December 3, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സംവിധാനങ്ങളുമായി എയര്‍ ഇന്ത്യ സാറ്റ്‌സ്

1 min read

കൊച്ചി, ഡിസംബര്‍ 3, 2025: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പൂര്‍ണ്ണമായ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് (എഐസാറ്റ്‌സ്) രാജ്യത്തെ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ വിപുലീകരിച്ചു. എഐസാറ്റ്‌സിന്‍റെ സേവനം ലഭ്യമായ കേരളത്തിലെ രണ്ടാമത്തെയും ഇന്ത്യയിലെ എട്ടാമത്തെയും വിമാനത്താവളമായ കൊച്ചിയില്‍ പ്രാരംഭ ഘട്ടത്തില്‍ എഐസാറ്റ്‌സ് പരിശീലനം സിദ്ധിച്ച 150 ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച് ജീവനക്കാരുടെ എണ്ണം വർധിപ്പിക്കും. ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യോമയാന കേന്ദ്രങ്ങളിലൊന്നില്‍ ഭാവി സജ്ജമായ സാങ്കേതിക വിദ്യ, അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷ സംവിധാനങ്ങള്‍, സുസ്ഥിര ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സംവിധാനങ്ങള്‍ എന്നിവ ലഭ്യമാക്കുകയാണ് എയര്‍ ഇന്ത്യ സാറ്റ്‌സ്. ബാത്തിക് എയര്‍, തായ് ലയണ്‍ എയര്‍ എന്നിവയില്‍ തുടങ്ങി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി സര്‍വ്വീസ് നടത്തുന്ന മുഴുവന്‍ ആഭ്യന്തര-അന്താരാഷ്ട്ര വിമാന കമ്പനികള്‍ക്കും സേവനം നല്‍കുന്നതിനായുള്ള പ്രവര്‍ത്തനത്തിനാണ് എയര്‍ ഇന്ത്യ സാറ്റ്‌സ് തുടക്കമിടുന്നത്. നൂതന സാങ്കേതികവിദ്യകളും ആഗോള നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും പരിസ്ഥിതി സൗഹൃദ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സംവിധാനങ്ങളും ഉപയോഗിച്ച് ആഗോള നിലവാരത്തിലുള്ള മികച്ച സേവനം നല്‍കാനുള്ള എഐസാറ്റ്‌സിന്‍റെ പ്രതിബദ്ധതയാണ് ഇവിടെ കാണുന്നത്. 28ലധികം എയര്‍ലൈനുകള്‍ വന്നുപോകുന്ന കൊച്ചി വിമാനത്താവളത്തില്‍ 60,000 ടണ്ണിലധികം കാര്‍ഗോയും ഒരു കോടിയിലധികം യാത്രക്കാരുമാണ് 2024 സാമ്പത്തിക വര്‍ഷം എത്തിയത്. കാര്യക്ഷമവും സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതവും സുരക്ഷയെ മുന്‍നിര്‍ത്തിയുമുള്ള ആവശ്യങ്ങള്‍ ഇവിടെ വര്‍ധിച്ചു വരികയാണ്. എഐസാറ്റ്‌സിന്‍റെ വരവോടെ പുതു തലമുറ സേവന പ്ലാറ്റ്‌ഫോമുകള്‍, ഓട്ടോമാറ്റിക് വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്‍റ് ടൂളുകള്‍, എന്‍ഡ് ടു എന്‍ഡ് ബാഗേജ് ട്രാക്കിംഗ് സാങ്കേതിക വിദ്യകള്‍ എന്നിവ യാത്രക്കാർക്ക് ലഭ്യമാകും. ഇന്ത്യയില്‍ അതിവേഗം വളരുന്ന എവിയേഷന്‍ രംഗത്തെ പിന്തുണയ്ക്കുകയെന്ന എഐസാറ്റ്‌സിന്‍റെ ദൗത്യത്തിലെ ഒരു നിര്‍ണായക ഘട്ടമാണ് കൊച്ചിയിലേക്കുള്ള തങ്ങളുടെ ഈ വരവെന്ന് എഐസാറ്റ്‌സ് സിഇഒ രാമനാഥന്‍ രാജാമണി പറഞ്ഞു. കൊച്ചിയെ കേന്ദ്രീകരിച്ച് കേരളത്തില്‍ നിന്നും ആഭ്യന്തര- അന്താരാഷ്ട്ര ഇടങ്ങളിലേക്ക്, പ്രത്യേകിച്ച് ഗള്‍ഫ്, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെയും കാര്‍ഗോയുടേയും വളര്‍ച്ച ശക്തമാവുകയാണ്. കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ലോകോത്തര സുരക്ഷ, സാങ്കേതികവിദ്യ, സേവന മികവ് തുടങ്ങിയവ കൊണ്ടുവരാനും പ്രാദേശിക തൊഴിലാളികള്‍ക്ക് തൊഴിലും നൈപുണ്യ വികസനത്തിനുള്ള അവസരങ്ങളും സൃഷ്ടിക്കാന്‍ സാധിക്കും. സിയാലുമായി ചേര്‍ന്ന് ഭാവിയെ മുന്നില്‍കണ്ടുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കാനും