സിഎംഐഇ നിരീക്ഷണം – തൊഴില്‍ സേനയ്ക്ക് പ്രായാധിക്യം; ശക്തമായ വീണ്ടെടുപ്പിന് അനുകൂലമല്ല
1 min readതൊഴില്‍ നഷ്ടപ്പെട്ടവരില്‍ 65 ശതമാനവും ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളും
“2020 ഡിസംബറോടെ ഇന്ത്യയിലെ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറയുക മാത്രമല്ല ഗുണപരമായി മോശമാവുകയും ചെയ്തുവെന്നത് ഊഹിക്കാൻ എളുപ്പമാണ്. ഇന്ത്യന്‍ തൊഴില്‍സേനയില്‍ സംഭവിച്ച ഈ ആഘാതം, കുത്തനേ തിരിച്ചുവരാന്‍ ലക്ഷ്യമിടുന്ന ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെ കാര്യങ്ങള്‍ തെന്നിമാറുന്ന അവസ്ഥയില്‍ എത്തിക്കാം, ” സിഎംഐഇ ചൂണ്ടിക്കാണിക്കുന്നു.
ന്യൂഡെല്‍ഹി: 40 വയസ്സിന് താഴെയുള്ളവരുടെ ഉയർന്ന തൊഴിൽ നഷ്ടം തൊഴിൽ ശക്തിയുടെ പ്രായമാകലിന് കാരണമായിട്ടുണ്ട് എന്നും ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ വീണ്ടെടുപ്പിന് അനുകൂലമല്ലെന്നും സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) നിരീക്ഷിക്കുന്നു. 2019-20 ൽ 56 ശതമാനമായിരുന്നു തൊഴില്‍ ശക്തിയില്‍ 40 വയസ്സിനു മുകളിലുള്ളവരുടെ വിഹിതം എങ്കില്‍ 2020 ഡിസംബറോടെ ഇത് 60 ശതമാനമായി ഉയർന്നതായി അടുത്തിടെ പുറത്തിറങ്ങിയ സിഎംഇഇ ഡാറ്റ കാണിക്കുന്നു.
“താരതമ്യേന ചെറുപ്പക്കാരുടെ വിഹിതം ചുരുങ്ങിയിരിക്കുന്നു. തൊഴിലാളികളുടെ ഈ പ്രായാധിക്യം വീണ്ടും 2020-21-ന്‍റെ രണ്ടാം പകുതിയിലോ ഭാവിയിലോ ശക്തമായ വീണ്ടെടുക്കല്‍ നടത്തുന്നതിന് അനുകൂലമല്ല,” ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. 2019-20 ലെ കണക്ക് പ്രകാരം ബിരുദധാരികൾക്കും ബിരുദാനന്തര ബിരുദധാരികൾക്കും മൊത്തം തൊഴിലിൽ 13 ശതമാനം പങ്കുണ്ട്. തൊഴിൽ നഷ്ടപ്പെടുന്നതിൽ അവരുടെ പങ്ക് 65 ശതമാനമായിരുന്നു. സിഎംഇഇ-യുടെ കണക്കനുസരിച്ച്, നഷ്ടപ്പെട്ട 14.7 ദശലക്ഷം ജോലികളിൽ 9.5 ദശലക്ഷം ബിരുദധാരികളുടെയും ബിരുദാനന്തര ബിരുദധാരികളുടെയും ജോലിയാണ്.
മഹാമാരിയും മറ്റ് കാരണങ്ങളും മൂലമുളള തൊഴിൽ നഷ്ടം കൂടുതലായും പ്രായം കുറഞ്ഞ തൊഴിലാളികളിൽ കേന്ദ്രീകരിച്ചിട്ടുണ്ടെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. 40 വയസ്സിന് താഴെയുള്ള എല്ലാ പ്രായക്കാർക്കും നടപ്പു സാമ്പത്തിക വർഷം ഡിസംബർ വരെയുള്ള കാലയളവില്‍ തൊഴിൽ പങ്കാളിത്തത്തില്‍ ഇടിവുണ്ടായപ്പോള്‍ 40 വയസ്സിന് മുകളിലുള്ള എല്ലാ പ്രായക്കാർക്കും തൊഴില്‍ പങ്കാളിത്തത്തിലെ വിഹിതം ചെറുതായി വര്‍ധിച്ചു.
കൂടാതെ, 2019-20 ലെ കണക്ക് അനുസരിച്ച് മൊത്തം തൊഴിൽ സേനയുടെ 21 ശതമാനമാണ് ശമ്പളക്കാരായ ജീവനക്കാര്‍. മൊത്തം തൊഴിൽ നഷ്ടത്തിന്‍റെ 71 ശതമാനം ഈ വിഭാഗത്തില്‍ നിന്നായിരുന്നു എന്നും ഡാറ്റ വിശദീകരിക്കുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന് ശേഷം 9 മാസം പിന്നിടുമ്പോള്‍, ലോക്ക്ഡൗണിന് മുമ്പുണ്ടായിരുന്നതിനെ അപേക്ഷിച്ച് ഏകദേശം 15 ദശലക്ഷം ആളുകളുടെ കുറവാണ് തൊഴിലുള്ളവരുടെ വിഭാഗത്തില്‍ കാണുന്നത്
നഗരപ്രദേശങ്ങള്‍, സ്ത്രീകൾ, താരതമ്യേന ചെറുപ്പക്കാരായ തൊഴിലാളികൾ, ബിരുദധാരികൾ, ബിരുദാനന്തര ബിരുദധാരികൾ, ശമ്പളമുള്ള ജോലിക്കാർ എന്നിവയില്‍ കേന്ദ്രീകരിച്ചാണ് തൊഴില്‍വെട്ടിച്ചുരുക്കലുകള്‍ നടന്നിട്ടുള്ളതെന്നും സിഎംഐഇ പറഞ്ഞു.