കൊറോണ വൈറസിനെ കൊല്ലുന്ന മാസ്‌കുമായി പന്ത്രണ്ടാംക്ലാസുകാരി
1 min readപശ്ചിമബംഗാളിലെ പൂര്‍ബ ബര്‍ധമാന്‍ ജില്ലയില്‍ നിന്നുള്ള ദിഗന്തിക ബോസാണ് വൈറസിനെ നശിപ്പിക്കുന്ന മാസ്‌കിന് രൂപം നല്‍കിയിരിക്കുന്നത്
പശ്ചിമബംഗാളിലെ പൂര്‍ബ ബര്‍ധമാന്‍ ജില്ലയില്‍ നിന്നുള്ള പന്ത്രണ്ടാം ക്ലാസുകാരിയായ ദിഗന്തിക ബോസ് അവകാശപ്പെടുന്നത് താന്‍ കണ്ടുപിടിച്ച മാസ്‌ക് കൊറോണ വൈറസിനെ കൊല്ലുമെന്നാണ്. ഇതിന് മുമ്പും ഇത്തരത്തിലുള്ള കണ്ടുപിടിത്തങ്ങള്‍ നടത്തിയിട്ടുള്ള ദിഗന്തിക കോവിഡ്-19ന്റെ ആദ്യ തരംഗം അലയടിച്ചപ്പോഴാണ് വൈറസിനെ കൊല്ലുന്ന മാസ്‌കിന്റെ പണിപ്പുരയിലേക്ക് കടന്നത്. ദിഗന്തികയുടെ ഈ നൂതന മാസ്‌ക് മുംബൈയില്‍ ഗൂഗിളിനമ്#റെ മ്യൂസിയം ഓഫ് ഡിസൈന്‍ എക്‌സലന്‍സില്‍ പ്രദര്‍ശിപ്പിക്കും.
പ്രധാനമായും മൂന്ന് അറകളാണ് ദിഗന്തികയുടെ മാസ്‌കിനുള്ളത്. മാത്രമല്ല വായുവിലെ പൊടിപടലങ്ങളെ വേര്‍തിരിക്കുന്നതിനുള്ള നെഗറ്റീവ് അയേണ്‍ ജനറേറ്ററും ഈ മാസ്‌കിനുണ്ട്. പൊടിപടലങ്ങള്‍ നീക്കം ചെയ്യപ്പെട്ട വായു രണ്ടാമത്തെ ചേംബറിലൂടെ സോപ്പുവെള്ളമടങ്ങിയ മൂന്നാമത്തെ ചേംബറിലെത്തുമ്പോള്‍ വൈറസ് നശിക്കുമെന്നാണ് ദിഗന്തിക അവകാശപ്പെടുന്നത്. സോപ്പുവെള്ളം വൈറസിനെ കൊല്ലുമെന്ന് എല്ലാവര്‍ക്കുമറിയാമെന്നൂം അതിനാല്‍ വായു മൂന്നാമത്തെ ചേംബറിലെത്തുമ്പോള്‍ അവിടെയുള്ള രാസലായനി വായുവിടലടങ്ങിയ വൈറസുകളെ നശിപ്പിക്കുമെന്നും ഈ യുവ ശാസ്ത്രജ്ഞ വിശദീകരിക്കുന്നു.
സമാനമായി, കോവിഡ് ബാധിതനായ ഒരു വ്യക്തി ഈ മാസ്‌ക് ധരിക്കുമ്പോള്‍ അവര്‍ നിശ്വസിക്കുന്ന വായുവും ഈ ചേംബറുകളിലൂടെ കടന്നുപോകുകയും അങ്ങനെ അവരുടെ ശരീരത്തില്‍ നിന്നും പുറത്തേക്ക് വരുന്ന രോഗാണു വായുവില്‍ ലയിക്കും മുമ്പ് നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതിനാല്‍ വൈറസ് വ്യാപനം തടുക്കാനും ഈ മാസ്‌ക് പ്രയോജനപ്രദമായിരിക്കും. ഈ മാസ്‌കിന്റെ ഉപയോഗം സംബന്ധിച്ച് കൂടുതല്‍ പരീക്ഷിണങ്ങള്‍ നടത്തുന്നതിനും കോവിഡ്-19 പകര്‍ച്ചവ്യാധി തടയാനുള്ള അതിന്റെ ശേഷി അളക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടതായി ദിഗന്തിക പറഞ്ഞു. പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ തനിക്ക് ലഭ്യമായ സാമഗ്രികള്‍ ഉപയോഗിച്ചാണ് ദിഗന്തിക ഈ മാസ്‌കിന് രൂപം നല്‍കിയത്.
ഇത്തരത്തിലുള്ള കണ്ടുപിടിത്തങ്ങളോട് നേരത്തെ തന്നെ ദിഗന്തികയ്ക്ക് ഇഷ്ടമുണ്ട്. മുമ്പ് സുന്ദര്‍ബന്നിലെ ഗ്രാമവാസികള്‍ക്കായി ദിഗന്തിക ഒരു കണ്ണാടി ഉണ്ടാക്കിക്കൊണ്ടുത്തിരുന്നു. തിരിഞ്ഞുനോക്കാതെ തന്നെ പിറകിലുള്ള കാര്യങ്ങള്‍ കാണാന്‍ സഹായിക്കുന്ന ഈ കണ്ണാടി പിറകില്‍ നിന്നും ആക്രമിക്കുന്ന വന്യമൃഗങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഗ്രാമവാസികള്‍ക്ക് ഏറെ ഉപകാരപ്പെട്ടിരുന്നു. മൂന്ന് തവണ എപിജെ അബ്ദുല്‍കലാം ജ്വാല അവാര്‍ഡ് നേടിയ മിടുക്കി കൂടിയാണ് ദിഗന്തിക. ചെവിക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത സൗകര്യപ്രദമായ മാസ്‌ക് കണ്ടുപിടിച്ചതിനാണ് ഏറ്റവുമൊടുവില്‍ ദിഗന്തികയ്ക്ക് ഈ അവാര്‍ഡ് ലഭിച്ചത്.