എയര്‍ലൈനുകള്‍ക്കും യാത്രക്കാര്‍ക്കും ഒരേപോലെ മികച്ച അനുഭവം നല്‍കാനുമാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാത്രക്കാര്‍ക്ക് മികച്ച രീതിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങള്‍ നല്‍കുക എന്നതാണ് സിയാലിന്‍റെ പ്രവര്‍ത്തന ലക്ഷ്യമെന്ന് കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടിന്‍റെ മാനേജിംഗ് ഡയറക്‌ടര്‍ എസ്. സുഹാസ് പറഞ്ഞു. മികച്ച പ്രവര്‍ത്തന പാരമ്പര്യമുള്ള എയര്‍ ഇന്ത്യ സാറ്റ്‌സുമായുള്ള സഹകരണത്തിലൂടെ തങ്ങളുടെ പ്രവര്‍ത്തന മികവിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സാധിക്കും. ഈ സഹകരണം കേരളത്തിലെ വ്യോമ ഗതാഗത മേഖലയുടെ വളര്‍ച്ചക്ക് ഊര്‍ജം നല്‍കുകയും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. കൂടാതെ സിയാലിനെ ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമവും യാത്രാ-സൗഹൃദവുമായ വിമാനത്താവളങ്ങളില്‍ ഒന്നായി നിലനിര്‍ത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ വ്യോമയാന മേഖല അഭൂതപൂർവമായ വളർച്ച കൈവരിക്കുകയും ഗൾഫ്-ഇന്ത്യ-തെക്കുകിഴക്കൻ ഏഷ്യൻ വ്യോമ ഇടനാഴിയിൽ കേരളം തന്ത്രപരമായ പങ്ക് വഹിക്കുകയും ചെയ്യുന്ന സമയത്താണ് ഐസാറ്റ്സ് കൊച്ചിയിലേക്ക് എത്തുന്നത്. പുതുതായി നടപ്പിലാക്കിയ ദേശീയ സുരക്ഷാ ചട്ടപ്രകാരമുള്ള ഡിജിസിഎ സേഫ്റ്റി ക്ലിയറന്‍സ് ലഭിച്ച ഇന്ത്യയിലെ ആദ്യ ഗ്രൗണ്ട് ഹാന്‍ഡ്‌ലറാണ് എഐസാറ്റ്‌സ്. വിമാനങ്ങളുടെ പുറംഭാഗങ്ങൾ കഴുകുന്നതിനായുള്ള ഇന്ത്യയിലെ ആദ്യത്തെ റോബോട്ടിക് ഡ്രൈ വാഷ് സംവിധാനം, ഗ്രൗണ്ട് റഡാർ റിയൽ ടൈം റിസോഴ്‌സ് അലോക്കേഷൻ പ്ലാറ്റ്‌ഫോം, ഇലക്ട്രിക് ജിഎസ്ഇ, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ബോർഡിംഗ് റാമ്പുകൾ എന്നിവയുൾപ്പെടെയുള്ള നിരവധി ഹരിത സംരംഭങ്ങൾക്ക് തുടക്കമിട്ട എഐസാറ്റ്‌സ് സുസ്ഥിരവും സാങ്കേതികമായി അത്യാധുനികവുമായ വിമാനത്താവള പ്രവർത്തന മാതൃകകൾ സൃഷ്‌ടിക്കുന്നത് തുടരുകയാണ്. നിലവില്‍ ബെംഗളൂരു, ഡെല്‍ഹി, ഹൈദരാബാദ്, മംഗളൂരു, തിരുവനന്തപുരം, റാഞ്ചി, റയ്‌പൂര്‍, കൊച്ചി തുടങ്ങിയ എട്ട് വിമാനത്താവളങ്ങളിലാണ് എഐസാറ്റ്‌സ് പ്രവര്‍ത്തിക്കുന്നത്. ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗിന് പുറമെ ബെംഗളൂരുവിലെ എഐസാറ്റ്‌സ് ലോജിസ്റ്റിക്‌സ് പാര്‍ക്ക്, നോയിഡ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ 87 ഏക്കര്‍ വിസ്തൃതിയില്‍ ഒരുങ്ങുന്ന മള്‍ട്ടി-മോഡല്‍ കാര്‍ഗോ ഹബ് എന്നിവയുള്‍പ്പടെയുള്ള കാര്‍ഗോ ഇന്‍ഫ്രാസ്ട്രക്‌ചര്‍ സ്വിധാനങ്ങള്‍ വികസിപ്പിക്കാനും കമ്പനി നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും ആധുനികമായ കാര്‍ഗോ സൗകര്യമായിത്തീരുമെന്ന പ്രതീക്ഷിക്കുന്ന നോയിഡയിലെ ഈ ഹബ് കാര്‍ഗോ ലജിസ്റ്റിക്‌സിന്‍റെ ഭാവിയെ പുതുക്കി നിര്‍വചിക്കും. ട്രെയിനിംഗ് അക്കാദമികള്‍, പ്രാദേശവാസികള്‍ക്ക് തൊഴില്‍ നല്‍കല്‍, ഗ്രൗണ്ട് സര്‍വീസസ്, എയര്‍സൈഡ് ഓപ്പറേഷന്‍സ്, കാര്‍ഗോ ലജിസ്റ്റിക്‌സ് എന്നിവയിലുടനീളം ദീര്‍ഘകാല കരിയര്‍ അവസരങ്ങള്‍ നല്‍കുന്നതിലൂടെ പ്രാദേശിക പ്രതിഭകളെ വളര്‍ത്തുന്നതിലും എയര്‍ ഇന്ത്യ സാറ്റ്‌സ് പ്രതിജ്ഞാബദ്ധമാണ്.

  ഹഡില്‍ ഗ്ലോബല്‍ ഏജന്‍റിക് എഐ ഹാക്കത്തോണിന് അപേക്ഷിക്കാം 

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3