ടു-ബാങ്ക് (എന്‍ടിബി) വിഭാഗത്തിലെ വായ്പാ ഉത്ഭവം കോവിഡ് 19ന് മുമ്പുള്ള തലത്തിലേക്ക് വീണ്ടെടുക്കുന്നത് ശ്രമകരമായി തുടരുകയാണ്.